കേരളം

kerala

'ബാലൺ ഡി ഓർ നേടാന്‍ ഞാനും അര്‍ഹന്‍' ; തുറന്നുപറഞ്ഞ് കിലിയന്‍ എംബാപ്പെ

By

Published : Jun 20, 2023, 8:23 PM IST

ഈ വര്‍ഷത്തെ ബാലൺ ഡി ഓർ ജേതാവാകാനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുവെന്ന് കരുതുന്നതായി ഫ്രാന്‍സ് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ

Kylian Mbappe  Kylian Mbappe on Ballon d Or  Ballon d Or  lionel messi  erling haaland  ബാലൺ ഡി ഓർ നേടാന്‍ അര്‍ഹനെന്ന് എംബാപ്പെ  കിലിയന്‍ എംബാപ്പെ  ബാലൺ ഡി ഓർ  ലയണല്‍ മെസി  എര്‍ലിങ്‌ ഹാലണ്ട്
കിലിയന്‍ എംബാപ്പെ

പാരീസ് : ഈ വര്‍ഷത്തെ ബാലൺ ഡി ഓർ സ്വന്തമാക്കാന്‍ ലോകകപ്പ് ജേതാവായ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടോപ് സ്കോററായ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ഏര്‍ലിങ് ഹാലണ്ടും തമ്മിലാണ് കനത്ത മത്സരം നടക്കുന്നതെന്നാണ് പൊതുവെ സംസാരമുള്ളത്. എന്നാല്‍ ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന് താനും അര്‍ഹനാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പിഎസ്‌ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ. കഴിഞ്ഞ സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി നടത്തിയ പ്രകടനം പുരസ്‌കാരം നേടാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് കരുതുന്നതായാണ് താരം പറഞ്ഞിരിക്കുന്നത്.

യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ ഗ്രീസിനെതിരായ മത്സരത്തിന് ശേഷം ഇതുസംബന്ധിച്ച ചോദ്യത്തോടാണ് 24-കാരനായ എംബാപ്പെ പ്രതികരിച്ചത്. "ഒരു വ്യക്തിഗത നേട്ടത്തെക്കുറിച്ച് സംസാരിക്കുന്നത് ബുദ്ധിമുട്ടാണ്, കാരണം നിങ്ങൾ നിങ്ങളുടെ പേരുതന്നെ മുന്നോട്ട് വയ്ക്കേണ്ടതുണ്ട്. ഇക്കാര്യം പൊതുജനങ്ങൾ നന്നായി മനസിലാകണമെന്നില്ല.

എന്നാല്‍ ബാലണ്‍ ഡി ഓര്‍ നേടുന്നതിനുള്ള മാനദണ്ഡങ്ങളെല്ലാം എനിക്ക് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നാണ് കരുതുന്നത്. ജനങ്ങളുടെ വോട്ടിന്‍റെ അടിസ്ഥാനത്തിലാണല്ലോ ജേതാവിനെ തെരഞ്ഞെടുക്കുക. ഇക്കാര്യത്തില്‍ എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം" - കിലിയന്‍ എംബാപ്പെ പറഞ്ഞു.

ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തവണയും പിഎസ്‌ജിയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കാണ് എംബാപ്പെയ്‌ക്കുള്ളത്. കൂടാതെ 2022-ലെ ഖത്തർ ലോകകപ്പിന്‍റെ ഫൈനലിൽ ഫ്രാന്‍സിനെ എത്തിക്കുന്നതില്‍ താരം നിര്‍ണായകമായിരുന്നു. കലാശപ്പോരില്‍ അര്‍ജന്‍റീനയോട് ഫ്രാന്‍സ് തോല്‍വി വഴങ്ങിയിരുന്നുവെങ്കിലും മത്സരത്തില്‍ ഹാട്രിക്ക് നേടിയ എംബാപ്പെ ടൂര്‍ണമെന്‍റിലെ ടോപ് ഗോൾ സ്‌കോററിനുള്ള ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയിരുന്നു.

പിഎസ്‌ജിയ്‌ക്കും ഫ്രാന്‍സിനുമായി 54 ഗോളുകളാണ് എംബാപ്പെ സീസണില്‍ നേടിയത്. ഹാലണ്ടും സീസണില്‍ 54 ഗോളുകള്‍ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ്, എഫ്‌എ കപ്പ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടാന്‍ എര്‍ലിങ് ഹാലണ്ടിന് കഴിഞ്ഞിട്ടുണ്ട്. അര്‍ജന്‍റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പ്രകടനം ഉള്‍പ്പടെ മെസിക്ക് തുണയാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഫ്രാന്‍സിന്‍റെ കരീം ബെന്‍സെമയാണ് കഴിഞ്ഞ തവണ ബാലൺ ഡി ഓര്‍ നേടിയത്. വരുന്ന സെപ്റ്റംബര്‍ 6-നാണ് ഇത്തവണത്തെ പുരസ്‌കാരത്തിനുള്ള 30 താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിടുക. തുടര്‍ന്ന് ഒക്ടോബര്‍ 16-ന് ജേതാവിനെ പ്രഖ്യാപിക്കും.

ALSO READ:'മെസിയും അര്‍ജന്‍റീനയും വരും; വരണ്ട തരാൻ കാശില്ലെന്ന് ഇന്ത്യ'....ഫുട്‌ബോൾ ആരാധകരെ ഞെട്ടിച്ച് ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട്

കഴിഞ്ഞ വർഷത്തെ ചുരുക്കപ്പട്ടികയില്‍ മെസിക്ക് ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല. 2005-ന് ശേഷം ആദ്യമായായിരുന്നു ഏഴ് തവണ ബാലൺ ഡി ഓര്‍ നേടിയ ലയണല്‍ മെസിക്ക് ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കാന്‍ കഴിയാതിരുന്നത്. ബാഴ്‌സലോണ വിട്ട് പാരിസ് സെന്‍റ് ജർമെയ്‌നിലേക്ക് ചേക്കേറിയ താരത്തിന് മികച്ച പ്രകനം നടത്താന്‍ കഴിയാത്തതായിരുന്നു അവസാന 30-അംഗ പട്ടികയില്‍ നിന്നും പുറത്താവാനുള്ള കാരണം.

ABOUT THE AUTHOR

...view details