കേരളം

kerala

WTC Final| 'എന്ത് മോശം ഷോട്ടാണ് കളിച്ചതെന്ന് കോലിയോട് ചോദിക്കണം, നാഴികകല്ലുകളെക്കുറിച്ച് ചിന്തിച്ചാല്‍ ഇങ്ങനെയിരിക്കും'; ഗവാസ്‌കര്‍

By

Published : Jun 12, 2023, 2:01 PM IST

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് തുലച്ച വിരാട് കോലിക്കെതിരെ കടുത്ത വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍.

WTC Final  Sunil Gavaskar criticizes Virat Kohli  india vs australia  Sunil Gavaskar  Virat Kohli  world test championship  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്  വിരാട് കോലി  സുനില്‍ ഗവാസ്‌കര്‍  വിരാട് കോലിക്കെതിരെ സുനില്‍ ഗവാസ്‌കര്‍  ഇന്ത്യ vs ഓസ്‌ട്രേലിയ
പൊട്ടിത്തെറിച്ച് സുനില്‍ ഗവാസ്‌കര്‍

ഓവല്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോടായിരുന്നുവെങ്കില്‍ ഇത്തവണ ഓസ്‌ട്രേലിയയോടായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 209 റണ്‍സിനായിരുന്നു ഇന്ത്യയുടെ കീഴടങ്ങല്‍.

രണ്ടാം ഇന്നിങ്‌സിന് ശേഷം ഓസ്‌ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 234 റൺസിന് പുറത്താകുകയായിരുന്നു. മത്സരത്തിന്‍റെ അഞ്ചാം ദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. വിരാട് കോലിയും അജിങ്ക്യ രഹാനെയും ക്രീസില്‍ നില്‍ക്കെ ഇന്ത്യയ്‌ക്ക് പ്രതീക്ഷയുണ്ടായിരുന്നു.

എന്നാല്‍ തുടക്കം തന്നെ കോലി വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ഇന്ത്യയുടെ ആണിക്കല്ലിളകി. സ്‌കോട്ട് ബോലന്‍ഡിന്‍റെ ഓഫ്‌ സ്റ്റംപിന് പുറത്തുള്ള പന്തില്‍ കവര്‍ ഡ്രൈവ് കളിച്ച കോലി എഡ്‌ജായി സ്ലിപ്പില്‍ സ്റ്റീവ് സ്‌മിത്തിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. തലേന്ന് നേടിയ 44 റണ്‍സ് എന്ന വ്യക്തിഗത സ്കോറിനോട് വെറും അഞ്ച് റണ്‍സ് മാത്രമായിരുന്നു കോലിക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.

ബാക്കിയുള്ളവര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഇന്ത്യയെ തേടി അനിവാര്യമായ തോല്‍വിയും എത്തി. ഇതിന് പിന്നാലെ വിരാട് കോലിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്‌കർ പ്രതികരിച്ചത്. വ്യക്തിഗതമായ നേട്ടത്തെക്കുറിച്ച് ചിന്തിച്ചതിനാലാവാം വിരാട് കോലി അനാവശ്യ ഷോട്ട് കളിച്ച് പുറത്തായതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

"ഓഫ്‌ സ്റ്റംപിന് പുറത്തുള്ള ബോളില്‍ തീര്‍ത്തും സാധാരണമായ ഒരു ഷോട്ടായിരുന്നുവത്. അതുവരെ അത്തരം പന്തുകള്‍ അവന്‍ ഒഴിവാക്കുകയായിരുന്നു. ഒരുപക്ഷെ തന്‍റെ അർധ സെഞ്ചുറിയിലേക്ക് എത്താന്‍ ഒരു റണ്‍സ് വേണമെന്ന് അവന് ബോധമുണ്ടായിരിക്കണം.

നിങ്ങൾ ഒരു നാഴികക്കല്ലിനോട് അടുക്കുമ്പോൾ അത് സംഭവിക്കുന്നു. ആദ്യ ഇന്നിങ്‌സില്‍ 48 റണ്‍സില്‍ നില്‍ക്കെ ജഡേജയ്‌ക്കും സംഭവിച്ചത് ഇതാണ്. ഒരു അനാവശ്യ ഷോട്ട് കളിച്ചാണ് അവന്‍ പുറത്തായത്.

രണ്ടാം ഇന്നിങ്‌സില്‍ 46 റണ്‍സില്‍ നില്‍ക്കേ സമാനമായാണ് അജിങ്ക്യ രഹാനെയും തിരിച്ച് കയറുന്നത്. അത്രയും സമയം അവന്‍ ആ ഷോട്ട് കളിച്ചിരുന്നില്ല. പെട്ടെന്ന് എന്തിനാണ് ആ ഷോട്ട് കളിക്കുന്നത്?. കാരണം നിങ്ങൾക്ക് ആ നാഴികകല്ലിനെക്കുറിച്ച് അറിയാം", സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

എന്തുതരം ഷോട്ടാണ് കളിച്ചതെന്ന് നിങ്ങള്‍ കോലിയോട് തന്നെ ചോദിക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു. "തീര്‍ച്ചയായും അതൊരു മോശം ഷോട്ടായിരുന്നു. കോലി എന്ത് ഷോട്ടാണ് കളിച്ചതെന്ന് നിങ്ങൾ അവനോട് തന്നെ ചോദിക്കണം. ഒരു മത്സരം എങ്ങനെ ജയിക്കണം എന്നതിനെക്കുറിച്ച് അവന്‍ വളരെയധികം സംസാരിക്കുന്നു, എന്നാല്‍ അതിന് നിങ്ങള്‍ക്ക് ഒരു നീണ്ട ഇന്നിങ്‌സ് ആവശ്യമാണ്.

ഓഫ്‌ സ്റ്റംപിന് ഏറെ പുറത്തുള്ള ഒരു പന്തില്‍ എങ്ങനെയാവും നിങ്ങള്‍ കളിക്കുക?" അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരം വിശകലനം ചെയ്യുന്നതിനിടെയാണ് ഗവാസ്‌കറിന്‍റെ വാക്കുകള്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കൂടെ വിജയിച്ചതോടെ ഐസിസിയുടെ നാല് കിരീടങ്ങളും നേടുന്ന ആദ്യ ടീമെന്ന തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ ഓസീസിന് കഴിഞ്ഞു.

ALSO READ: WTC Final | തല ഉയർത്തി പോരാട്ടം തുടരും ; തോല്‍വി നിരാശപ്പെടുത്തുന്നത് : രോഹിത് ശര്‍മ

ABOUT THE AUTHOR

...view details