ഇടുക്കി:പത്ത് സെന്‍റ് വരുന്ന ഭൂമിയിൽ നട്ടുപരിപാലിച്ച പടവലമാണ് ഇപ്പോൾ ഇടുക്കി വാത്തിക്കുടി ചെമ്പകപ്പാറയിലെ പ്രധാന ചർച്ചാവിഷയം. ചെമ്പകപ്പാറ വട്ടംതൊട്ടിയിൽ തോമസിന്‍റെ വീട്ടുമുറ്റത്ത് നിൽക്കുന്ന പടവലത്തിലാണ് ഒൻപത് അടിയിൽ അധികം നീളമുള്ള അദ്‌ഭുത പടവലങ്ങ കായ്ച്ച് നിൽക്കുന്നത്. പച്ചക്കറികളും, ഔഷധ സസ്യങ്ങളുമെല്ലാം നട്ടുപരിപാലിക്കുന്ന തോമസിന്‍റെ മുറ്റത്ത് ആദ്യമായിട്ടാണ് അസാമാന്യ വലിപ്പമുള്ള പടവലമുണ്ടായത്.
അദ്‌ഭുത പടവലത്തിന്‍റെ കഥയിങ്ങനെ:ആകെയുള്ളത് 10 സെന്‍റ് സ്ഥലം. അതിനുള്ളിൽ ഒരു വീട് . വീടിന് ചുറ്റും ഔഷധ സസ്യങ്ങളും, പച്ചക്കറിയും, പൂച്ചെടികളും, ഇതാണ് ചെമ്പകപ്പാറ വട്ടംതൊട്ടിയിൽ തോമസിന്‍റെ വീട്ടിലെ സ്ഥിരം കാഴ്ച്ച. തോമസിന്‍റെ ഭാര്യ തങ്കമ്മ പാര്യമ്പര്യ ചികിത്സ നടത്തുകയാണ്. ഒപ്പം ആവശ്യമായ പച്ചക്കറിയും വീട്ടുമുറ്റത്ത് നട്ട് പരിപാലിച്ചു. മൂന്ന് മാസം മുൻപ് ഇളയ മകൾ ഒരു ചെറിയ പച്ചക്കറി തൈ മാതാപിതാക്കൾക്ക് നൽകി.
പാവൽ എന്ന് കരുതി തങ്കമ്മയും തോമസും ചേർന്ന് പരിപാലിച്ചു. വളർന്നപ്പോഴാണ് പടവലമാണെന്ന് മനസിലായത്. ചെടി വളർന്ന് പന്തലിച്ച് പടവലം കായ്ച്ചതോടെയാണ് തോമസിനേയും തങ്കമ്മയേയും നാട്ടുകാരേയും അദ്‌ഭുതപ്പെടുത്തി നീളൻ പാവലം കായ്ച്ച് തുടങ്ങിയത്.
ഒൻപത് അടിയിലധികം നീളമുള്ള പടവലങ്ങയാണ് തോമസിന്‍റെ മുറ്റത്ത് കായ്ച്ച് നിൽക്കുന്നത്. ചെടിയിലുണ്ടായ മുഴുവൻ കായ്‌കൾക്കും അസാമാന്യ വലിപ്പമുണ്ടായത്തിന്‍റെ സന്തോഷത്തിലാണ് തോമസും തങ്കമ്മയും. പടവലം വളർന്ന് നിലത്ത് മുട്ടിയിട്ടും വളർച്ച നിൽക്കാതെ മണ്ണിലൂടെ വളരുന്ന പടവലം കാണാൻ ആളുകളും എത്തിത്തുടങ്ങിയിട്ടുണ്ട്.