കേരളം

kerala

കൂത്തുപറമ്പിലെ വെടിമുഴക്കത്തിന് 29 ആണ്ട് ; അഞ്ചുപേരുടെ മരണത്തിനിടയാക്കിയ പൊലീസ് നടപടി

By ETV Bharat Kerala Team

Published : Nov 24, 2023, 8:12 AM IST

Updated : Nov 25, 2023, 9:06 AM IST

KoothuParamba Police Firing Memorial Day : മന്ത്രി എംവി രാഘവനെ തടയുകയായിരുന്നു ഡിവൈഎഫ്ഐക്കാരുടെ ലക്ഷ്യം. കൈകളില്‍ കരിങ്കൊടിയും പിടിച്ച് അഞ്ഞൂറോളം യുവാക്കള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ അത്യുച്ചത്തില്‍ വിളിച്ചു. പ്രതിഷേധത്തിരയിളക്കത്തിനുനേരെ തോക്കുകള്‍ തീ തുപ്പി. തലങ്ങും വിലങ്ങും വെടിയൊച്ച മുഴങ്ങി. അഞ്ച് പേര്‍ ജീവനറ്റ് നിലത്തുവീണു. പിടഞ്ഞുവീണിട്ടും ജീവന്‍ കൈവിടാത്ത പുഷ്‌പന്‍ ഇന്നും ജീവിക്കുന്നു നീറുന്ന ഓര്‍മകളുമായി.

kuthparambfire  dyfi protest  police firing  5 dead in kuthuparamb  mvr  mv ragavan  mv nikesh and mv ragavan  cmp leader  കൂത്തുപറമ്പ് രക്തസാക്ഷികള്‍  ഡിവൈഎഫ്ഐ സമരം  കരിങ്കൊടി സമരം  5 സഖാക്കള്‍ കൊല്ലപ്പെട്ടു  കണ്ണൂരില്‍ സംഘര്‍ഷം  പാമ്പ് വളര്‍ത്തല്‍ കേന്ദ്രങ്ങള്‍  kannur snake park  pariyaram mch
Kuthuparamba Police Firing Memorial Day

കൂത്തുപറമ്പ് ഓര്‍മയ്ക്ക് 29 വയസ്

കണ്ണൂര്‍ :കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് 29 വയസ്സ്. 1994 നവംബര്‍ 25നാണ് ഡി.വൈ.എഫ്.ഐയുടെ അഞ്ച് യുവാക്കള്‍ കൂത്തുപറമ്പില്‍ രക്തസാക്ഷിത്വം വരിച്ചത്. അന്നത്തെ സഹകരണ മന്ത്രി എംവി രാഘവനെ കരിങ്കൊടി കാട്ടി തടയാനുളള ശ്രമം സംഘര്‍ഷത്തിലേക്ക് വഴിമാറി, പിന്നെ ലാത്തിച്ചാര്‍ജും വെടിവയ്പ്പും‌. പൊതു വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ക്കെതിരെ സമരം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് മര്‍ദ്ദനം നടന്ന കാലമായിരുന്നു.

ജില്ല സഹകരണ ബാങ്കിലെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് കൂത്തുപറമ്പ് സഹകരണ ബാങ്കിന്‍റെ ഉദ്‌ഘാടനത്തിനെത്തുന്ന മന്ത്രി എംവി രാഘവനെ തടയാന്‍ ഡിവൈഎഫ്ഐ തീരുമാനിച്ചു. രാവിലെ 11.45ന് കൂത്തുപറമ്പിലെത്തിയ രാഘവനെ തടയാന്‍ അഞ്ഞൂറോളം യുവാക്കളെത്തിയിരുന്നു. രാഘവനുനേരെ അക്രമമുണ്ടാവുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആയിരത്തിലേറെ പൊലീസുകാര്‍ സ്ഥലത്ത് കേന്ദ്രീകരിച്ചു.

