കേരളം

kerala

Indonesia Open| ഇന്തോനേഷ്യ ഓപ്പൺ: ക്വാര്‍ട്ടറില്‍ തോറ്റു; ശ്രീകാന്ത് പുറത്ത്

By

Published : Jun 16, 2023, 6:07 PM IST

ഇന്തോനേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍ ചൈനയുടെ ലീ ഷി ഫെങ്ങിനോട് തോല്‍വി വഴങ്ങി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്.

Kidambi Srikanth Exits From Indonesia Open  Li Shi Feng  Kidambi Srikanth  ഇന്തോനേഷ്യ ഓപ്പൺ  കിഡംബി ശ്രീകാന്ത്  ലീ ഷി ഫെങ്
ഇന്തോനേഷ്യ ഓപ്പൺ: ക്വാട്ടറില്‍ തോറ്റു; ശ്രീകാന്ത് പുറത്ത്

ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്നും ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുറത്ത്. പുരുഷ സിംഗിള്‍സിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ചൈനയുടെ ലീ ഷി ഫെങ്ങിനോടാണ് കിഡംബി ശ്രീകാന്ത് പരാജയപ്പെട്ടത്. ഒരു മണിക്കൂര്‍ ഒമ്പത് മിനിട്ട് നീണ്ടു നിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ലോക ഒമ്പതാം നമ്പര്‍ താരമായ ലീ ഷി ഫെങ് ശ്രീകാന്തിനെ കീഴടക്കിയത്.

ടൂര്‍ണമെന്‍റില്‍ സീഡ് ചെയ്യപ്പെടാത്ത താരങ്ങളാണ് ലീ ഷി ഫെങ്ങും ശ്രീകാന്തും. ആദ്യ സെറ്റ് 14-21 എന്ന സ്‌കോറിന് ചൈനീസ് താരം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് ഇതേ സ്‌കോറില്‍ പിടിച്ച ശ്രീകാന്ത് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റ് 12-21 എന്ന സ്‌കോറിന് പിടിച്ച് ഫെങ് മത്സരവും സ്വന്തമാക്കുകയായിരുന്നു.

വിജയത്തോടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ 1-1 എന്ന നിലയില്‍ ശ്രീകാന്തിനൊപ്പമെത്താനും ഫെങ്ങിന് കഴിഞ്ഞു. ആദ്യ സെറ്റില്‍ 2-0 എന്ന സ്‌കോറില്‍ ലീഡെടുത്താണ് ലോക റാങ്കിങ്ങില്‍ 22-ാം നമ്പറുകാരനായ ശ്രീകാന്ത് തുടങ്ങിയത്. എന്നാല്‍ തുടര്‍ന്ന് ശ്രീകാന്ത് വരുത്തിയ പിഴവുകള്‍ മുതലെടുത്ത് തുടര്‍ച്ചയായ അഞ്ച് പോയിന്‍റുകള്‍ നേടിയ ചൈനീസ് താരം ശക്തമായി തിരിച്ചുവന്നു. സെറ്റിന്‍റെ തുടക്കത്തില്‍ മാത്രമായിരുന്നു ലീഡെടുക്കാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞത്.

ആദ്യ സെറ്റിന്‍റെ ഇടവേള സമയത്ത് 11-7 എന്ന ലീഡിലേക്ക് ഫെങ്‌ എത്തിയിരുന്നു. നെറ്റിന് സമീപം ശ്രീകാന്ത് നിരവധി പിഴവുകള്‍ വരുത്തിയപ്പോള്‍ ഫെങ്ങിന്‍റെ കോര്‍ട്ട് കവറേജും ആന്‍റിസിപ്പേഷനും ഏറെ മികച്ചതായിരുന്നു. ആദ്യ ഗെയിം അനായാസം പോക്കറ്റിലാക്കുന്നതിനായി ഡ്രോപ്പ് ഷോട്ടുകളും ബോഡി സ്‌മാഷുകളും ഉപയോഗിച്ച് ഫെങ് തന്‍റെ ലീഡ് വർധിപ്പിച്ചുകൊണ്ടിരുന്നതോടെ ചില നിമിഷങ്ങളില്‍ ഒഴികെ ശ്രീകാന്ത് പൂർണ്ണമായും നിറം മങ്ങി.

രണ്ടാം ഗെയിമിന്‍റെ തുടക്കത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. മികച്ച സ്‌മാഷുകളിലൂടെ തന്‍റെ ശൈലിയിലേക്ക് തിരിച്ചെത്തിയ ശ്രീകാന്ത് ചൈനീസ് എതിരാളിയെ പിന്നിലാക്കി 11-6 എന്ന ലീഡ് നേടി. തുടര്‍ന്ന് നെറ്റിന് സമീപം കൂടുതല്‍ ആക്രമണോത്സുകമായി കളിച്ചതോടെ സെറ്റ് സ്വന്തമാക്കി മത്സരം സമനിലയിലെത്തിക്കാനും ശ്രീകാന്തിന് കഴിഞ്ഞു. മൂന്നാം സെറ്റില്‍ ഈ താളം നിലനിര്‍ത്തുന്നതിന് കഴിയാതെ വന്നതോടെയാണ് ശ്രീകാന്തിന് തോല്‍വി വഴങ്ങേണ്ടി വന്നത്.

ഗെയിമിന്‍റെ ഇടവേളയില്‍ ഫെങ് അഞ്ച് പോയിന്‍റ് ലീഡെടുത്തിരുന്നു. ഇതിനിടെ താരം ഇടതുകാലിന് വൈദ്യസഹായം നേടുകയും ചെയ്‌തു. ഒടുവില്‍ പരിക്ക് തളര്‍ത്താതിരുന്നതോടെ ശ്രീകാന്തിനെ കീഴടക്കി മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കാന്‍ ചൈനീസ് താരത്തിന് കഴിഞ്ഞു. സ്‌കോര്‍: 14-21, 21-14, 12-21.

അതേസമയം ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ കീഴടക്കിയായിരുന്നു ശ്രീകാന്ത് ക്വാര്‍ട്ടറില്‍ എത്തിയത്. കടുത്ത പോരാട്ടം നടന്ന പ്രീ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്ത് ലക്ഷ്യയെ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് 17-21 എന്ന സ്‌കോറിന് നഷ്‌ടപ്പെടുത്തിയ ലക്ഷ്യ രണ്ടാം സെറ്റില്‍ പൊരുതിനിന്നു. ഇതോടെ 22-20 എന്ന സ്‌കോറിനാണ് ശ്രീകാന്ത് സെറ്റും മത്സരവും സ്വന്തമാക്കിയത്.

ABOUT THE AUTHOR

...view details