കേരളം

kerala

ഓ മാറക്കാന, ആരാധകരുടെ തമ്മിലടിക്ക് ശേഷം അർജന്‍റീനയോട് തോറ്റ് ബ്രസീല്‍

By ETV Bharat Kerala Team

Published : Nov 22, 2023, 10:01 AM IST

ലോകകപ്പ് യോഗ്യത മത്സരത്തില്‍ അർജന്‍റീനയ്ക്ക് ജയം ഉറപ്പിച്ചത് പ്രതിരോധ താരം നിക്കോളാസ് ഒട്ടമെൻഡിയുടെ ബുള്ളറ്റ് ഹെഡ്ഡർ. ബ്രസീല്‍ മധ്യനിര താരം ജൊയലിൻടൺ ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്ത് പേരുമായാണ് മാറക്കാനയില്‍ ബ്രസീല്‍ മത്സരം പൂർത്തിയാക്കിയത്.

Argentina vs Brazil Maracana
Argentina vs Brazil Maracana

റിയോ ഡി ജനിറോ:വീണ്ടുമൊരു മാറക്കാന ദുരന്തം. ആരാധകരുടെ തമ്മിലടിയും പൊലീസിന്‍റെ ഇടപെടലും ചുവപ്പുകാർഡും എല്ലാം നിറഞ്ഞ മത്സരത്തില്‍ ചരിത്ര പ്രസദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ അർജന്‍റീയോട് തോറ്റ് ബ്രസീല്‍. ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീല്‍ അർജന്‍റീനയോട് പരാജയമറിഞ്ഞത്.

ഇന്ത്യൻ സമയം ഇന്ന് രാവിലെ ആറരയ്ക്ക് തുടങ്ങിയ മത്സരത്തില്‍ 63-ാം മിനിട്ടില്‍ പ്രതിരോധ താരം നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനാണ് അർജന്‍റീന ബ്രസീലിനിടെ പരാജയപ്പെടുത്തിയത്. മത്സരം തുടങ്ങുന്നതിന് മുൻപ് ഇരുടീമുകളുടേയും ആരാധകർ സ്റ്റേഡിയത്തില്‍ കയ്യാങ്കളിയില്‍ ഏർപ്പെട്ടതിനെ തുടർന്ന് അരമണിക്കൂർ വൈകിയാണ് യോഗ്യത മത്സരം ആരംഭിച്ചത്.

വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യ 45 മിനിറ്റില്‍ ആരും ഗോളടിച്ചില്ല. രണ്ടാം പകുതി തുടങ്ങിയ ശേഷം ലഭിച്ച കോർണർ കിക്കില്‍ നിന്നാണ് ഒട്ടമെൻഡിയുടെ തകർപ്പൻ ബുള്ളറ്റ് ഹെഡ്ഡർ അർജന്‍റീനയ്ക്ക് ജയമൊരുക്കിയത്. ലോകകപ്പ് യോഗ്യത ചരിത്രത്തില്‍ സ്വന്തം മണ്ണിലെ ആദ്യ തോല്‍വിയും ഈ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ തുടർച്ചയായ മൂന്നാം തോല്‍വിയുമാണ് വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിന് നേരിടേണ്ടി വന്നത്. അതേസമയം അർജന്‍റീനയ്ക്ക് എതിരായ തുടർച്ചയായ നാലാം തോല്‍വി കൂടിയാണ് ബ്രസീല്‍ ഇന്ന് നേരിട്ടത്.

ഗാലറിയില്‍ അടി, തിരിച്ചുകയറി അർജന്‍റീന: മത്സരം ആരംഭിക്കുന്നതിന് മുൻപ് ഗാലറിയില്‍ ഇരു ടീമുകളുടേയും ആരാധകർ തമ്മിലടിച്ചതോടെയാണ് മത്സരം വൈകിയത്. ഗാലറിയില്‍ പൊലീസും ആരാധകരും ഏറ്റുമുട്ടുമ്പോൾ അർജന്‍റീനൻ താരങ്ങൾ പൊലീസിനോട് തർക്കിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്്. അർജന്‍റീനൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് അടക്കമുള്ളവരാണ് പൊലീസിനോട് തർക്കിച്ചത്.

ഇതിന് ശേഷം ക്യാപ്റ്റൻ മെസിയുടെ നേതൃത്വത്തില്‍ അർജന്‍റീനൻ താരങ്ങൾ മൈതാനത്ത് നിന്ന് തിരികെ കയറിയിരുന്നു. സ്ഥിതിഗതികൾ പൊലീസിന് നിയന്ത്രിക്കാനായ ശേഷമാണ് അർജന്‍റീനൻ ടീം തിരികെയെത്തി മത്സരം ആരംഭിച്ചത്. അര്‍ജന്‍റീനന്‍ ദേശീയഗാനം ആരംഭിക്കുമ്പോള്‍ ബ്രസീലിയന്‍ ആരാധകര്‍ കൂവിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഗ്യാലറിയില്‍ ഏറ്റുമുട്ടല്‍ തുടങ്ങുകയായിരുന്നു.

ആരാധകരോട് സമാധാനം പാലിക്കാന്‍ അര്‍ജന്‍റീനയുടെ ലിയോണല്‍ മെസിയും ബ്രസീലിന്‍റെ മാര്‍ക്വീഞ്ഞോസും അടക്കമുള്ള താരങ്ങള്‍ അഭ്യര്‍ഥിച്ചെങ്കിലും ഫലം കണ്ടില്ല. ആരാധകരും സുരക്ഷ വിഭാഗവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ ഗ്യാലറിയില്‍ തുടര്‍ന്നു. പൊലീസിന്‍റെ ഇടപെടലില്‍ നിരവധി ആരാധകർക്ക് പരിക്കേറ്റിട്ടുണ്ട്.

ലോകകപ്പ് യോഗ്യത: ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവുമായി 15 പോയിന്‍റുകൾ നേടിയ ലോകചാമ്പ്യൻമാരായ അർജന്‍റീനയാണ് ടേബിൾ ടോപ്പർ. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയമടക്കം ഏഴ് പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബ്രസീല്‍. യുറുഗ്വായ്, കൊളംബിയ, വെനസ്വേല, ഇക്വഡോർ എന്നി ടീമുകൾക്ക് പിന്നിലാണ് ബ്രസീല്‍.

ബ്രസീലിന് ചുവപ്പുകാർഡും: ഒരു ഗോളിന് പിന്നില്‍ നില്‍ക്കവേ എൺപത്തിയൊന്നാം മിനിട്ടില്‍ ബ്രസീല്‍ മധ്യനിര താരം ജൊയലിൻടൺ ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്ത് പേരുമായാണ് മാറക്കാനയില്‍ ബ്രസീല്‍ മത്സരം പൂർത്തിയാക്കിയത്. റോഡ്രിഗോ ഡി പോളിനെ ഫൗൾ ചെയ്‌തതിനാണ് ജൊയലിൻടൺ ചുവപ്പുകാർഡ് വാങ്ങിയത്.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