ഇടുക്കി: വന്യമൃഗ ശല്യം നിത്യ സംഭവമായതോടെ ആശങ്കയിലായിരിക്കുകയാണ് ഇടുക്കിയിലെ കർഷകർ. നാളിതുവരെ അധ്വാനിച്ചു ഉണ്ടാക്കിയതെല്ലാം വന്യമൃഗങ്ങള്‍ കവരുമ്പോൾ ഹൃദയം തകരുന്ന വേദനയോടെ ജീവിതം മുന്നോട്ട് നയിക്കുകയാണ് ഇവർ. ശാന്തൻപാറ കോഴിപന്ന കുടിയിലെ കർഷകൻ കെ കനകരാജിന്‍റെ രണ്ടര ഏക്കർ ഭൂമിയിലെ രണ്ട് ഏക്കർ കൃഷിയും കഴിഞ്ഞ ദിവസം എത്തിയ കാട്ടാന കൂട്ടം നശിപ്പിച്ചു.
കഴിഞ്ഞ ദിവസം കനകരാജിന്‍റെ കൃഷിയിടത്തിൽ എത്തിയ ആറോളം കാട്ടാനകൾ മൂന്ന് ദിവസത്തോളം അവിടെ നിലയുറപ്പിച്ചു. രണ്ട് ഏക്കർ സ്ഥലത്തെ മുഴുവൻ കൃഷികളും നശിപ്പിച്ചു. ആയിരത്തിലധികം ഏലച്ചെടികളാണ് കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ചത്.