കേരളം

kerala

കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ ബോട്ട് കെ.എം.ആർ.എല്ലിന് കൈമാറി ; 100 പേര്‍ക്ക് സഞ്ചരിക്കാം

By

Published : Dec 31, 2021, 5:00 PM IST

100 പേര്‍ക്ക് വീതം സഞ്ചരിക്കാവുന്ന 23 ബോട്ടുകളില്‍ ആദ്യത്തേതാണ് നിർമാണം പൂര്‍ത്തിയാക്കി കൊച്ചി കപ്പൽ ശാല കൈമാറിയത്

Kochi Water Metro handed over  Ernakulam todays news  കൊച്ചി വാട്ടര്‍ മെട്രോ കെ.എം.ആർ.എല്ലിന് കൈമാറി  First Water Metro ferry handed over to KMRL
കൊച്ചി വാട്ടര്‍ മെട്രോ കെ.എം.ആർ.എല്ലിന് കൈമാറി കപ്പൽ ശാല; 100 പേര്‍ക്ക് വീതം സഞ്ചരിക്കാം

എറണാകുളം :കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ ബാറ്ററി പവേര്‍ഡ് ഇലക്ട്രിക് ബോട്ട് കൊച്ചി കപ്പൽ ശാല, കെ.എം.ആർ.എല്ലിന് കൈമാറി. വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി നിര്‍മിക്കുന്ന, 100 പേര്‍ക്ക് വീതം സഞ്ചരിക്കാവുന്ന 23 ബോട്ടുകളില്‍ ആദ്യത്തേതാണ് നിർമാണം പൂര്‍ത്തിയാക്കി കൈമാറിയത്. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന പ്രത്യേകത ഈ ബോട്ടിനുണ്ട്.

അഞ്ച് ബോട്ടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല തുടങ്ങുന്നത്. വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാൻ കഴിയും. മണിക്കൂറിൽ 10 നോട്ടിക്കൽ മൈൽ ആണ് ബോട്ടിന്‍റെ വേഗത.

കൊച്ചി വാട്ടര്‍ മെട്രോ കെ.എം.ആർ.എല്ലിന് കൈമാറി കപ്പൽ ശാല; 100 പേര്‍ക്ക് വീതം സഞ്ചരിക്കാം

പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്‌ത ബോട്ടിലിരുന്ന് കായല്‍ കാഴ്ചകള്‍ പൂര്‍ണമായും ആസ്വദിച്ച് യാത്രചെയ്യാവുന്ന രീതിയിലാണ് ബോട്ടിന്‍റെ രൂപകല്‍പ്പന. കായല്‍പ്പരപ്പിലൂടെ വേഗത്തില്‍ പോകുമ്പോഴും ഓളം കുറഞ്ഞ രീതിയിലാണ് ബോട്ടിന്‍റെ ഘടന. ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ യാത്ര തുടരാന്‍ ഡീസല്‍ ജനറേറ്റര്‍ സൗകര്യവുമുണ്ട്. ഇതുരണ്ടും ഒരുമിച്ച് ഉപയോഗിച്ച് കൂടുതല്‍ വേഗത്തില്‍ പോകാനുള്ള സൗകര്യവുമുണ്ട്.

പ്രതീക്ഷിക്കുന്നത് വിപ്ലവകരമായ മാറ്റം

ഷിപ്പ് ടെർമിനലിലെ ബോട്ടിനുള്ളിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി ലോക് നാഥ് ബെഹ്റയുടെ പത്നി മധുമിത ബെഹ്റ മുഖ്യാതിഥിയായിരുന്നു. കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ് സി.എം.ഡി മധു എസ് നായർ, കെ.എം.ആർ.എം.എൽ എം.ഡി ലോക്‌നാഥ് ബെഹ്റ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അതേസമയം വാട്ടര്‍ ടെര്‍മിനലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. വൈറ്റില, കാക്കനാട് ടെര്‍മിനലുകള്‍ പൂർത്തിയായിട്ടുണ്ട്.

നിര്‍മാണവും ഡ്രെഡ്‌ജിങും പൂര്‍ത്തിയായി. ഫ്‌ളോട്ടിങ് ജട്ടികളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. ഹൈക്കോടതി, വൈപ്പിന്‍, ഏലൂര്‍, ചേരാനല്ലൂര്‍, ചിറ്റൂര്‍ ടെര്‍മിനലുകളുടെ നിര്‍മാണം അടുത്തവര്‍ഷം ഏപ്രിലോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്‍വീസ് നടത്തുന്ന ബൃഹത്തായ ജലഗതാഗത ശ്രംഖലയാണ് കൊച്ചി വാട്ടര്‍ മെട്രോ.

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നേരത്തെ മുഖ്യമന്ത്രി നിർവഹിച്ചിരുന്നെങ്കിലും സർവീസ് തുടങ്ങിയിരുന്നില്ല. കൊച്ചി മെട്രോയുമായി ബന്ധിപ്പിച്ചാണ് വാട്ടർ മെട്രോയും പ്രവർത്തിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊച്ചിയിലെ യാത്രാ പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാനാകും. ഇതിലൂടെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റമാണ് പ്രതീക്ഷിക്കുന്നത്.

ALSO READ:നടന്‍ ജി.കെ പിള്ള അന്തരിച്ചു

ABOUT THE AUTHOR

...view details