കേരളം

kerala

രുചിയുടെ മമ്പറം പെരുമ; വസന്തന്‍റെ തട്ടുകടയും രുചി വൈവിധ്യങ്ങളും

By ETV Bharat Kerala Team

Published : Jan 16, 2024, 7:59 PM IST

Updated : Jan 18, 2024, 4:01 PM IST

Mambaram tea stall: നരോത്ത് വസന്തന്‍റെ മമ്പറത്തെ ചായക്കടയോട് പ്രിയമാണ് ഇവിടത്തുകാർക്ക്. പ്രദേശവാസികൾക്ക് മാത്രമല്ല സഞ്ചാരികളുടെയും ഇഷ്‌ട ഇടമാണ് ഈ ചായക്കട.

Vasanthante Chayakkada  Mambaram tea stall Kannur  വസന്തന്‍റെ ചായക്കട  കണ്ണൂർ കൂത്തുപറമ്പ മമ്പറം ടീസ്റ്റാൾ
Vasanthante Chayakkada

Vasanthante Chayakkada; Kannur Koothuparamba mambaram tea stall

കണ്ണൂര്‍: സുഖിയന്‍റെ രുചിയറിയണമെങ്കില്‍ മമ്പറത്തെ വസന്തന്‍റെ ചായക്കടയിലെത്തണം (Vasanthante Chayakkada). കണ്ണൂര്‍-കൂത്തുപറമ്പ റോഡില്‍ (Kannur Koothuparamba Road) മമ്പറം ബസ് സ്റ്റോപ്പിന് സമീപത്തെ മരത്തണലില്‍ ഒരു ചായക്കടയുണ്ട്. കഷ്‌ടിച്ച് നാല്പ്പത് ചതുരശ്രയടി വിസ്‌തീര്‍ണം മാത്രമുള്ള ഈ ചായക്കട ഇന്ന് പലഹാര പ്രേമികളുടെ രുചിയുടെ കേന്ദ്രമായി മാറുകയാണ്.

നരോത്ത് വസന്തന്‍റേതാണ് ഈ ചായക്കട. ഇവിടെ ചായയും പലഹാരങ്ങളുമെല്ലാം തയ്യാറാക്കുന്നത് വസന്തൻ തന്നെയാണ്. മമ്പറം ടീ സ്റ്റാള്‍ (Mambaram tea stall) എന്ന പേരില്‍ പഞ്ചായത്തിന്‍റെ ലൈസന്‍സൊക്കെ ഉണ്ടെങ്കിലും വസന്തന്‍റെ ചായക്കട എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കടയുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ ബോര്‍ഡൊന്നുമില്ലെങ്കിലും രുചിയുടെ പേരില്‍ ഈ കട പ്രശസ്‌തിയുടെ പടവില്‍ എത്തി നില്‍ക്കയാണ്.

കാലത്ത് 8.30ന് തുറക്കുന്ന ഈ ചായക്കട ഇന്ന് യാത്രികരുടെയും തദ്ദേശീയരുടെയും രുചിയുടെ താവളമാണ്.
ചായക്കൊപ്പം പരിപ്പുവടയാണ് ആദ്യം തയ്യാറാവുന്നത്. പരിപ്പുവട കഴിക്കാന്‍ പതിവുകാര്‍ കൃത്യസമയത്തു തന്നെ എത്തും. കടയില്‍ കയറി നില്‍ക്കാന്‍ ഇടമില്ലെങ്കിലും ചുടു ചായക്കൊപ്പം പലഹാരം ആസ്വദിച്ച് റോഡരികില്‍ നിന്ന് കഴിക്കുന്നതാണ് പതിവ്.

ഈ ജനപ്രിയ ചായക്കടയില്‍ സമയ ബന്ധിതമായി ഓരോ പലഹാരവും തയ്യാറാക്കും. ചായ തയ്യാറാക്കുന്നതിന്‍റെ ഇടവേളയിലാണ് തുടര്‍ച്ചയായി ഓരോ പലഹാരവും ഒരുക്കുന്നത്. പരിപ്പുവട കഴിഞ്ഞാല്‍ പിന്നെ ഉണ്ടാക്കുന്നത് ബോണ്ടയാണ്. ഉരുളക്കിഴങ്ങും ഉള്ളിയും മസാല ചേര്‍ത്ത് മാവില്‍ മുക്കി പൊരിച്ചെടുക്കും.

