ബാഴ്‌സലോണ : സ്‌പാനിഷ് ലാ ലിഗ (La Liga) ഫുട്‌ബോളില്‍ വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ (Barcelona). അവസാന മത്സരത്തില്‍ അല്‍മേരിയയെ ആണ് കാറ്റലന്‍ ക്ലബ് പരാജയപ്പെടുത്തിയത്. പോയിന്‍റ് പട്ടികയിലെ 20-ാം സ്ഥാനക്കാരായ അല്‍മേരിയക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ ജയം (Barcelona vs Almeria Match Result).
മത്സരത്തില്‍ ബാഴ്‌സയ്‌ക്കായി സെര്‍ജി റോബെര്‍ട്ടോ (Sergi Roberto) ഇരട്ട ഗോള്‍ നേടി. റാഫിഞ്ഞയും (Raphinha) അല്‍മേരിയയുടെ വലയില്‍ പന്തെത്തിച്ചു. ലിയോ ബാപിസ്‌താവോ (Leo Bapistavo), എഡ്‌ഗര്‍ ഗോണ്‍സാലസ് (Edgar Gonzalez) എന്നിവരാണ് അല്‍മേരിയയുടെ ഗോള്‍ സ്കോറര്‍മാര്‍.
ഒളിമ്പിക് സ്റ്റേഡിയത്തിലെത്തിയ സന്ദര്‍ശകരായ അല്‍മേരിയ പ്രതിരോധത്തില്‍ ഊന്നിയായിരുന്നു ആദ്യം കളിച്ചത്. ഇതോടെ, ബാഴ്‌സയുടെ പല മുന്നേറ്റങ്ങളും പാളിപ്പോയി. തുടര്‍ന്ന് ജാഗ്രതയോടെ ഓരോ നീക്കങ്ങളും നടത്തിയ ബാഴ്‌സ 33-ാം മിനിട്ടിലാണ് അല്‍മേരിയയുടെ പ്രതിരോധക്കോട്ട പൊളിക്കുന്നത്.
കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ബാഴ്‌സയുടെ ഗോള്‍ പിറന്നത്. ഇല്‍കായ് ഗുണ്ടോഗന്‍ പായിച്ച കോര്‍ണര്‍ കിക്ക് നേരെ എത്തിയത് പെനാല്‍റ്റി ബോക്സിന്‍റെ മധ്യഭാഗത്ത് ഉണ്ടായിരുന്ന റൊണാള്‍ഡ് അരൗഹോയിലേക്ക്. പന്ത് തലകൊണ്ട് ഗോള്‍വലയിലെത്തിക്കാനുള്ള ശ്രമം അല്‍മേരിയ ഗോള്‍ കീപ്പര്‍ മാക്സിമിയാനോ തട്ടിയകറ്റി.
എന്നാല്‍, ആ പന്ത് ചെന്നെത്തിയത് റാഫിഞ്ഞയുടെ കാലുകളിലേക്ക് ആയിരുന്നു. അധികം വൈകിപ്പിക്കാതെ തന്നെ പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ബ്രസീലിയന്‍ താരം ബാഴ്‌സയെ മുന്നിലെത്തിച്ചു. ഒരു ഗോള്‍ വഴങ്ങിയ അല്‍മേരിയ 41-ാം മിനിറ്റില്‍ തന്നെ സമനില പിടിച്ചു.
ബാഴ്‌സയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തുകൊണ്ടായിരുന്നു അല്‍മേരിയക്കായി ലിയോ ബാപിസ്‌താവോ സമനില ഗോള്‍ കണ്ടെത്തിയത്. ഇതോടെ 1-1 എന്ന സ്കോര്‍ ലൈനില്‍ മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയില്‍ 60-ാം മിനിറ്റില്‍ ബാഴ്‌സലോണ വീണ്ടും മുന്നിലെത്തി.
ഇക്കുറി റാഫിഞ്ഞയുടെ കോര്‍ണര്‍ കിക്കില്‍ നിന്നും സെര്‍ജിയോ റോബര്‍ട്ടോ ആയിരുന്നു ആതിഥേയര്‍ക്കായി സ്കോര്‍ ചെയ്‌തത്. പിന്നാലെ, 71-ാം മിനിറ്റില്‍ വീണ്ടും ബാഴ്‌സയ്‌ക്കൊപ്പമെത്താന്‍ അല്‍മേരിയക്ക് സാധിച്ചു. ബാഴ്‌സ ഗോള്‍ കീപ്പര്‍ക്ക് പറ്റിയ പിഴവാണ് അല്‍മേരിയക്ക് തുണയായത്.
Also Read :നെയ്‌മറില്ലാതെ കോപ്പ അമേരിക്ക, ശസ്ത്രക്രിയ കഴിഞ്ഞ താരത്തിന് ഒൻപത് മാസം വിശ്രമം
എഡ്‌ഗര്‍ ഗോണ്‍സാലസ് ആയിരുന്നു സന്ദര്‍ശകരുടെ രണ്ടാം ഗോള്‍ നേടിയത്. മത്സരത്തിന്‍റെ 83-ാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയുടെ അസിസ്റ്റില്‍ നിന്നും സെര്‍ജി റോബര്‍ട്ടോ ബാഴ്‌സയുടെ വിജയ ഗോള്‍ നേടുകയായിരുന്നു. ജയത്തോടെ 18 മത്സരങ്ങളില്‍ നിന്നും 38 പോയിന്‍റ് സ്വന്തമാക്കാന്‍ ബാഴ്‌സയ്‌ക്കായി. ജിറോണയ്‌ക്കും റയല്‍ മാഡ്രിഡിനും പിന്നില്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്‌സലോണ.