കേരളം

kerala

വാനോളം മോഹങ്ങളുമായി ഇന്ത്യ, ഏഷ്യന്‍ കപ്പില്‍ ഇന്ന് ആദ്യ മത്സരം; എതിരാളികള്‍ കരുത്തരായ ഓസ്‌ട്രേലിയ

By ETV Bharat Kerala Team

Published : Jan 13, 2024, 8:11 AM IST

India vs Australia Football: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. എതിരാളികള്‍ ലോക റാങ്കിങ്ങിലെ 25-ാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ. മത്സരം ആരംഭിക്കുന്നത് ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചിന്.

AFC Asian Cup 2024  India vs Australia  India vs Australia Football  ഇന്ത്യൻ ഫുട്‌ബോള്‍ ടീം
Etv Bharat

ദോഹ :എഎഫ്‌സി ഏഷ്യന്‍ കപ്പ് (AFC Asian Cup) ഫുട്‌ബോളിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. കരുത്തരായ ഓസ്‌ട്രേലിയ ആണ് സുനില്‍ ഛേത്രിയുടെയും സംഘത്തിന്‍റെയും എതിരാളി. അല്‍ റയാന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ച് മണിക്കാണ് മത്സരം തുടങ്ങുന്നത് (Asian Cup India vs Australia).

ലോക റാങ്കിങ്ങിലെ 25-ാം സ്ഥാനക്കാരാണ് ഓസ്‌ട്രേലിയ (Australia Fifa Ranking). ഇന്ത്യയാകട്ടെ 102-ാം സ്ഥാനത്തും (India Fifa Ranking). റാങ്കിങ്ങും ചരിത്രവും പരിശോധിച്ചാല്‍ ഇന്ന് ജയം നേടുക എന്നത് ഇന്ത്യയ്‌ക്ക് ഏറെ കടുപ്പമേറിയ പണിയാകും.

ബി ഗ്രൂപ്പില്‍ തന്നെ റാങ്കിങ്ങില്‍ പിന്നിലുള്ള ടീമാണ് ഇന്ത്യ. ഉസ്‌ബെകിസ്ഥാന്‍ (68), സിറിയ (92) എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ടൂര്‍ണമെന്‍റില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്ക് ഔട്ടിലേക്ക് നേരിട്ട് യോഗ്യത നേടുകയും മൂന്നാം സ്ഥാനക്കാര്‍ക്ക് മറ്റൊരു അവസരം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ന് ജയത്തിലുപരി സമനിലയെങ്കിലും നേടുക എന്ന ലക്ഷ്യമായിരിക്കും ഇന്ത്യയ്‌ക്ക് ഉണ്ടാകുക.

ജയം ആണെങ്കിലും തോല്‍വി ആണെങ്കിലും ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം നടത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് അഭിപ്രായപ്പെട്ടിരുന്നു. ഒരു ടീമായും ഫുട്‌ബോളില്‍ ഒരു രാജ്യമായും വളരുക. ഈ ടൂര്‍ണമെന്‍റില്‍ നിന്നും പഠിക്കുന്ന കാര്യങ്ങള്‍ ഭാവിയില്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കാല്‍പന്ത് കളിയിലെ നേര്‍ക്കുനേര്‍ കണക്ക് (India vs Australia Head To Head Stats In Football): ഇന്ത്യയും ഓസ്‌ട്രേലിയയും ഫുട്‌ബോള്‍ മൈതാനത്ത് പന്ത് തട്ടാനിറങ്ങുന്ന ഒന്‍പതാമത്തെ മത്സരമാണ് ഇന്ന് അല്‍ റയാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അവസാനമായി ഇരു ടീമും ഫുട്‌ബോളില്‍ നേര്‍ക്കുനേര്‍ പോരിനിറങ്ങിയത്. അന്ന്, ഇന്ത്യയ്‌ക്കെതിരെ എതിരില്ലാത്ത നാല് ഗോള്‍ നേടി ഓസ്‌ട്രേലിയ ജയം ആഘോഷിച്ചു.

കൂടാതെ, ഇതുവരെ തമ്മിലേറ്റുമുട്ടിയ എട്ട് മത്സരങ്ങളില്‍ അഞ്ച് എണ്ണത്തിലും അവര്‍ക്ക് തന്നെ ജയം നേടാന്‍ സാധിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യം ഇന്ത്യയും ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. ഒരു മത്സരം സമനിലയിലും കലാശിച്ചു.

മത്സരം തത്സമയം കാണാന്‍(Where To Watch AFC Asian Cup 2024): എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ഇന്ത്യയുടെ ഓസ്‌ട്രേലിയക്കെതിരായ അങ്കം ഇന്ത്യയില്‍ സ്പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമയിലൂടെയും മത്സരം ഓണ്‍ലൈനായി സ്ട്രീം ചെയ്യാം.

Also Read :ലുസൈലില്‍ ലെബനനെ വീഴ്‌ത്തി ആദ്യ ജയം, ഏഷ്യന്‍ കപ്പില്‍ തേരോട്ടം തുടങ്ങി ഖത്തര്‍

ABOUT THE AUTHOR

...view details