കേരളം

kerala

ഫുൾ ചാർജിലായതെങ്ങനെ, കോലി പറയുന്നു; 'ഇപ്പോൾ ഹാപ്പി...'

By

Published : Jul 22, 2023, 4:01 PM IST

Updated : Jul 22, 2023, 4:16 PM IST

ടീമിന് മുതല്‍ക്കൂട്ടാവുന്ന പ്രകടനങ്ങള്‍ നടത്താനാണ് എപ്പോഴും ശ്രമിക്കാറുള്ളതെന്ന് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി

WI vs IND  Virat Kohli About century in Queen s Park Oval  Virat Kohli  india vs west indies  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  വിരാട് കോലി  വിരാട് കോലിക്ക് സെഞ്ചുറി
ക്യൂന്‍സ് പാര്‍ക്കിലെ പ്രകടനത്തില്‍ സംതൃപ്‌തനെന്ന് വിരാട് കോലി

പോര്‍ട്ട് ഓഫ് സ്പെയിന്‍: കരിയറിലെ 500-ാം അന്താരാഷ്‌ട്ര മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡിടാന്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് കഴിഞ്ഞിരുന്നു. പോര്‍ട്ട് ഓഫ് സ്പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 206 പന്തുകളില്‍ 121 റണ്‍സായിരുന്നു വിരാട് കോലി അടിച്ചുകൂട്ടിയത്. 35-കാരനായ കോലിയുടെ കരിയറിലെ 76-ാം സെഞ്ചുറിയാണിത്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിദേശമണ്ണിലെ വിരാട് കോലിയുടെ ആദ്യ സെഞ്ചുറിയെന്ന പ്രത്യേകതയും ഈ പ്രകടനത്തിനുണ്ട്. ഏറെ ശ്രദ്ധയോടെയും സാങ്കേതിക തികവോടെയുമായിരുന്നു താരം തന്‍റെ ഇന്നിങ്‌സ് പടുത്തിയര്‍ത്തിയത്. ഇപ്പോഴിതാ തന്‍റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്‌തനാണെന്ന് പ്രതികരിച്ചിരിക്കുകയാണ് 35-കാരന്‍.

ഏറെ ആസ്വദിച്ചാണ് താന്‍ ബാറ്റ് ചെയ്‌തതെന്നും വിരാട് കോലി പറഞ്ഞു. 'ക്യൂന്‍സ് പാര്‍ക്കില്‍ ഞാന്‍ ശരിക്കും ആസ്വദിച്ചുകൊണ്ടാണ് ബാറ്റ് വീശിയത്. വെല്ലുവിളി നിറഞ്ഞ സമയത്തായിരുന്നു എനിക്ക് ബാറ്റ് ചെയ്യേണ്ടി വന്നത്. ഔട്ട്ഫീൽഡ് മന്ദഗതിയിലായതിനാൽ എനിക്ക് ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നു. പിന്നീടാണ് നല്ല റിഥം ലഭിച്ചത്. എന്തെങ്കിലും തരണം ചെയ്യാനുണ്ടെങ്കിൽ, ഞാൻ ചാർജിലാവും.' - വിരാട് കോലി പറഞ്ഞു.

ഇന്ത്യക്കായി 500 മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതില്‍ കൃതാര്‍ഥനാണെന്നും ടീമിനായി ചിലതൊക്കെ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 'സ്വന്തം മണ്ണിലുള്ളതിനേക്കാള്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ ഞാന്‍ വിദേശത്താണ് നേടിയിട്ടുള്ളത്. 15 സെഞ്ചുറികള്‍ വിദേശ പിച്ചില്‍ നേടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കുറച്ച് അര്‍ധ സെഞ്ചുറികളും ഞാന്‍ വിദേശ പിച്ചുകളില്‍ നേടിയിട്ടുണ്ട്.'

ALSO READ:IND vs IRE| ഇനി ക്യാപ്റ്റന്‍ സൂര്യ ?; അയര്‍ലന്‍ഡ് പര്യടനത്തില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

'ടീമിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങളിൽ മാത്രമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എപ്പോഴും ടീമിന് മുതല്‍ക്കൂട്ടാവുന്ന പ്രകടനങ്ങളാണ് നടത്താന്‍ ശ്രമിക്കാറുള്ളത്. ഈ റണ്‍സുകളും നാഴികക്കല്ലുകളും വ്യക്തമാക്കുന്നത് എന്നില്‍ നിന്നും ടീം മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു എന്നതാണ്. ഇന്ത്യയ്‌ക്കായി 500 മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞുവെന്നതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്' - വിരാട് കോലി പറഞ്ഞു നിര്‍ത്തി. എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്താന്‍ ഫിറ്റ്‌നസാണ് തന്നെ സഹായിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നേടിയ 438 റണ്‍സിന് മറുപടിക്കിറങ്ങിയ വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 86 റണ്‍സെടുക്കെയാണ് രണ്ടാം ദിന മത്സരം അവസാനിപ്പിച്ചത്. വിരാട് കോലിയുടെ സെഞ്ചുറിക്ക് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ മികച്ച രീതിയില്‍ എത്തിച്ചത്.

ALSO READ:Virat Kohli | 'കോലി തന്നെ കേമൻ', സെഞ്ച്വറി കണ്ട് കൺ നിറഞ്ഞ് ജോഷ്വയുടെ അമ്മ

Last Updated : Jul 22, 2023, 4:16 PM IST

ABOUT THE AUTHOR

...view details