കേരളം

kerala

Waste Management | മാലിന്യം ശേഖരിക്കാന്‍ 'ആക്രി' എത്തും ; ബയോമെഡിക്കല്‍ മാലിന്യസമാഹരണ പദ്ധതിയുമായി കൊച്ചി കോർപറേഷൻ

By

Published : Jun 20, 2023, 8:56 PM IST

ടോള്‍ ഫ്രീ നമ്പരായ 1800 890 5089 ല്‍ വിളിച്ചും, ആക്രി (AAKRI) ആപ്പ് വഴി രജിസ്‌റ്റര്‍ ചെയ്‌തും നഗരവാസികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം

Kochi corporation  Kochi corporation biomedical waste management  biomedical waste management  biomedical waste management Latest news  AAKRI  Waste Management  മാലിന്യം ശേഖരിക്കാന്‍ ആക്രി എത്തും  ആക്രി  ബയോമെഡിക്കല്‍ മാലിന്യങ്ങള്‍  മാലിന്യങ്ങള്‍  കൊച്ചി കോർപ്പറേഷൻ  കോർപ്പറേഷൻ  സാനിറ്ററി ബയോമെഡിക്കല്‍ മാലിന്യങ്ങള്‍  അൻസിയ
മാലിന്യം ശേഖരിക്കാന്‍ 'ആക്രി' എത്തും; ബയോമെഡിക്കല്‍ മാലിന്യശേഖരണ പദ്ധതിയുമായി കൊച്ചി കോർപ്പറേഷൻ

ബയോമെഡിക്കല്‍ മാലിന്യശേഖരണ പദ്ധതിയുമായി കൊച്ചി കോർപറേഷൻ

എറണാകുളം :കൊച്ചി കോർപറേഷൻ പരിധിയിൽ സാനിറ്ററി ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമായി. കോർപറേഷൻ ഓഫിസിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.എ അൻസിയ ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കേരള എന്‍വയറോ ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡുമായി (കീല്‍) സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

'ആക്രി' എന്ന കമ്പനിയാണ് വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നത്. നഗരത്തിലെ ജനങ്ങളും കൗൺസിലർമാരും ഏറെ ബുദ്ധിമുട്ടിയിരുന്ന ഒരു പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാകുന്നതെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. കൊച്ചിയിലെ മാലിന്യ നിർമ്മാർജന രംഗത്ത് പുതിയൊരു ചുവടുവയ്പ്പാണ് പദ്ധതിയെന്നും കെ.എ അൻസിയ ചൂണ്ടിക്കാട്ടി.

ടോള്‍ ഫ്രീ നമ്പരായ 1800 890 5089 ല്‍ വിളിച്ചും, ആക്രി (AAKRI) ആപ്പ് വഴി രജിസ്‌റ്റര്‍ ചെയ്‌തും നഗരവാസികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ബയോ മാലിന്യങ്ങൾ ശേഖരിക്കുന്ന 'ആക്രി' കമ്പനിയുടെ മാനേജർ ശ്രീജിത്ത് പറഞ്ഞു. ബൈക്കുകളിലും ഇലക്ട്രിക്ക് ഓട്ടോകളിലുമാണ് ജീവനക്കാർ വീടുകളിൽ നേരിട്ടെത്തി ബയോ മാലിന്യങ്ങൾ ശേഖരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാലിന്യം എന്ന തലവേദനയ്‌ക്ക് ആശ്വാസം :ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്ന് ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നത് കോർപറേഷൻ നേരത്തെ നിർത്തിയിരുന്നു. ഇതേ തുടർന്ന് നഗരത്തിലെ വീടുകളിലും ഫ്ലാറ്റുകളിലും ബേബി ഡയപ്പർ, അഡൽറ്റ് ഡയപ്പർ, നാപ്‌കിൻ പാഡുകൾ എന്നിവ സംസ്ക്കരിക്കാൻ കഴിയാതെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. അങ്ങനെയിരിക്കെ ഒരു സ്വകാര്യ കമ്പനിയുമായി സഹകരിച്ച് ബയോ മാലിന്യശേഖരണം തുടങ്ങിയിരുന്നു. എന്നാൽ ഇതിന് ജനങ്ങൾ കിലോയ്ക്ക് 45 രൂപ നൽകണമായിരുന്നു. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ തന്നെ ജനങ്ങൾക്ക് ഇത് സ്വീകാര്യമായിരുന്നില്ല.

