കേരളം

kerala

ഡെര്‍ബിയിലെ 'തമ്മിലടി', കണക്കുതീര്‍ത്ത് അത്‌ലറ്റിക്കോ ; കോപ്പ ഡെല്‍ റേയില്‍ നിന്ന് റയല്‍ മാഡ്രിഡ് പുറത്ത്

By ETV Bharat Kerala Team

Published : Jan 19, 2024, 7:34 AM IST

Copa Del Rey Round Of 16 : കോപ്പ ഡെല്‍ റേ പ്രീ ക്വാര്‍ട്ടറിലെ മാഡ്രിഡ് ഡെര്‍ബിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം. മത്സരത്തില്‍ റയലിന്‍റെ തോല്‍വി 4-2 എന്ന സ്കോറിന്.

Atletico Madrid vs Real Madrid  Copa Del Rey ATM vs RMA  Madrid Derby Copa Del Rey 2024  കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍
Copa Del Rey Round Of 16

മാഡ്രിഡ് :സ്‌പാനിഷ് സൂപ്പര്‍ കപ്പിലെ തോല്‍വിയ്‌ക്ക് കോപ്പ ഡെല്‍ റേയില്‍ (Copa Del Rey) റയല്‍ മാഡ്രിഡിനോട് (Real Madrid) കണക്ക് തീര്‍ത്ത് അത്‌ലറ്റിക്കോ മാഡ്രിഡ് (Atletico Madrid). എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയുടെ ജയം (ATM vs RMA Copa Del Rey Round Of 16). മത്സരത്തിന്‍റെ അധിക സമയത്ത് അന്‍റോയിന്‍ ഗ്രീസ്‌മാന്‍ (Antoine Griezmann), റോഡ്രിഗോ റിക്വെല്‍മെ (Rodrigo Riquelme) എന്നിവര്‍ നേടിയ ഗോളുകളാണ് അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം ഒരുക്കിയത്.

സാമുവല്‍ ലിനോയും (Samuel Lino) അല്‍വാരോ മൊറാട്ടയുമാണ് (Alvaro Morata) അത്‌ലറ്റിക്കോയുടെ മറ്റ് സ്കോറര്‍മാര്‍. അത്‌ലറ്റിക്കോ മാഡ്രിഡ് ഗോള്‍ കീപ്പര്‍ ജാന്‍ ഒബ്ലക്കിന്‍റെ (Jan Oblak) സെല്‍ഫ് ഗോളും ജൊസേലുവിന്‍റെ (Joselu) ഗോളുമായിരുന്നു റയല്‍ അക്കൗണ്ടിലേക്ക് എത്തിയത്. ജയത്തോടെ കോപ്പ ഡെല്‍ റേയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌പാനിഷ് സൂപ്പര്‍ കപ്പ് ചാമ്പ്യന്മാര്‍ക്ക് പുറത്തേക്കുള്ള വഴിയാണ് തുറന്നത് (Real Madrid Knocked Out).

സിവിറ്റാസ് മെട്രോപൊളിറ്റന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ ഇരു ടീമുകളും തകര്‍പ്പന്‍ മുന്നേറ്റങ്ങളാണ് നടത്തിയത്. 11-ാം മിനിട്ടില്‍ ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ ഗോള്‍ശ്രമം ക്രോസ്ബാര്‍ തടഞ്ഞിട്ടു. പിന്നീട്, 21-ാം മിനിട്ടില്‍ റയലിന്‍റെ ഒന്നിന് പിറകെ ഓരോന്നായുള്ള നീക്കങ്ങള്‍ക്ക് അത്‌ലറ്റിക്കോ ഗോള്‍ കീപ്പര്‍ ജാന്‍ ഒബ്ലക്കിനെ മറികടക്കാനായതുമില്ല.

അതേസമയം, മറുവശത്തും ആക്രമണങ്ങള്‍ നടത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരത്തിന്‍റെ 39-ാം മിനിട്ടില്‍ സാമുവല്‍ ലിനോയിലൂടെയാണ് ലീഡ് കണ്ടെത്തുന്നത്. റയല്‍ ഡിഫന്‍ഡര്‍ റൂഡിഗര്‍ ക്ലിയര്‍ ചെയ്‌ത പന്തായിരുന്നു ലിനോ ഗോളാക്കി മാറ്റിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റയല്‍ അത്‌ലറ്റിക്കോയ്‌ക്കൊപ്പമെത്തി.

അത്‌ലറ്റിക്കോ ബോക്‌സിലേക്ക് വന്ന ലൂക്കാ മോഡ്രിച്ചിന്‍റെ ഫ്രീകിക്ക് മുന്നിലേക്ക് കയറി തട്ടിയകറ്റാനുള്ള ഒബ്ലാക്കിന്‍റെ ശ്രമം ഗോളില്‍ കലാശിക്കുകയായിരുന്നു. ഒബ്ലാക്കിന്‍റെ കയ്യില്‍ നിന്നും വഴുതിയാണ് പന്ത് ഗോള്‍വലയ്‌ക്കുള്ളില്‍ കയറിയത്. ഇതോടെ, ഒന്നാം പകുതി 1-1 എന്ന സ്കോറില്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ 57-ാം മിനിട്ടില്‍ റയല്‍ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നും അത്‌ലറ്റിക്കോ മാഡ്രിഡ് ലീഡ് ഉയര്‍ത്തി. അല്‍വാരോ മൊറാട്ടയായിരുന്നു ഗോള്‍ സ്കോറര്‍. പിന്നാലെ, മത്സരം പരുക്കന്‍ സ്വഭാവത്തിലേക്കും നീങ്ങി. 82-ാം മിനിട്ടില്‍ ജൊസേലു റയലിനായി സമനില ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു.

Also Read :ബെസ്റ്റ് മെസി തന്നെ, പക്ഷേ ഇന്ത്യയില്‍ നിന്ന് ഒറ്റവോട്ടും താരത്തിനില്ല...വിവരങ്ങളിങ്ങനെ

എക്‌സ്‌ട്രാ ടൈമില്‍ 100-ാം മിനിട്ടിലാണ് അത്‌ലറ്റിക്കോ ലീഡ് ഉയര്‍ത്തുന്നത്. അന്‍റോയിന്‍ ഗ്രീസ്‌മാന്‍റെ തകര്‍പ്പന്‍ മുന്നേറ്റമായിരുന്നു ഗോളില്‍ കലാശിച്ചത്. 119-ാം മിനിട്ടിലെ ഗോളിലൂടെയായിരുന്നു റോഡ്രിഗോ അത്‌ലറ്റിക്കോയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.

ABOUT THE AUTHOR

...view details