മുംബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ഇന്ത്യന്‍ താരമായി പേസ് സെൻസേഷൻ ഉമ്രാൻ മാലിക്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യിൽ മണിക്കൂറില്‍ 155 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞാണ് ഉമ്രാന്‍ റെക്കോഡിട്ടത്. ഇതോടെ ജസ്‌പ്രീത് ബുംറ ക്ലോക്ക് ചെയ്‌ത മണിക്കൂറില്‍ 153.36 കിലോമീറ്റർ എന്ന റെക്കോഡാണ് തകര്‍ക്കപ്പെട്ടത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ ബുംറ മടങ്ങിയെത്തുമ്പോള്‍ ഈ റെക്കോഡിനായുള്ള പോര് കടുക്കുമെന്നുറപ്പാണ്.
മണിക്കൂറില്‍ 153.3 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ മുഹമ്മദ് ഷമിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. മണിക്കൂറില്‍ 152.85 കിലോമീറ്റര്‍ വേഗവുമായി നവ്‌ദീപ് സൈനി നാലാം സ്ഥാനത്തുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി സ്ഥിരമായി 150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞ് 23കാരനായ ഉമ്രാന്‍ ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ നേടിയിരുന്നു.
156 കിലോമീറ്റര്‍ വേഗം ക്ലോക്ക് ചെയ്‌ത് ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും വേഗതയേറിയ പന്തിന്‍റെ റെക്കോഡ് കഴിഞ്ഞ സീസണില്‍ ഉമ്രാന്‍ സ്വന്തമാക്കിയിരുന്നു. അതേസമയം റെക്കോഡ് വേഗമെന്നതിനപ്പുറം മത്സരത്തിന്‍റെ ഗതിമാറ്റിയ പന്ത് കൂടിയായിരുന്നുവിത്. ലങ്കന്‍ ഇന്നിങ്‌സിന്‍റെ 17-ാം ഓവറില്‍ നാലാം പന്താണ് ഉമ്രാന്‍ 155 കിലോമീറ്റർ വേഗതയിൽ എറിഞ്ഞത്.
ഉമ്രാന്‍റെ തീയുണ്ട നേരിട്ട ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനക ചാഹലിന് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്‌തു. 27 പന്തില്‍ 45 റണ്‍സെടുത്ത ലങ്കന്‍ ക്യാപ്റ്റന്‍ പുറത്തായതാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തില്‍ രണ്ട് റണ്‍സിനാണ് ഇന്ത്യ വിജയം നേടിയത്.