മുമ്പ് നഗരത്തിലെ മാലിന്യ ശേഖരണ തൊഴിലാളികളായിരുന്നു ഇവ പ്ലാസ്റ്റിക് മാലിന്യങ്ങളോടൊപ്പം ശേഖരിച്ച് ബ്രഹ്മപുരത്ത് എത്തിച്ചിരുന്നത്. തീര്‍ത്തും അശാസ്ത്രീയമായ ഈ മാലിന്യ സംസ്‌കരണ രീതിക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്താണ് സാനിറ്ററി, ബയോ മെഡിക്കല്‍ മാലിന്യം സംസ്‌കരിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ തുക ഈടാക്കുന്നുണ്ടെന്ന പരാതി നിലനിന്നിരുന്നു. പ്രത്യേകിച്ച് കിടപ്പുരോഗികളുളള വീടുകളില്‍ നിന്നുമുളള മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിന് പണം കണ്ടെത്താന്‍ ആളുകള്‍ ബുദ്ധിമുട്ടിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കേരള എന്‍വയറോ ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡുമായി ചേര്‍ന്ന് കൊച്ചി നഗരസഭ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്.

പ്രവര്‍ത്തനം ഇങ്ങനെ :കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു നഗരസഭ ഇങ്ങനെ ഒരു പദ്ധതി യാഥാർഥ്യമാക്കുന്നത്. ഇതേ തുടർന്ന് വീടുകളില്‍ നിന്നുളള ബയോ മെഡിക്കല്‍ മാലിന്യം ഒരു കിലോയ്ക്ക് 12 രൂപ എന്ന നിരക്കില്‍ കൈമാറാന്‍ ജനങ്ങൾക്ക് കഴിയും. ഡയപ്പര്‍, സാനിറ്ററി നാപ്‌കിന്‍ തുടങ്ങിയ സാനിറ്ററി ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ പ്രത്യേക കിറ്റുകളിലാക്കി കീലിന്‍റെ സംസ്‌കരണ സ്ഥലത്ത് എത്തിക്കുന്നതിനുള്ള തുകയാണിത്. കീലില്‍ സംസ്‌കരിക്കുന്നതിനുള്ള ചെലവും ജിഎസ്‌ടിയും നഗരസഭയാണ് വഹിക്കുക. അതിനാലാണ് പന്ത്രണ്ട് രൂപ മാത്രം ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്.

വീടുകളില്‍ നിന്നുളള മരുന്നുകളുടെ സ്ട്രിപ്പുകളും, മറ്റ് മെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവയും ഇതിനൊപ്പം നല്‍കാം. കോർപറേഷനിലെ മുഴുവന്‍ ഡിവിഷനുകളെയും ഉള്‍പ്പെടുത്തി പ്രത്യേക കലണ്ടര്‍ നഗരസഭ തയ്യാറാക്കിയിട്ടുണ്ട്. ഈ കലണ്ടര്‍ പ്രകാരമാണ് മാലിന്യങ്ങള്‍ ശേഖരിക്കുക. ആക്രി കമ്പനി ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ പ്രകാരം ശാസ്ത്രീയമായ സംവിധാനത്തിലൂടെയാണ് ഇത്തരം മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. നിലവിൽ നഗരത്തിലെ ജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത് രണ്ട് കമ്പനികളും, ഹരിത കർമസേന വഴി കോർപറേഷനുമാണ്.

കോർപറേഷൻ ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് തന്നെയാണ് എത്തിക്കുന്നത്. ജൂൺ ഒന്ന് മുതൽ സർക്കാർ നിർദേശപ്രകാരം ബ്രഹ്മപുരത്തേക്ക് മാലിന്യമെത്തിക്കുന്നത് പൂർണമായും നിർത്തിയിരുന്നു. ഇതോടെ കൊച്ചിയിലെ മാലിന്യ നീക്കം അവതാളത്തിലാവുകയായിരുന്നു. ഇതേ തുടർന്നാണ് രണ്ട് മാസം കൂടി ജൈവ മാലിന്യങ്ങൾ ബ്രഹ്മപുരത്തെത്തിക്കാൻ സർക്കാർ അനുമതി നൽകിയത്.

ABOUT THE AUTHOR

...view details