കേരളം

kerala

മന്ത്രിക്ക് കാര്യം മനസിലായി; മാനദണ്ഡത്തില്‍ ഇളവുമായി ഇന്ത്യന്‍ പുരുഷ-വനിത ഫുട്‌ബോള്‍ ടീം ഏഷ്യന്‍ ഗെയിംസിന്

By

Published : Jul 26, 2023, 8:11 PM IST

ഇന്ത്യയുടെ പുരുഷ-വനിത ഫുട്‌ബോള്‍ ടീമുകള്‍ ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ.

Indian Football Team  Asian Games  Asian Games 2023  Anurag Thakur  Anurag Thakur twitter  Igor Stimac  all india football federation  Sports Ministry  കേന്ദ്ര കായിക മന്ത്രാലയം  അനുരാഗ് താക്കൂര്‍  ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം  ഏഷ്യന്‍ ഗെയിംസ്  ഏഷ്യന്‍ ഗെയിംസ് 2023  ഇഗോർ സ്റ്റിമാക്  Indian Football Teams to participate Asian Games
ഇന്ത്യന്‍ പുരുഷ-വനിത ഫുട്‌ബോള്‍ ടീം ഏഷ്യന്‍ ഗെയിംസിന്

ന്യൂഡല്‍ഹി:ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ പുരുഷ-വനിത ഫുട്‌ബോള്‍ ടീമുകള്‍ക്ക് അനുമതി നല്‍കി കേന്ദ്ര കായിക മന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ ട്വിറ്റ് ചെയ്‌തിട്ടുണ്ട്. നിലവിലെ മാനദണ്ഡമനുസരിച്ച് ഗെയിംസിന് യോഗ്യത നേടാത്ത ഇരു ടീമുകളുടെയും പങ്കാളിത്തം സുഗമമാക്കുന്നതിന് നിയമങ്ങളിൽ ഇളവ് വരുത്താൻ കായിക മന്ത്രാലയം തീരുമാനിച്ചു.

ടീമുകളുടെ സമീപകാലത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അനുരാഗ് താക്കൂർ തന്‍റെ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ടീമുകളെ മാത്രം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുപ്പിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ കേന്ദ്ര കായിക മന്ത്രാലയം നിശ്ചയിച്ച യോഗ്യത മാനദണ്ഡം.

ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യൻ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‍റെ പങ്കാളിത്തം തുലാസിലായിരുന്നു. നിലവില്‍ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെ കീഴിലുള്ള രാജ്യങ്ങളില്‍ 18-ാം റാങ്കിലാണ് ഇന്ത്യയുടെ പുരുഷ ടീമുള്ളത്. എന്നാല്‍ ഫിഫ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള രാജ്യങ്ങളെ ഉള്‍പ്പെടെ വീഴ്‌ത്തിക്കൊണ്ടായിരുന്നു ഇന്ത്യ അടുത്തിടെ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ്, സാഫ് കപ്പ് എന്നീ ടൂര്‍ണമെന്‍റുകള്‍ വിജയിച്ചത്.

ഇതോടെ കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധവും ഉയര്‍ന്ന് വന്നിരുന്നു. കൂടാതെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്‌എഫ്‌) വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും ചെയ്‌തിരുന്നു. ഇതിന്‍റെ ഭാഗമായി എഐഎഫ്‌എഫ്‌ പ്രസിഡന്‍റ് കല്യാണ്‍ ചൗബെ ഫുട്‌ബോള്‍ ടീം ഗെയിംസില്‍ പങ്കെടുക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേന്ദ്ര കായിക മന്ത്രാലയത്തെ ബോധിപ്പിക്കുകയും ചെയ്‌തിരുന്നു.

കൂടാതെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഫുട്ബോള്‍ ടീമിനെ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോർ സ്റ്റിമാക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രിക്കും എഴുതിയ കത്തും ഏറെ ചര്‍ച്ചയായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗ്യത മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര കായിക മന്ത്രാലയം തയ്യാറായത്.

വളര്‍ച്ചയുടെ പാതയിലുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് പങ്കാളിത്തം ഏറെ പ്രധാനപ്പെട്ടതാണെന്നായിരുന്നു ഏറെ വൈകാരികമായി കത്തിലൂടെ സ്റ്റിമാക് പ്രധാന മന്ത്രിയേയും കേന്ദ്ര കായിക മന്ത്രിയേയും അറിയിച്ചത്. കഴിഞ്ഞ നാല് വർഷമായി ഇന്ത്യയുടെ ദേശീയ ടീം വളരെ കഠിനാധ്വാനം ചെയ്യുകയും ചില മികച്ച ഫലങ്ങളുണ്ടാക്കുകയും ചെയ്‌തിട്ടുണ്ട്. കൂടുതല്‍ പിന്തുണ ലഭിച്ചാല്‍ ഇനിയും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നാണ് അത് തെളിയിക്കുന്നത്.

ടീമിന്‍റെ പങ്കാളിത്തം നഷ്‌ടപ്പെടുത്തുന്ന തരത്തിലുള്ള യോഗ്യത മാനദണ്ഡം തീര്‍ത്തും അന്യായമാണ്. ഫുട്‌ബോളിനൊപ്പം ഒരു ബില്യൺ ഇന്ത്യക്കാരുടെ പ്രതീക്ഷകളും പ്രാർത്ഥനകളുമുണ്ട്. ഏഷ്യന്‍ ഗെയിംസ് പോലെ ഒരു വലിയ വേദിയില്‍ കളിക്കുന്നത് കളിക്കാര്‍ക്കും ടീമിനും ഏറെ ഗുണം ചെയ്യും. ഒന്നാം റാങ്കിലുള്ള ടീമിനെ തോൽപ്പിക്കാൻ താഴ്ന്ന റാങ്കിലുള്ള ടീമിന് അവസരമുള്ള ഒരു കായിക വിനോദമാണ് ഫുട്ബോൾ എന്നതിന് ചരിത്രവും കണക്കുകളും സാക്ഷിയാണെന്നും തന്‍റെ കത്തില്‍ ഇഗോർ സ്റ്റിമാക് പറഞ്ഞിരുന്നു.

ALSO READ: Casey Phair Debut | മധുരപ്പതിനാറിൽ വിശ്വവേദിയില്‍ അരങ്ങേറ്റം ; ലോകകപ്പ് ഫുട്‌ബോളിൽ ചരിത്രനേട്ടവുമായി കാസി ഫെയർ

ABOUT THE AUTHOR

...view details