കേരളം

kerala

ETV Bharat / state

മാങ്കുളത്ത് കാട്ടാനക്കൂട്ടമിറങ്ങി, വ്യാപക കൃഷി നാശം: മൂന്ന് വീടുകൾ തകർത്തു

മഴ പെയ്തിട്ടും ആനകള്‍ ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാന്‍ കൂട്ടാക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. നേരത്തെ വേനല്‍ക്കാലത്ത് ഭക്ഷണവും വെള്ളവും തേടിയാണ് കാട്ടാനകൾ നാട്ടിലെത്തിയിരുന്നത്. ഇപ്പോൾ മഴക്കാലത്തും ആനകൾ കൂട്ടമായെത്തിയ കൃഷി നശിപ്പിക്കുകയും ജീവന് ഭീഷണി സൃഷ്‌ടിക്കുകയും ചെയ്യുന്നത് ആശങ്ക വർധിപ്പിക്കുണ്ട്.

elephant-attack-idukki-mankulam
മാങ്കുളത്ത് കാട്ടാനക്കൂട്ടമിറങ്ങി

By

Published : Jul 25, 2023, 7:55 PM IST

മാങ്കുളത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷി നാശം

ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തില്‍ വ്യാപകമായി കാട്ടാന ആക്രമണം. നാലിടങ്ങളിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പാമ്പുംകയം കോഴിയിളക്കുടിയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം മൂന്ന് വീടുകള്‍ തകര്‍ത്തു. രാത്രി 12നും പുലര്‍ച്ചെ നാലിനും ഇടയിലായിരുന്നു ഏഴോളം ആനകള്‍ എത്തി വ്യാപക നാശം വരുത്തിയത്. വീടുകളില്‍ ഉണ്ടായിരുന്നവര്‍ ബന്ധുവീടുകളിൽ പോയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

പതിനഞ്ചോളം ആദിവാസി വിഭാഗക്കാരായ കുടുംബങ്ങള്‍ താമസിക്കുന്നിടത്താണ് ആനകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സമീപത്തെ വൈദ്യുതി വേലിക്ക് മുകളിലേക്ക് ചെറുമരം പിഴുത് വീഴ്ത്തി വൈദ്യുതി ബന്ധം ഇല്ലാതാക്കിയ ശേഷമായിരുന്നു ആനകള്‍ ജനവാസ കേന്ദ്രത്തിലേക്കെത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.

രാത്രി ആക്രമണം, ആശങ്ക മാറുന്നില്ല:ഏലമുള്‍പ്പെടെയുള്ള കൃഷിവിളകളും ആനകൾ നശിപ്പിച്ചു. കാട്ടാനകള്‍ വനത്തിലേക്ക് തിരികെ കയറിയെങ്കിലും രാത്രിയാകുന്നതോടെ വീണ്ടും കാടിറങ്ങുമോയെന്ന ആശങ്കയിലാണ് മാങ്കുളം നിവാസികൾ. പെരുമ്പന്‍കുത്തില്‍ കൃഷിയിടത്തില്‍ ഇറങ്ങിയ ഒറ്റയാന്‍ ഏക്കർകണക്കിന് കൃഷിവിളകള്‍ നശിപ്പിച്ചു.

also read: ഇടയ്‌ക്കെത്തുന്ന ഭീതി, അട്ടപ്പാടിയിലും ധോണിയിലും വീണ്ടും കൃഷി നശിപ്പിച്ച് കാട്ടാനകൾ

നിരപ്പേല്‍ സ്‌കറിയ ചാക്കോയുടെ തെങ്ങുള്‍പ്പെടെയുള്ള വിളകള്‍ കാട്ടാന ആക്രമണത്തില്‍ നിലംപരിശായതായി പരാതിയുണ്ട്. തുണ്ടത്തില്‍ ബിനു മാത്യു നിര്‍മ്മിച്ചിരുന്ന കുടില്‍ കാട്ടാന തള്ളി. താളുംങ്കണ്ടം പുതുക്കുടിയിലും ജനവാസ കേന്ദ്രത്തിലും കാട്ടാനകളിറങ്ങി. പ്രദേശവാസികളായ രണ്ട് പേര്‍ നിര്‍മ്മിച്ചിരുന്ന കുടിലിന് നേരെ ആനയുടെ ആക്രമണം ഉണ്ടായി. ആനക്കുളം വാഴപ്പള്ളി കവലയില്‍ ഇറങ്ങിയ കാട്ടാന കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. വാഴ കൃഷിയാണ് നശിച്ചതില്‍ അധികവും.

മഴക്കാലത്തും ആനയിറങ്ങുന്നു:കൂട്ടമായി എത്തിയ കാട്ടാനകള്‍ പിന്നീട് വനമേഖലയിലേക്ക് പിന്‍വാങ്ങി. കാട്ടാന ആക്രമണം വര്‍ധിച്ചതോടെ പ്രദേശങ്ങളിലാകെ പ്രതിഷേധം ശക്തമാണ്. മഴ പെയ്തിട്ടും ആനകള്‍ ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാന്‍ കൂട്ടാക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. നേരത്തെ വേനല്‍ക്കാലത്ത് ഭക്ഷണവും വെള്ളവും തേടിയാണ് കാട്ടാനകൾ നാട്ടിലെത്തിയിരുന്നത്. ഇപ്പോൾ മഴക്കാലത്തും ആനകൾ കൂട്ടമായെത്തിയ കൃഷി നശിപ്പിക്കുകയും ജീവന് ഭീഷണി സൃഷ്‌ടിക്കുകയും ചെയ്യുന്നത് ആശങ്ക വർധിപ്പിക്കുണ്ട്.

also read: video: ഇതൊക്കെ എന്ത്, ഇതിനപ്പുറം ചാടിക്കടക്കും... തൂക്കുവേലി മറികടന്നു പുഴ കടക്കുന്ന ആന; ദൃശ്യം വൈറല്‍

ഈ മേഖലകളില്‍ ഉണ്ടായിരുന്ന ആനകളുടെ എണ്ണം വര്‍ധിച്ചതാണ് ശല്യം ഇത്രത്തോളം വര്‍ധിക്കാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു. നാശനഷ്ടങ്ങൾക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കുന്നതുള്‍പ്പെടെ വിഷയത്തില്‍ വനംവകുപ്പിന്റെ ഇടപെടല്‍ വേണമെന്നാണ് മാങ്കുളം നിവാസികളുടെ ആവശ്യം.

also read: കാട്ടാന ശല്യം പ്രതിരോധിക്കാൻ മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്ത് പണി കഴിപ്പിച്ച ആനവേലി നാശത്തിൻ്റെ വക്കിൽ

ABOUT THE AUTHOR

...view details