കേരളം

kerala

പഴയ ആവേശമില്ല, എങ്കിലും ഫൈനലിന് ശേഷവും ആ പതിവ് തുടര്‍ന്ന് ടീം ഇന്ത്യ

By ETV Bharat Kerala Team

Published : Nov 20, 2023, 12:47 PM IST

Virat Kohli Wins Best Fielder Medal: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ടീം ഇന്ത്യയുടെ മികച്ച ഫീല്‍ഡറായി വിരാട് കോലി.

Cricket World Cup 2023  Best Fielder Medal In Cricket World Cup 2023 Final  Virat Kohli  India vs Australia Final  Indian Dressing Room Best Fielder Medal  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍  മികച്ച ഫീല്‍ഡറിനുള്ള മെഡല്‍  ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡ്രസിങ് റൂം  വിരാട് കോലി
Virat Kohli Wins Best Fielder Medal

അഹമ്മദാബാദ് :'മികച്ച ഫീല്‍ഡറിനുള്ള മെഡല്‍...' ലോകകപ്പിന്‍റെ ആദ്യ മത്സരം മുതല്‍ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ തുടങ്ങിവച്ചൊരു പതിവാണത്. ഇതിലൂടെ ഓരോ മത്സരത്തിന് ശേഷവും ആ കളിയിലെ മികച്ച ഫീല്‍ഡറെ തെരഞ്ഞെടുത്ത് അവരെ അഭിനന്ദിക്കുന്നതിനായി ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപാണ് ഇത്തരത്തിലൊരു ആശയം ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഓരോ മത്സരശേഷവും ഡ്രസിങ് റൂമില്‍ ഇതിനായി മാത്രം പ്രത്യേകം സമയവും നീക്കിവച്ചിരുന്നു.

ഇതിന്‍റെ രസകരമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ബിസിസിഐ പുറത്തുവിടുകയും ചെയ്യുന്നത് പതിവാണ്. ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശയോടെ കളിക്കളം വിടേണ്ടി വന്ന ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ശേഷവും ഈ പതിവ് തുടര്‍ന്നിരിക്കുകയാണ് ബിസിസിഐ. ഓസ്‌ട്രേലിയക്കെതിരായ ഫൈനലിലെ മികച്ച ഫീല്‍ഡര്‍ ആരെന്ന് പ്രഖ്യാപിക്കുന്നതാണ് വീഡിയോ.

ഫൈനലിലെ പ്രകടനത്തിന് മികച്ച ഫീല്‍ഡര്‍ക്കുള്ള മെഡല്‍ സ്വന്തമാക്കിയത് ടീമിലെ സ്റ്റാര്‍ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലിയാണ്. ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ടീമിനെ ആശ്വസിപ്പിച്ച ശേഷമായിരുന്നു ഫീല്‍ഡിങ് പരിശീലകന്‍ മെഡല്‍ ജേതാവിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ മത്സരത്തില്‍ മെഡലിന് അര്‍ഹനായ രവീന്ദ്ര ജഡേജയാണ് കോലിക്ക് മെഡല്‍ കൈമാറിയത്.

കഠിനമായ ഫലമാണെങ്കിലും ഓരോരുത്തര്‍ക്കും അഭിമാനിക്കാന്‍ സാധിക്കുന്ന പ്രകടനമാണ് ലോകകപ്പില്‍ ഉടനീളം ഇന്ത്യന്‍ താരങ്ങള്‍ കാഴ്‌ചവച്ചതെന്ന് ടി ദിലീപ് പറഞ്ഞു. പരിശീലന സെഷനില്‍ ഉള്‍പ്പടെ താരങ്ങള്‍ നല്‍കിയ പിന്തുണയ്‌ക്കും കളിക്കളത്തില്‍ കാട്ടിയ മികവിനും അവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു.

'ടൂര്‍ണമെന്‍റിലുടനീളം മികച്ച ഫീല്‍ഡിങ് പ്രകടനം നടത്താന്‍ ടീമിലെ എല്ലാവര്‍ക്കും സാധിച്ചു. കളിക്കളത്തിലെ എല്ലാവരുടെയും ഒത്തൊരുമയാണ് ഞാന്‍ കൂടുതലും ആസ്വദിച്ചത്. പരസ്പരം പിന്തുണ നല്‍കാന്‍ എല്ലാവരും തയ്യാറായി' ഡ്രസിങ് റൂമില്‍ സംസാരിക്കവെ ടി ദിലീപ് പറഞ്ഞു.

Also Read :കളിക്കാരനും ക്യാപ്‌റ്റനും പരിശീലകനുമായി, എന്നിട്ടും കഷ്‌ടകാലം ; ഭാവിപദ്ധതികളെ കുറിച്ച് രാഹുല്‍ ദ്രാവിഡ്

അതേസമയം, ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന്‍റെ തോല്‍വിയാണ് ടീം ഇന്ത്യ വഴങ്ങിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം ട്രാവിസ് ഹെഡിന്‍റെ സെഞ്ച്വറിയുടെയും മാര്‍നസ് ലബുഷെയ്‌ന്‍റെ അര്‍ധസെഞ്ച്വറിയുടെയും കരുത്തില്‍ കങ്കാരുപ്പട 43 ഓവറില്‍ മറികടക്കുകയായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് വേണ്ടി കെഎല്‍ രാഹുല്‍ (66) വിരാട് കോലി (54), രോഹിത് ശര്‍മ (47) എന്നിവര്‍ മാത്രമാണ് ബാറ്റുകൊണ്ട് തിളങ്ങിയത് (India vs Australia Final Match Result).

ABOUT THE AUTHOR

...view details