ആദ്യം മന്ത്രിക്കുനേരെ പ്രതിഷേധക്കാര്‍ ഗോബാക്ക് വിളിച്ചു. പിന്നീട് കരിങ്കൊടി കാട്ടി. ഈ സമയം മന്ത്രിക്ക് നേരെ കുപ്പിച്ചില്ലും കല്ലേറും വന്നു. അതോടെ സ്ഥിതി നിയന്ത്രണാതീതമായി. മന്ത്രിയെ രക്ഷിക്കാന്‍ എന്ന പേരില്‍ പൊലീസ് വെടിയുതിര്‍ത്തു. ഈ വെടിവയ്പ്പി‌ല്‍ അഞ്ച് യുവാക്കള്‍ മരിച്ചുവീണു. ഡിവൈഎഫ്ഐ ജില്ല വൈസ് പ്രസിഡണ്ട് കെകെ രാജീവന്‍, പ്രവര്‍ത്തകരായ ഷിബുലാല്‍, ബാബു, മധു, റോഷന്‍, എന്നിവര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുതുക്കുടിയില്‍ പുഷ്പന്‍ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയാണ്.

ലാത്തിയും തോക്കും കൊണ്ട് സമരക്കാരെ പോലീസ് നേരിട്ടു. ഈ സമയം തന്നെ വധിക്കുകയായിരുന്നു ഡിവൈഎഫ്ഐക്കാരുടെ ലക്ഷ്യമെന്ന് രാഘവന്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ജില്ലയില്‍ ദിവസങ്ങളോളം അക്രമങ്ങളുടെ പരമ്പരയായിരുന്നു. നിരവധി യുഡിഎഫ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. വെടിവയ്പ്പി‌ന് പിന്നാലെ മന്ത്രി എംവി രാഘവനെ വധിക്കാന്‍ ശ്രമിച്ച കുറ്റം ചുമത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെങ്കിലും പിന്നീട് അവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.

ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് കൂത്തുപറമ്പ് സംഭവത്തെക്കുറിച്ച് ആദ്യമായി അന്വേഷണം നടത്തിയത്. മുംബൈ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എച്ച്. സുരേഷ്, അലഹബാദ് ഹൈക്കോടി മുന്‍ ജഡ്ജി ജസ്റ്റിസ് ഹരിസ്വരൂപ് എന്നിവരുള്‍പ്പെട്ട ട്രിബ്യൂണല്‍ പോലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി.

കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കൂത്തുപറമ്പില്‍ വെടിവയ്പ്പ്‌ നടത്തിയതെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. വെടിവയ്പ്പു‌മായി ബന്ധപ്പെട്ട് മന്ത്രി എംവി രാഘവന്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് ടിടി ആന്‍റണി, ഡിവൈഎസ്‌പി ഹക്കീം ബത്തേരി, എഎസ്‌പി രവതചന്ദ്രശേഖര്‍ മറ്റ് പൊലീസുകാര്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.

ജില്ല ജഡ്ജി പത്മനാഭന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡിഐജിയായിരുന്ന ശേഖരന്‍ മിനിയോടന്‍ അന്വേഷണം നടത്തി എംവി രാഘവന്‍, ടിടി ആന്‍റണി, ഹക്കീം ബത്തേരി, എന്നിവരെ അറസ്റ്റ് ചെയ്‌തു. എഎസ്‌പി രവത ചന്ദ്രശേഖറിനും വെടിവയ്പ്പി‌ല്‍ നേരിട്ട് പങ്കെടുത്ത പതിനാല് പൊലീസുകാര്‍ക്കുമെതിരെ നടപടിയുണ്ടായി. എന്നാല്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഐജി അല്‍ഫോണ്‍സ് ലൂയിസ് ഇറയിലിന്‍റെ നേതൃത്വത്തില്‍ മറ്റൊരു അന്വേഷണം നടത്തി തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ദീര്‍ഘനാള്‍ കേസ് നടന്നെങ്കിലും 2001 ജൂലായ് 12ന് സുപ്രീം കോടതി എഫ് ഐആര്‍ റദ്ദാക്കിയതോടെ കൂത്തുപറമ്പ് കേസ് എങ്ങുമെത്താതായി.

Last Updated : Nov 25, 2023, 9:06 AM IST

ABOUT THE AUTHOR

...view details