കേരളം

kerala

പതിനൊന്ന് വർഷമായിട്ടും പെരിയയിൽ എയര്‍സ്ട്രിപ്പ് വന്നില്ല ; വീടിന്‍റെ അറ്റകുറ്റപ്പണി പോലും ചെയ്യാനാകാതെ പ്രദേശവാസികൾ

By

Published : Feb 3, 2023, 6:08 PM IST

സര്‍ക്കാര്‍ 2011ല്‍ അംഗീകാരം നല്‍കിയ പെരിയ എയര്‍സ്ട്രിപ്പ് പദ്ധതിയാണ് പതിനൊന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ലാതെ കടലാസിൽ മാത്രമായത്

പെരിയ എയര്‍സ്ട്രിപ്പ്  kasaragod  kasaragod latest news  kasaragod  കാസര്‍കോട്  kasaragod local news  periya  Report on kasaragod periya airstrip  പെരിയയിൽ എയര്‍സ്ട്രിപ്പ്  കിഫ്ബി
പെരിയ എയര്‍സ്ട്രിപ്പ്

പെരിയ എയര്‍സ്ട്രിപ്പ് കടലാസില്‍ തന്നെ

കാസര്‍കോട് : എയര്‍സ്ട്രിപ്പിനായുള്ള കാത്തിരിപ്പിലാണ് കാസർകോട് പെരിയയിലെ ജനങ്ങൾ. 2011ല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കിലും പതിനൊന്ന് വർഷങ്ങൾക്കിപ്പുറവും പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാണ്. ഇതോടെ ദുരിതത്തിലായത് പ്രദേശവാസികളാണ്.

2011ൽ സംസ്ഥാന സർക്കാർ എയർ സ്ട്രിപ്പ് പദ്ധതി പ്രഖ്യാപിച്ചപ്പോൾ കാസർകോടുകാർക്ക് അത് വികസന സ്വപ്‌നങ്ങളിലേക്കുള്ള പുതിയ പ്രതീക്ഷയായിരുന്നു. ബേക്കല്‍ ടൂറിസത്തിന് ഉള്‍പ്പടെ പ്രയോജനപ്പെടുമെന്ന് പറഞ്ഞാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ ഇപ്പോൾ ഇവിടെ വികസനം മുരടിച്ച അവസ്ഥയാണ്.

പദ്ധതിക്കായി കണ്ടെത്തിയ പ്രദേശത്ത് 16 കുടുംബങ്ങള്‍ക്കാണ് സ്ഥലമുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാളുകളായി പ്രദേശവാസികൾ ആശങ്കയിലാണ്. പത്ത് വർഷമായി വീടിന്‍റെ അറ്റകുറ്റ പണി പോലും നടത്താൻ കഴിയുന്നില്ലെന്നാണ് ഉടമസ്ഥർ പറയുന്നത്.

2016 ൽ കേന്ദ്ര വ്യോമയാന വകുപ്പ് പദ്ധതിക്കായി അനുമതി നൽകിയിരുന്നു. ഇതിനായി കണ്ടെത്തിയ 80 ഏക്കര്‍ ഭൂമിയിൽ 51 ഏക്കര്‍ സ്വകാര്യ വ്യക്തികളുടേതാണ്.29 ഏക്കറാണ് സര്‍ക്കാരിന്‍റേത്.

യഥാർഥത്തിൽ പദ്ധതി നടപ്പിലാക്കാനുള്ള ഏകോപനമാണ് പാളിയത്. സാധ്യതാപഠനത്തിന്‍റെ ചുമതല സിയാലിനെയാണ് ഏല്‍പ്പിച്ചത്. ഡിപിആര്‍ തയാറാക്കിയതിനപ്പുറം യാതൊരു നടപടിയും ഉണ്ടായില്ല. പിന്നീട് പദ്ധതി നടത്തിപ്പിനായി ബിആർഡിസിയെ ചുമതലപ്പെടുത്തി. എന്നിട്ടും തുടർ ചലനങ്ങൾ സംഭവിച്ചില്ല.

ഉഡാന്‍ വിഭാഗത്തില്‍പ്പെടുത്തി പെരിയയിലെ എയര്‍സ്ട്രിപ്പ് പദ്ധതിക്ക് കേന്ദ്ര–വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പ് കിഫ്ബി വിദഗ്‌ധ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിക്കുമെന്ന പുതിയ പ്രഖ്യാപനമാണ് അന്ന് ഉണ്ടായത്. എന്തായാലും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് കാസർകോടുകാർ.

ABOUT THE AUTHOR

...view details