ഖത്തർ: ലോകകപ്പ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനലിന്‍റെ ആവേശത്തിലേക്ക് കടക്കുകയാണ്. ഇനി എട്ട് മത്സരങ്ങൾ മാത്രമാണ് ലോകകപ്പിന്‍റെ വേദിയിൽ ശേഷിക്കുന്നത്. ഇതിൽ മൊറോക്കോ മാത്രമാണ് ക്വാർട്ടർ ഫൈനലിലെ സർപ്രൈസ് എൻട്രി. ക്വാര്‍ട്ടറിൽ പോരാട്ടത്തിനുള്ള മറ്റ് ടീമുകളെല്ലാം തന്നെ ഫുട്‌ബോൾ ലോകത്തെ വമ്പൻമാർ തന്നെയാണ്.
ഇത്തവണത്തെ ക്വാർട്ടറിൽ ഏവരും ഉറ്റുനോക്കുന്ന രണ്ട് പോരാട്ടങ്ങളാണ് ഡിസംബർ ഒമ്പതിന് നടക്കുന്ന ക്രൊയേഷ്യ- ബ്രസീൽ മത്സരവും പത്തിന് നടക്കുന്ന അർജന്‍റീന- നെതർലൻഡ്‌സ് മത്സരവും. ഇതിൽ അർജന്‍റീനയും ബ്രസീലും വിജയിച്ചാൽ ഏവരും കാത്തിരിക്കുന്ന സ്വപ്‌ന സെമി ഡിസംബർ 13ന് രാത്രി 12 മണിക്ക് നടക്കും. ഒരിക്കൽ കൂടി മെസിയും നെയ്‌മറും നേർക്കുനേർ വരും. അത് കാണാനാകും ഫുട്‌ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
കരുത്തോടെ ബ്രസീൽ: തങ്ങളുടെ ആറാം സ്വർണക്കിരീടം ലക്ഷ്യമിട്ടാണ് ബ്രസീൽ ഇത്തവണ കളത്തിലിറങ്ങുന്നത്. 2002ന് കിരീടം നേടാനാകാത്ത ബ്രസീൽ ഇത്തവണ സ്വർണക്കപ്പിൽ മുത്തമിടാനുറച്ച് തന്നെയാണ് ഖത്തറിലേക്ക് എത്തിയിരിക്കുന്നത്. 11 തവണയാണ് കാനറിപ്പട ലോകകപ്പിന്‍റെ സെമിയിൽ പന്തുതട്ടിയത്. അതിൽ അഞ്ച് തവണ പോരാട്ടം അവസാനിപ്പിച്ചത് കിരീട നേട്ടത്തോടെയായിരുന്നു. രണ്ട് തവണ രണ്ടാം സ്ഥാനക്കാരാകാനും ബ്രസീലിന് സാധിച്ചു.
ഖത്തർ ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനമാണ് ബ്രസീൽ കാഴ്‌ചവച്ചത്. ടൂർണമെന്‍റിൽ ഒരു തവണ മാത്രമാണ് ടീം തോൽവി വഴങ്ങിയത്. പരിക്കിൽ നിന്ന് മുക്‌തനായി നെയ്‌മർ തിരിച്ചെത്തിയതോടെ ടീം പൂർണ ശക്‌തി കൈവരിച്ചു കഴിഞ്ഞു. വിനീഷ്യസും, റിച്ചാലിസണും, റഫീന്യയും മികച്ച ഫോമിൽ തന്നെ കളിക്കുന്നതും ബ്രസീലിന് കരുത്ത് പകരുന്നു. പ്രതിരോധത്തിൽ മാർത്തിന്യോസും തിയാഗോ സിൽവയും ഉരുക്ക് കോട്ടപോലത്തന്നെ ഉറച്ചു നിൽക്കുന്നുണ്ട്.