കേരളം

kerala

Djokovic won French Open 2023 | 'ഒരേ ഒരു ജോക്കോ'; ഫ്രഞ്ച് ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്, 23-ാം ഗ്രാൻഡ്‌സ്ലാം, ചരിത്ര നേട്ടം

By

Published : Jun 11, 2023, 10:56 PM IST

Updated : Jun 11, 2023, 11:03 PM IST

ഫൈനലിൽ നോർവെയുടെ കാസ്‌പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് ജോക്കോവിച്ച് കീഴടക്കിയത്

Sports  novak djokovic  French Open 2023  French Open  Novak Djokovic vs Casper Ruud  Novak Djokovic beats Casper Ruud  Grand Slam  Novak Djokovic win record 23rd Grand Slam title  ഫ്രഞ്ച് ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്  നൊവാക് ജോക്കോവിച്ചിന്  കാസ്‌പർ റൂഡ്  Casper Ruud  French Open final 2023 result  Djokovic  ജോക്കോവിച്ച്
ഫ്രഞ്ച് ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ഏറ്റവുമധികം ഗ്രാൻഡ്‌സ്ലാം നേടുന്ന പുരുഷ താരമെന്ന ചരിത്ര നേട്ടത്തിലേക്കെത്തി നൊവാക് ജോക്കോവിച്ച്. ഫൈനലിൽ നാലാം സീഡ് നോർവെയുടെ കാസ്‌പർ റൂഡിനെയാണ് ജോക്കോവിച്ച് തകർത്തെറിഞ്ഞത്. വാശിയേറിയ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചാണ് ജോക്കോവിച്ച് ചരിത്ര നേട്ടം സ്വന്തമാക്കിയത്. സ്‌കോർ 7-6(1), 6-3, 7-5.

വിജയത്തോടെ 23 ഗ്രാൻഡ് സ്ലാം നേടുന്ന ആദ്യ പുരുഷ താരം എന്ന ലോക റെക്കോഡും 36 കാരനായ നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി. മത്സരത്തിന് മുൻപ് 22 ഗ്രാൻസ്ലാം കിരീടങ്ങളുമായി ജോക്കോവിച്ചും റാഫേൽ നദാലും ഒപ്പത്തിനൊപ്പമായിരുന്നു. ജോക്കോവിച്ചിന്‍റെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. നേരത്തെ 2016, 2021 വർഷങ്ങളിലും ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു.

റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരില്‍ സെര്‍ബിയന്‍ താരത്തെ ഞെട്ടിച്ചുകൊണ്ടാണ് 24 കാരനായ കാസ്‌പർ റൂഡ് പോരാട്ടം തുടങ്ങിയത്. ആദ്യ സെറ്റിന്‍റെ തുടക്കത്തിൽ തന്നെ ജോക്കോവിച്ചിന്‍റെ സർവ് ബ്രേക്ക് ചെയ്‌ത് മുന്നേറിയ റൂഡ് ഒരു ഘട്ടത്തിൽ 3-0ന് മുന്നിലായിരുന്നു.

എന്നാൽ തന്‍റെ അനുഭവ സമ്പത്ത് മുതലാക്കി ജോക്കോവിച്ച് തിരിച്ചടിച്ച് സ്‌കോർ 4-4ന് ഒപ്പത്തിനൊപ്പമെത്തിച്ചു. തുടർന്നും ഇരുവരും തമ്മിൽ കനത്ത പോരാട്ടം തന്നെ തുടർന്നു. ഇതോടെ ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. എന്നാൽ ടൈബ്രേക്കറിൽ റൂഡിനെ മലർത്തിയടിച്ച് 7-1 ന് ജോക്കോവിച്ച് ആദ്യ സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിൽ ഏകപക്ഷിയമായാണ് ജോക്കോവിച്ച് മുന്നേറിയത്. രണ്ടാം സെറ്റിന്‍റെ തുടക്കം മുതൽ തന്നെ ജോക്കോവിച്ച് മുന്നിട്ട് നിന്നു. ഒരു ഘട്ടത്തിൽ 3-0 എന്ന സ്‌കോറിലായിരുന്നു ജോക്കോ. പിന്നാലെ റൂഡ് തിരിച്ച് വരവിന്‍റെ ശ്രമങ്ങൾ നടത്തിയെങ്കിലും ജോക്കോയുടെ തേരോട്ടത്തെ മറികടക്കാനായില്ല. ഇതോടെ 6-3 ന് ജോക്കോവിച്ച് സെറ്റ് പിടിച്ചെടുത്തു.

മൂന്നാം സെറ്റിൽ അവിശ്വസനീയ മുന്നേറ്റമാണ് ജോക്കോവിച്ച് നടത്തിയത്. ആദ്യ പോയിന്‍റ് നേടി റൂഡാണ് മൂന്നാം സെറ്റിന് തുടക്കം കുറിച്ചത്. തൊട്ട് പിന്നാലെ ഒരു പോയിന്‍റ് നേടി ജോക്കോവിച്ച് ഒപ്പത്തിനൊപ്പമെത്തി. എന്നാൽ അടുത്ത പോയിന്‍റ് നേടി റൂഡ് ലീഡ് തിരിച്ച് പിടിച്ചെങ്കിലും വീണ്ടും ജോക്കോ ഒപ്പമെത്തി.

റൂഡ് ഓരോ തവണ ലീഡ് നേടുമ്പോഴും തൊട്ടടുത്ത പോയിന്‍റ് സ്വന്തമാക്കി ജോക്കോവിച്ച് ഒപ്പമെത്തിക്കൊണ്ടിരുന്നു. ഇതോടെ സ്‌കോർ 5-5ൽ എത്തി. എന്നാൽ ഇതിന് ശേഷം ജോക്കോവിച്ചിന്‍റെ കുതിപ്പിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. റൂഡിനെ കാഴ്‌ചക്കാരനാക്കി മാറ്റി തൊട്ടടുത്ത രണ്ട് പോയിന്‍റുകൾ അനായാസം സ്വന്തമാക്കി താരം 7-5ന് സെറ്റും ചരിത്ര വിജയവും സ്വന്തമാക്കുകയായിരുന്നു.

ഇതുവരെ 70 ഗ്രാൻഡ്‌സ്ലാമുകളാണ് ജോക്കോവിച്ച് കളിച്ചിട്ടുള്ളത്. ഇതിൽ 34 തവണ ഫൈനലിലെത്താനും 23 തവണ കിരീടമുയർത്താനും താരത്തിനായി. പത്ത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ ജോക്കോവിച്ച് ഏഴ് തവണ വിംബിള്‍ഡണ്‍ കിരീടവും മൂന്ന് തവണ യുഎസ് ഓപ്പണും നേടിയിട്ടുണ്ട്.

Last Updated : Jun 11, 2023, 11:03 PM IST

ABOUT THE AUTHOR

...view details