കേരളം

kerala

ISL: ചെന്നൈയിനെ വീഴ്‌ത്തി ഗോവ; പോയിന്‍റ് പട്ടികയിൽ ഒന്നാമത്

By

Published : Oct 22, 2022, 7:43 AM IST

ചെന്നൈയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം

ISL  Indian Super League  ഇന്ത്യൻ സൂപ്പർ ലീഗ്  ചെന്നൈയിനെ കീഴടക്കി ഗോവ  എഫ്‌സി ഗോവയ്‌ക്ക് വിജയം  ISL FC GOA VS CHENNAIYIN FC  FC GOA BEAT CHENNAIYIN FC  ചെന്നൈയിൻ  ഗോവ  ചെന്നൈയിനെ വീഴ്‌ത്തി ഗോവ
ISL: ചെന്നൈയിനെ വീഴ്‌ത്തി ഗോവ; പോയിന്‍റ് പട്ടികയിൽ ഒന്നാമത്

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൽ എഫ്‌സിക്കെതിരെ മിന്നും വിജയവുമായി എഫ്‌സി ഗോവ പോയിന്‍റ് പട്ടികയിൽ ഒന്നാമത്. ചെന്നൈയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഗോവയുടെ ജയം. ഗോവയ്‌ക്ക് വേണ്ടി റഡീം ത്ലാങും, നോഹ സദൗയിയുമാണ് ഗോളുകൾ നേടിയത്.

മത്സരത്തിൽ വിജയം ഗോവയ്‌ക്കൊപ്പമായിരുന്നെങ്കിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പന്തുതട്ടിയത്. പാസിങ്ങിലും, പന്തവകാശത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ഇരു ടീമുകളും ലക്ഷ്യത്തിലേക്ക് ഏഴ്‌ ഷോട്ടുകൾ വീതം പായിച്ചു. ഇതിൽ ഗോവയ്‌ക്ക് മാത്രമാണ് രണ്ടെണ്ണം ഗോളുകളാക്കി മാറ്റാൻ സാധിച്ചത്.

ഇരുവരും ആക്രമിച്ച് കളിച്ച മത്സരത്തിന്‍റെ പത്താം മിനിട്ടിൽ തന്നെ ഗോവ ആദ്യ ഗോൾ സ്വന്തമാക്കി. നോഹ സദൗയിയുടെ മികച്ച ക്രോസ് തകർപ്പൻ ഹെഡ്ഡറിലൂടെ റഡീം വലയിലെത്തിക്കുകയായിരുന്നു. ഗോൾ വഴങ്ങിയ ശേഷം ആക്രമണം ശക്തമാക്കിയ ചെന്നൈയിൻ നിരവധി ഗോൾ അവസരങ്ങൾ സൃഷ്‌ടിച്ചുവെങ്കിലും ഗോൾ മാത്രം നേടാനായില്ല.

ഇതോടെ ആദ്യ പകുതി ഒരു ഗോൾ ലീഡുമായി ചെന്നൈ അവസാനിപ്പിച്ചു. രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ഗോളുകളൊന്നും നേടാനായില്ല. മത്സരത്തിൽ 12 മിനിട്ടാണ് റഫറി അധിക സമയമായി നൽകിയത്. ഇതോടെ സമനില ഗോളിനായി ചെന്നൈയിൽ പട ഗോവൻ ഗോൾ പോസ്റ്റിലേക്ക് ഇരച്ചുകയറി.

ഇതിനിടെ ചെന്നൈയിന്‍റെ പ്രതിരോധ നിരയുടെ പാളിച്ച മുതലെടുത്ത ഗോവ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ രണ്ടാം ഗോളും വിജയവും സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം നേടിയ ഗോവ ആറ് പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്‍റുള്ള ചെന്നൈയിൻ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details