കേരളം

kerala

Kannur Stray Dog Attack | 'അതിദാരുണം', കണ്ണീരിൽ കുതിർന്ന് മുഴുപ്പിലങ്ങാട് ഗ്രാമം, നിഹാലിന്‍റെ സംസ്‌കാരം ഇന്ന്

By

Published : Jun 12, 2023, 12:07 PM IST

Updated : Jun 12, 2023, 1:05 PM IST

11 വയസുകാരനായ നിഹാല്‍ നൗഷാദ് ഓട്ടിസം ബാധിതനായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു കുട്ടിയെ കാണാതായത്.

kannur stray dog attack  nihal  kannur stray dog attack nihal  kannur dog attack  കണ്ണൂര്‍ മുഴിപ്പിലങ്ങാട്  തെരുവ് നായ ആക്രമണം  നിഹാല്‍  കണ്ണൂര്‍  തെരുവുനായ്ക്കൾ  നിഹാല്‍ നൗഷാദ്
Kannur Stray Dog Attack

നിഹാലിന്‍റെ മരണത്തില്‍ പ്രദേശവാസികള്‍

കണ്ണൂർ: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി നിഹാല്‍ നൗഷാദിന്‍റെ മൃതദേഹം ഇന്നലെ (ജുണ്‍ 11) രാത്രിയോടെയാണ് കണ്ടെടുത്തത്. ഇതിന്‍റെ ഞെട്ടലിലാണ് ഇപ്പോഴും പ്രദേശവാസികൾ. വൈകുന്നേരം 4.30 ഓടെയായിരുന്നു നിഹാലിനെ കാണാതായത്.

മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഓട്ടിസം ബാധിച്ച നിഹാലിനെ മുമ്പും ഇത്തരത്തിൽ കാണാതായിട്ടുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. വീടിന് അര കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ കാലിന് കീഴ്‌പ്പോട്ട് വിശദീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള മുറിവുകളാണുണ്ടായിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. നായ്ക്കൾ കൂട്ടത്തോടെ വരുന്നത് കണ്ടാണ് പ്രദേശവാസികൾ അന്വേഷിച്ചത്. അവിടെയെത്തിയപ്പോഴാണ് ദാരുണമായ വിധത്തിൽ കുട്ടി മുറിവേറ്റ് കിടക്കുന്നത് കണ്ടത്.

സംസാരശേഷിയില്ലാത്ത കുഞ്ഞായതിനാൽ ആക്രമണം നടക്കുമ്പോൾ നിലവിളിക്കാനോ ഒച്ച വയ്‌ക്കാനോ സാധിക്കാതെ നിഹാൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. തെരുവ് പട്ടികൾ കൂടുതൽ ഉള്ള പ്രദേശം ആണെന്നും നിരവധി തവണ അധികാരികളെ അറിയിച്ചതാണെന്നും പ്രദേശവാസികൾ പറയുന്നു.

നാട്ടിലെ കുഞ്ഞുമോനെ പറ്റി പറയുമ്പോൾ നൂറുനാവാണിവർക്ക്. ഒന്നിലധികം തെരുവുനായ്ക്കൾ ചേർന്നാകാം കുഞ്ഞിനെ ആക്രമിച്ചിട്ടുണ്ടാകുക എന്നാണ് കരുതുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉച്ചയോടെ മൃതദേഹം സംസ്‌കരിക്കും.

തെരുവ് നായ ആക്രമണം പെരുകുന്നു:കണ്ണൂരില്‍ ആട്, പശു, കോഴി, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ നായ്‌ക്കൂട്ടം ആക്രമിക്കുന്നത് പതിവ് വാര്‍ത്തകളാണ്. മലയോര മേഖലയിൽ വളർത്തുമൃഗങ്ങളെ നായക്കൂട്ടം കടിച്ചുകീറുന്ന സംഭവങ്ങളും നിരവധിയാണ്. അതിനിടയിലാണ് ആക്രമണ പരമ്പര മനുഷ്യനിലേക്കും എത്തിയത്.

