ന്യൂഡല്‍ഹി:ഏഷ്യന്‍ ഗെയിംസില്‍ നിന്നും പിന്മാറി ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. പരിശീലനത്തിനിടെ പരിക്കേറ്റതാണ് പിന്മാറ്റത്തിന് കാരണമെന്ന് 28-കാരിയായ താരം പ്രസ്‌താവനയിലൂടെ അറിയിച്ചു. ഓഗസ്റ്റ് 13-ന് പരിശീലനത്തിനിടെ തന്‍റെ കാൽമുട്ടിനാണ് പരിക്കേറ്റത്.
സ്‌കാനിങ്ങും വിദഗ്‌ധ പരിശോധനകളും നടത്തിയ ശേഷം ഡോക്‌ടര്‍മാര്‍ ശസ്‌ത്രക്രിയ നിര്‍ദേശിച്ചതായും ട്വിറ്ററിലൂടെ പങ്കുവച്ച പ്രസ്‌താവനയില്‍ വിനേഷ് ഫോഗട്ട് വ്യക്തമാക്കി. ഓഗസ്റ്റ് 17-ന് മുംബൈയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുമെന്നും ലോക ചാമ്പ്യന്‍ഷിപ്പ് മെഡൽ ജേതാവായ താരം അറിയിച്ചിട്ടുണ്ട്.
സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി: "2018-ൽ ജക്കാർത്തയിൽ വച്ച് ഞാൻ നേടിയ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ഇന്ത്യക്കായി നിലനിർത്തുക എന്നത് എന്‍റെ സ്വപ്‌നമായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ, ഈ പരിക്ക് ഗെയിംസിലെ എന്‍റെ പങ്കാളിത്തത്തിന് തിരിച്ചടിയായി.
റിസർവ് താരത്തെ ഏഷ്യൻ ഗെയിംസിലേക്ക് അയക്കാൻ ബന്ധപ്പെട്ട എല്ലാ അധികാരികളെയും അറിയിച്ചിട്ടുണ്ട്. ശക്തമായി തിരികെ എത്തുന്നതിന് എല്ലാ ആരാധകരുടേയും തുടര്‍ച്ചയായ പിന്തുണ ഞാന്‍ അഭ്യര്‍ഥിക്കുന്നു" വിനേഷ് ഫോഗട്ട് പ്രസ്‌താവനയില്‍ പറഞ്ഞു. വൈകാതെ തന്നെ തിരിച്ചെത്തി 2024-ലെ പാരിസ് ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുമെന്നും താരം അറിയിച്ചിട്ടുണ്ട്.
വിനേഷ് പുറത്തായതോടെ വനിതകളുടെ 53 കിലോ വിഭാഗത്തില്‍ അണ്ടര്‍ -20 ലോക ചാമ്പ്യനായ അന്‍റിം പങ്കലിന് അവസരം ലഭിക്കും. നേരത്തെ വിനേഷ് ഫോഗട്ടിനും ഒളിമ്പിക് മെഡൽ ജേതാവായ ബജ്‌രംഗ് പുനിയയ്‌ക്കും ഏഷ്യന്‍ ഗെയിംസിന് നേരിട്ട് യോഗ്യത നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) നടത്തിപ്പും ചുമതലയും വഹിക്കുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ അഡ്-ഹോക്ക് കമ്മിറ്റിയായിരുന്നു ഇരുവര്‍ക്കും സെലക്‌ഷന്‍ ട്രയല്‍സ് ഒഴിവാക്കിയത്.
ഇതിനെ ചോദ്യം ചെയ്‌ത് അന്‍റിം പങ്കലും അണ്ടര്‍- 23 ഏഷ്യന്‍ ചാമ്പ്യനായ സുജീത് കൽകലും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അഡ്-ഹോക്ക് കമ്മിറ്റിയുടെ നടപടിയില്‍ ഇടപെടാന്‍ ഡല്‍ഹി ഹൈക്കോടി വിസമ്മതിച്ചു. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയവയ്‌ക്ക് സെലക്ഷന്‍ ട്രയൽസ് വേണമെന്നാണ് അന്താരാഷ്‌ട്ര ഗുസ്‌തി ഫെഡറേഷന്‍റെ നിബന്ധന. എന്നാൽ, ഒളിമ്പിക് ചാമ്പ്യന്മാരെയും ലോക ചാമ്പ്യന്മാരെയും ട്രയൽസില്‍ നിന്നും ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റിയ്‌ക്ക് അധികാരമുണ്ട്.
വിദേശ വിദഗ്‌ധരുടെയോ മുഖ്യപരിശീലകന്‍റേയോ ശുപാർശ പ്രകാരമാണ് സെലക്ഷൻ കമ്മിറ്റിക്ക് തങ്ങളുടെ ഈ വിവേചനാധികാരം പ്രയോഗിക്കാന്‍ കഴിയുക. പക്ഷെ, ഈ വ്യവസ്ഥ 2022 ഓഗസ്റ്റില്‍ ചേര്‍ന്ന റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ ബോഡി പിൻവലിച്ചിട്ടുണ്ടെന്നായിരുന്നു അന്‍റിം പങ്കലും സുജീത് കൽകലും വാദിച്ചത്. എന്നാല്‍ അത്തരം ഒരു തീരുമാനം രേഖകളില്‍ ഇല്ലെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ അഡ്-ഹോക്ക് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
റെസ്‌ലിങ് ഫെഡറേഷന്‍റെ മുന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരത്തിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന താരങ്ങളാണ് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും. ഇക്കാരണത്താല്‍ തന്നെ ഈ വർഷം നടന്ന മത്സരങ്ങളിലൊന്നും ഇരുവര്‍ക്കും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.