എറണാകുളം: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അന്തിമ റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ പരിഗണിക്കാൻ ഹൈക്കോടതി നിർദേശം. മൂവാറ്റുപുഴ വിജിലൻസ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. അന്തിമ റിപ്പോർട്ടിന്‍റെ പകർപ്പ് വേണമെന്ന ഹർജിക്കാരന്‍റെ ആവശ്യവും പ്രത്യേക കോടതി പരിഗണിക്കണം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജിയിലാണ് കോടതി നിർദേശം (Bribery In The Name Of Judges HC Disposes Advocate Saiby Jose's plea).
കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിനാൽ തുടർനടപടികൾ അവസാനിച്ചെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പ്രോസിക്യൂഷൻ വാദം രേഖപ്പെടുത്തിയ ഹൈക്കോടതി സൈബി ജോസിന്‍റെ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു. ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്ന് വാഗ്‌ദാനം നൽകി ഹൈക്കോടതിയില മൂന്ന് ജഡ്‌ജിമാരുടെ പേരിൽ വിവിധ കക്ഷികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സൈബി ജോസ് കൈപ്പറ്റിയെന്നാണ് കേസ്.