എറണാകുളം: കൊച്ചിയിൽ വയോധികയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്(In the case of rape of an elderly woman in Kochi, the police reached the spot with the accused and collected evidence).
കടവന്ത്ര പൊലീസാണ് പ്രതി അസം സ്വദേശി ഫിർദൗസ് അലിയുമായി സംഭവസ്ഥലത്തെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തിയത്. പ്രതി വയോധികയെ കൂട്ടിക്കൊണ്ടുപോയ നോർത്ത് റെയിൽ സ്റ്റേഷൻ പരിസരം, വയോധിക പീഡനത്തിനിരയായ പൊന്നുരുന്നി റെയിൽവേ യാർഡിന് സമീപത്തെ കുറ്റിക്കാട് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.
പ്രതി നടത്തിയ ക്രൂര കൃത്യം പൊലീസിന് മുന്നിൽ വിശദീകരിച്ചു. തിരിച്ചറിയൽ പരേഡ് കഴിയാത്തതിനാൽ പ്രതിയുടെ മുഖം മറച്ചായിരുന്നു തെളിവെടുപ്പിനെത്തിച്ചത്. വൈകുന്നേരത്തോടെ പ്രതിയെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. അതേ സമയം ഗുരുതരമായി പരിക്കേറ്റ വയോധിക കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ബുധനാഴ്‌ച വൈകുന്നേരത്തോടെയാണ് ക്രൂരമായ ലൈംഗിക പീഡനം നടന്നത്. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. നേരത്തെ ലഹരി കേസിൽ പ്രതിയായ ഫിർദൗസ് അലിയെ കുറിച്ച് പൊലീസിന് അറിയാമായിരുന്നതിനാലാണ് പെട്ടന്ന് തന്നെ ഇയാളെ പിടികൂടാൻ കഴിഞ്ഞത്. ആലപ്പുഴ സ്വദേശിയായ വയോധിക എറണാകുളം നോർത്ത് റെയില്‍വെ സ്റ്റേഷന് സമീപം ചെറിയ രീതിയിലുള്ള കൂലി വേലകൾ ചെയ്‌താണ് ജീവിച്ചിരുന്നത്. ഫിർദൗസ് കഴിഞ്ഞ ബുധനാഴ്‌ച വൈകുന്നേരം വയോധികയെ തന്ത്രപൂർവ്വം പൊന്നുരുന്നിക്ക് സമീപം ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് ലൈഗിംകമായി ഉപദ്രവിച്ച ശേഷം റെയിൽവേ ട്രാക്കിന് സമീപം ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. വയോധികയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. സ്വകാര്യ ഭാഗത്ത് ഉൾപ്പടെ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്ന വയോധികയെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർ അപകട നില തരണം ചെയ്‌തിട്ടുണ്ട്. നാട്ടുകാരുടെ ജാഗ്രതയോടുള്ള ഇടപെടലാണ് വയോധികയുടെ ജീവൻ രക്ഷിച്ചത്.