കണ്ണൂർ : ഏച്ചൂർ കോട്ടത്തിനടുത്തുള്ള സാനു പ്രണോയ് എന്ന 25 കാരൻ മികച്ച ഒരു ചിത്രകാരൻ ആണ്. ചെറുപ്പം മുതൽ ചിത്രരചനയോട് തോന്നിയ കമ്പം സാനു സ്വയം വളർത്തിയെടുക്കുകയായിരുന്നു. ചെറു ചിത്രങ്ങൾ വരച്ച് തീർക്കുന്നതിനപ്പുറം ചിത്രങ്ങളുടെ വേറിട്ട വഴികൾ തേടിയായിരുന്നു ശാസ്ത്രീയമായി ചിത്ര രചന പഠിക്കാത്ത സാനുവിന്‍റെ യാത്ര മുഴുവനും. അങ്ങനെയാണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടുകൂറ്റൻ പോപ് ആർട്ടിൽ എത്തിപ്പെട്ടത്.
2022 ജൂലൈയിൽ ആണ് സാനുവിന്‍റെ ഇഷ്‌ട താരം കൂടിയായ റൊണാൾഡോയുടെ പോപ് ആർട്ടിന് തുടക്കമിട്ടത്. വ്യത്യസ്‌ത നിറത്തിലുള്ള ചാർട്ടുകൾ ശേഖരിച്ചു. പതിയെ പതിയെ വരച്ചു തുടങ്ങി. പൂർണമായും ഇതിൽ ശ്രദ്ധ ചെലുത്താതെ വെറുതെ കിട്ടുന്ന സമയങ്ങളിൽ ഓരോ ചാർട്ട് പേപ്പറിലായി വരച്ചൊരുക്കി.
ഒടുവിൽ മാസങ്ങളുടെ പരിശ്രമങ്ങൾക്ക് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 25 അടി നീളവും 15 അടി വീതിയും ഉള്ള പോപ് ആർട്ട് സാനു പ്രണോയ് തയ്യാറാക്കിയത്. ചാർട്ട് പേപ്പറിൽ വർണ്ണക്കടലാസുകളും പെയിന്‍റും ഉപയോഗിച്ചാണ് റൊണാൾഡോയെ വലിയ കാൻവാസിലേക്ക് സാനു പകർത്തിയത്.
104 ചാർട്ട് പേപ്പറിന് മുകളിൽ പലതരത്തിലുള്ള വർണ്ണ കടലസുകൾ ഉപയോഗിച്ചാണ് റൊണാൾഡോയെ വലിയ പ്രതലത്തിലേക്ക് പകർത്തിയത്. ഈ ചാർട്ടുകൾ ഒട്ടിച്ച് ചേർത്തു ഓരോന്നായി നിവർത്തി യോജിപ്പിക്കുന്നത്തോടെയാണ് ചിത്രം പൂർണമാവുന്നത്. വർണ്ണ കടലസുകൾ ഉപയോഗിക്കുന്നതോടൊപ്പം വേണ്ടിടത്ത് കളർ നൽകി ഫെവിക്കോൾ അല്ലെങ്കിൽ മറ്റേതെങ്കിലും പശ കൊണ്ട് ഒട്ടിച്ചാണ് പോപ് ചിത്രങ്ങൾ ഒരുക്കുന്നത്.