കേരളം

kerala

സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ ഇളവുകള്‍; നിയമസഭയില്‍ ഭേദഗതി ബില്‍ കൊണ്ടുവരും

By

Published : Jul 1, 2023, 1:23 PM IST

Updated : Jul 1, 2023, 2:20 PM IST

സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിക്കാന്‍ ഉടമകള്‍ക്ക് അനുവാദം നല്‍കി ബില്‍ കൊണ്ടുവരാന്‍ ആലോചന. ഭേദഗതി കരട് തയാറാക്കുന്നതിനുള്ള ചര്‍ച്ച തുടങ്ങി വനം വകുപ്പ്. ഉണങ്ങിയ ചന്ദനമരങ്ങള്‍ സ്ഥലം ഉടമയ്‌ക്ക് മുറിച്ച് നീക്കാം.

Bill to cut sandalwood trees on private land  sandalwood trees on private land  സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ ഇളവുകള്‍  നിയമസഭയില്‍ ഭേദഗതി ബില്‍  ചന്ദന മരം മുറിക്കാന്‍ ഉടമകള്‍ക്ക് അനുവാദം  വനം വകുപ്പ്  ചന്ദനമരം  വനം വകുപ്പ്  kerala news updates  latest news in kerala  idukki news updates
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ ഇളവുകള്‍

ചന്ദനം മുറിക്കാന്‍ ഇളവുകള്‍

ഇടുക്കി: സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഉടമകള്‍ക്ക് മുറിക്കാനുള്ള വ്യനസ്ഥകള്‍ ഇളവ് ചെയ്യും. ഇതിനായി അടുത്ത നിയമസഭ സമ്മേളനത്തില്‍ ഭേദഗതി ബില്‍ കൊണ്ടു വരാൻ ആലോചന. നട്ടുപിടിപ്പിച്ച ശേഷം നിശ്ചിത വര്‍ഷം കഴിഞ്ഞതോ, നിശ്ചിത വലിപ്പം എത്തിയതോ ആയ ചന്ദനമരം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉടമയ്ക്ക് എപ്പോള്‍ വേണമെങ്കിലും മുറിക്കാൻ കഴിയുന്ന ഭേദഗതിയാണ് കൊണ്ടു വരുന്നത്. മറയൂർ കഴിഞ്ഞാൽ ജില്ലയിൽ സ്വകാര്യ ഭൂമിയിൽ ഏറ്റവും അധികം ചന്ദനമരങ്ങളുള്ള പട്ടം കോളനി മേഖലയ്ക്ക് ഇത് വളരെ ആശ്വാസകരമാകും.

ഭേദഗതി സംബന്ധിച്ച കരട് തയാറാക്കുന്നതിനുള്ള ചര്‍ച്ച വനം വകുപ്പില്‍ തുടങ്ങി. 2005 ലെ കേരള വനേതര പ്രദേശങ്ങളിലെ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന ബില്‍, കേരള ഫോറസ്റ്റ് ആക്‌ട് തുടങ്ങിയവയില്‍ ഭേദഗതി വരുത്തുന്നതാണ് ആലോചന. ചന്ദനമര മോഷണം വ്യാപകമാകുകയും ഉടമകളുടെ ജീവന് തന്നെ ഭീഷണിയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മരം മുറിച്ച് നീക്കാൻ ഉടമയ്ക്ക് വ്യവസ്ഥകളോടെ അനുമതി നല്‍കുന്ന നിയമ ഭേദഗതി കൊണ്ടുവരാനുള്ള നടപടി വേഗത്തിലാക്കാൻ തീരുമാനിച്ചത്.

ചന്ദനമരം മുറിക്കേണ്ടത് എങ്ങനെ:സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ചന്ദനമരം മുറിച്ച് മാറ്റാൻ വനം ഡിവിഷണല്‍ ഓഫിസര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷയുടെ അടിസ്ഥാനത്തില്‍ റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ചന്ദനമരം മുറിച്ച് തടി ഡിപ്പോയിലേക്ക് മാറ്റും. ഇത് വില്‍പ്പന നടത്തിയ ശേഷം ചന്ദനം മുറിച്ച് ഡിപ്പോയില്‍ എത്തിക്കാൻ വേണ്ടിവന്ന ചെലവ് കഴിച്ചുള്ള തുക ഉടമയുടെ ബാങ്ക് അകൗണ്ടിലേക്ക് നിക്ഷേപിക്കും.

നിലവില്‍ ഉണങ്ങിയ ചന്ദനമരങ്ങള്‍ വനം വകുപ്പ് അനുമതിയോടെ ഉടമയ്‌ക്ക് മുറിക്കാം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ചന്ദനമരങ്ങളും മുറിക്കാനാകും. സ്വന്തം താമസത്തിനായി വീട് നിര്‍മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്താണ് ചന്ദനമരം നില്‍ക്കുന്നതെങ്കില്‍ അവയും മുറിച്ച് നീക്കാം. എന്നാല്‍, ഇതിനുള്ള നടപടിക്രമങ്ങള്‍ കടുകട്ടിയായതിനാല്‍ ജനങ്ങള്‍ വലയുന്ന സാഹചര്യമാണുള്ളത്.

അനുമതിയില്ലാതെ ചന്ദനമരം മുറിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം. എന്തായാലും പുതിയ ഭേദഗതി പ്രാബല്യത്തിൽ വരികയാണെങ്കിൽ അത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവയ്ക്കും‌ എന്നാണ് കരുതുന്നത്. നിലവില്‍ മറയൂരിലാണ് ചന്ദനത്തടി ഉപയോഗിച്ചുള്ള മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള വനം വകുപ്പിന്‍റെ ഫാക്‌ടറി ക്രമീകരിച്ചിരിക്കുന്നത്.

Last Updated : Jul 1, 2023, 2:20 PM IST

ABOUT THE AUTHOR

...view details