കണ്ണൂർ: നിയമസഭ കൈയാങ്കളി ക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ സര്‍ക്കാരിനുമെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. നിയമസഭയുടെ ചരിത്രത്തില്‍ ഭരണകക്ഷി ചെയ്യാന്‍ പാടില്ലാത്ത ക്രൂരകൃത്യമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്‌തത്. യുഡിഎഫ് അംഗങ്ങള്‍ വി ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തിയെന്നും പ്രതിപക്ഷത്തെ വനിത അംഗങ്ങളും യുഡിഎഫിന്‍റെ അതിക്രമം നേരിട്ടുവെന്നും ഇപി ജയരാജന്‍ ആരോപിച്ചു.
യുഡിഎഫ് പ്രക്ഷോഭത്തിലൂടെ ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷത്തെ അവഹേളിച്ചെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപണം ഉന്നയിച്ചു. നിയമസഭയില്‍ സംഘര്‍ഷമുണ്ടായതിന്‍റെ തലേ ദിവസം തന്നെ യുഡിഎഫ് അംഗങ്ങള്‍ നിയമസഭയില്‍ തമ്പടിച്ചു. യുഡിഎഫ് അംഗങ്ങള്‍ പ്രകോപനപരമായ നിലപാട് സ്വീകരിക്കുകയാണ് ചെയ്‌തത്.
ഈ ആസൂത്രിതമായ നീക്കത്തെ പ്രതിപക്ഷം പ്രതിരോധിക്കുകയാണ് ചെയ്‌തതെന്നും ഇപി ജയരാജന്‍ പറഞ്ഞു. അന്ന് സ്വാഭാവിക പ്രതിഷേധമാണ് സഭയിലുണ്ടായത്. പ്രതിഷേധത്തെ കായികമായി നേരിട്ടതാണ് കൈയാങ്കളിയായി മാറിയത്. യുഡിഎഫ് അംഗങ്ങള്‍ വി ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തിയെന്ന് ജയരാജന്‍ ആരോപിച്ചു.