ദിവസങ്ങൾക്ക് മുമ്പ് പാനൂരിനടുത്ത് ചമ്പാട് സ്‌കൂളിൽ നിന്നും തിരിച്ചുവരുന്ന കുട്ടിയെ നായ്‌ക്കൂട്ടം കടിച്ചുപറിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് നായയുടെ ആക്രമണത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ചത്. ഇതിനടുത്ത ദിവസം തന്നെ പാനൂരിനടുത്ത് ഒന്നര വയസുകാരിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. മുഖത്താണ് കുട്ടിക്ക് കടിയേറ്റത്.

എടക്കാട് കെട്ടിനകത്ത് 11കാരന്‍ നിഹാലിനുണ്ടായ ദാരുണാന്ത്യം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. വീട്ടുമുറ്റത്തായാലും സ്‌കൂൾ പരിസരത്തായാലും കുട്ടികൾ സുരക്ഷിതരല്ലെന്ന സൂചനയാണ് ഇത് നൽകുന്നത്. കുട്ടികൾ സ്‌കൂളിൽ പോകുന്ന വഴിയിലും നാട്ടുമ്പുറങ്ങളിലെ ഇടവഴികളിൽ പോലും അലഞ്ഞുതിരിയുന്ന നായ്‌ക്കൂട്ടങ്ങൾ ഏറെയാണ്.

നായകളെ കണ്ട് ഭയന്നു ഓടിയാൽ പിന്നെ ഇവ സംഘം ചേർന്ന് പിന്നാലെ ചെന്ന് ആക്രമിക്കും. വഴിയാത്രക്കാരെ ഒറ്റപ്പെട്ട് നടക്കുന്ന നായകൾ ഓടിച്ചെന്ന് കടിക്കുന്ന സംഭവങ്ങൾ കുറവാണ്. കൂട്ടംചേർന്ന് നടക്കുന്ന നായകൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ആളുകൾ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്‌ടങ്ങൾ തിന്നുകഴിയുന്ന നായക്കൂട്ടങ്ങൾ ഇടയ്ക്ക് സംഘടിച്ചു ഭക്ഷണം തേടിയിറങ്ങും. വളർത്തുമൃഗങ്ങളെയാണ് ഇവ കൂടുതലായും ആക്രമിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ അഞ്ചും പത്തും നായകൾ അടങ്ങിയ കൂട്ടമാണ് വഴിയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണി സൃഷ്‌ടിച്ച് കറങ്ങി നടക്കുന്നത്.

നഗരപ്രദേശങ്ങളില്‍ നായകളുടെ എണ്ണം പെരുകുന്ന അവസ്ഥയാണ്. ഈ അവസ്ഥയില്‍ കുട്ടികളെ എങ്ങനെ പുറത്തേക്ക് വിടും എന്നാണ് നാട്ടുകാരും ചോദിക്കുന്നത്. ഓരോ മാസങ്ങളിലും നിരവധി പേരാണ് ആശുപത്രികളില്‍ നായ്‌ക്കളുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തുന്നത്. പ്രതിരോധ കുത്തിവയ്‌പ്പിനുള്ള മരുന്നു പോലും ആശുപത്രികളിൽ ലഭ്യമല്ലാത്തതിനാൽ കടിയേറ്റവർ കുത്തിവയ്‌പ്പിന് ആശുപത്രി തേടി നെട്ടോട്ടം ഓടേണ്ട സ്ഥിതിയുമുണ്ട്.

നോക്കുകുത്തിയായി വന്ധ്യംകരണ കേന്ദ്രങ്ങൾ:കൊട്ടിഘോഷിച്ചു ഉദ്ഘാടനം ചെയ്‌ത പല വന്ധ്യംകരണ കേന്ദ്രങ്ങളും നോക്ക് കുത്തികളാകുന്ന കാഴ്‌ചകളാണ്. പ്രദേശവാസികളുടെ എതിർപ്പും പട്ടി പിടിത്തക്കാരുടെ കുറവും കേന്ദ്രങ്ങളുടെ മുന്നോട്ട് ഉള്ള പോക്കിന് വിലങ്ങു തടി ആകുന്നു

Also Read :കണ്ണൂരില്‍ 10 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു; മരിച്ചത് ഭിന്നശേഷിയുള്ള കുട്ടി

Last Updated : Jun 12, 2023, 1:05 PM IST

ABOUT THE AUTHOR

...view details