ചായ ഉണ്ടാക്കുന്നതിന്‍റെ തൊട്ടുപിറകില്‍ ചീനച്ചട്ടിയില്‍ എണ്ണ തിളക്കുന്നുണ്ടാകും. ഓരോ പലഹാരവും തീരുന്നതിന് മുമ്പ് അടുത്തതിനുളള തയ്യാറെടുപ്പു നടത്തും. ബോണ്ട കഴിഞ്ഞാല്‍ പിന്നെ വരുന്നത് സുഖിയനാണ്. കടലപ്പരിപ്പില്‍ ശര്‍ക്കര ചേര്‍ത്ത് മധുരം നല്‍കിയതിന് ശേഷം ജീരകവും ഏലക്കായും ചേര്‍ത്താണ് ഇവിടത്തെ സുഖിയന്‍. നാവിനും മനസ്സിനും സുഖം നല്‍കുന്ന സുഖിയന്‍ കഴിച്ചാല്‍ പരിപ്പ് പ്രഥമന്‍ കഴിച്ചപോലെ തോന്നും.

വൈകീട്ടത്തെ നാല് മണി പലഹാരത്തിന് സുഖിയനൊപ്പം പഴം പൊരിച്ചതാണ് മറ്റൊരിനം. കടയിലെ മൂന്ന് തട്ടുളള കൊച്ചു ഗ്ലാസ് അലമാരയില്‍ സുഖിയനും ബോണ്ടയും പഴം പൊരിയും എല്ലാം നിറച്ച് വെക്കും. ചൂടൊഴിഞ്ഞ് പോകാതെ പലഹാര പ്രിയര്‍ക്ക് നല്‍കാനുള്ള കരുതലും ഉടമയായ വസന്തന്‍ മറക്കാറില്ല.

ഒരു ചായക്കടയുടെ രൂപവും ഭാവവും ഇല്ലാത്ത ഈ കടയില്‍ നാട്ടുകാര്‍ക്കെന്ന പോലെ സഞ്ചാരികളുടേയും ലഘു ഭക്ഷണത്തിനുളള ഇടത്താവളമാണ്. വസന്തന്‍റെ കടയിലെത്തുന്നവര്‍ ഭൂരിഭാഗവും പതിവുകാരാണ്. സഞ്ചാരികളും മമ്പറത്തെ ഈ ചായക്കട ആശ്രയിക്കുന്നു. സമീപത്തെ ഓട്ടോ-ടാക്‌സി ജീവനക്കാര്‍ക്കും ഈ കടയാണ് ഇഷ്‌ട കേന്ദ്രം.

ഒരു ദിവസം ഉപയോഗിച്ച എണ്ണ അടുത്ത ദിവസം ഉപയോഗിക്കുന്ന പതിവ് വസന്തനില്ല. കൃത്രിമമായ നിറമോ രുചിയോ ചേര്‍ക്കാറുമില്ല. അതുകൊണ്ടുതന്നെ വീടുകളിലേക്കും പാഴ്‌സലായി പലഹാരം കൊണ്ടുപോകുന്ന പതിവുകാരും ഇവിടെ എത്തുന്നു. രുചിയും ഗുണമേന്മയുമുളള പലഹാരങ്ങള്‍ക്കും ചായക്കും മിതമായ വിലയുമാണ്. പത്ത് രൂപ വീതമാണ് പലഹാരങ്ങള്‍ക്കും ചായക്കും ഈടാക്കുന്നത്. കരിപിടിച്ച ഭിത്തിയും ഈ വർഷവും പതിവ് തെറ്റിക്കാതെ മാറ്റിയിട്ട കലണ്ടറും കുറിച്ചിട്ടത് ചായക്കടയുടെ മുപ്പത് വർഷത്തെ പഴക്കമാണ്.

Last Updated :Jan 18, 2024, 4:01 PM IST

ABOUT THE AUTHOR

...view details