കാസർകോട്:തേനിയിലും ഗൂഡല്ലൂരിലും കാണുന്ന, വള്ളികൾക്കിടയിലെ മുന്തിരി സൗന്ദര്യം കാസർകോട് ജില്ല ജയിലിലും. ഒറ്റയ്ക്കും കൂട്ടമായും തൂങ്ങിക്കിടക്കുന്ന പച്ചക്കുലകൾക്കിടയിൽ ചിലത് കറുപ്പിന്‍റെ അഴക് പിടിച്ചുതുടങ്ങിയിട്ടുണ്ട്. ചെമ്മട്ടംവയലിൽ ജില്ല ആശുപത്രിയോട് ചേർന്നാണ് ജയിൽ പ്രവർത്തിക്കുന്നത്.
ഉദ്യോഗസ്ഥരും അന്തേവാസികളും ചേർന്നാണ് ജയിലിനുസമീപം മുന്തിരിത്തോട്ടം ഒരുക്കിയത്. 2018 ലാണ് ഇവിടെ ചെടികൾ നട്ടത്. തുടർച്ചയായി മൂന്നാം തവണയാണ് മുന്തിരിപ്പന്തൽ പതിവുതെറ്റാതെ കുലച്ചത്. ഇത്തവണ കൂടുതൽ വിളവ് ഉണ്ടായെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കാസർകോട് ജില്ല ജയില്‍ വളപ്പിലെ മുന്തിരിത്തോട്ടം ശ്രദ്ധേയമാകുന്നു കഴിഞ്ഞ വർഷം 10 കിലോ മുന്തിരിയാണ് ലഭിച്ചത്. ജയിലിന്‍റെ വനിത വിഭാഗം സെല്ലിന് മുന്‍പിലാണ് മുന്തിരിത്തോട്ടം. ഇവിടുത്തെ ബയോഗ്യാസ് പ്ലാന്‍റിൽ നിന്നുള്ള വളമാണ് ഉപയോഗിക്കുന്നത്. പുറമെ, ജയിലിലെ പാചകത്തിനുള്ള പയറും വഴുതനങ്ങയും പച്ചമുളകും മറ്റും വിപണിയിൽ നിന്ന് വാങ്ങേണ്ടി വരാറില്ല. ഭൂരിഭാഗവും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
ആകെയുള്ള 30 സെന്‍റ് സ്ഥലത്താണ് ആരെയും ആകർഷിക്കുന്ന മുന്തിരി, പച്ചക്കറി തോട്ടങ്ങളും പുറമെ പൂച്ചെടികളും നട്ടുപരിപാലിക്കുന്നത്. കൃഷിയൊരുക്കിയ ഹരിതാഭ, തടവുകാരുടെ മനം കുളിർപ്പിക്കും. അവർ നല്ല മനുഷ്യരായി പുറത്തുപോകണം. തെറ്റായ ചിന്ത അവർക്കുണ്ടാകരുത്. ഇതൊക്കെയാണ് ഈ പ്രവൃത്തി ചെയ്യാൻ പ്രേരണയാവുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.