കേരളം

kerala

അഞ്ചിന് 153, പിന്നെ പത്തിന് 153; തകര്‍ന്നടിഞ്ഞ് ഇന്ത്യയും, 98 റണ്‍സ് മാത്രം ലീഡ്

By ETV Bharat Kerala Team

Published : Jan 3, 2024, 8:04 PM IST

South Africa vs India 2nd Test: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് 98 റണ്‍സിന്‍റെ ലീഡ് മാത്രം.

South Africa vs India  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  വിരാട് കോലി  Virat kohli
South Africa vs India 2nd Test Score updates

കേപ്‌ടൗണ്‍:ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ വമ്പന്‍ ലീഡെടുക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് ഇന്ത്യ. കേപ്‌ടൗണിലെ ക്യൂന്‍സ്‌ലാന്‍ഡില്‍ ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസിനെ 55 ന് എറിഞ്ഞിട്ട് മറുപടിക്കിറങ്ങിയ ഇന്ത്യ 34.5 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ 98 റണ്‍സിന്‍റെ ലീഡ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് ലഭിച്ചത്.

59 പന്തില്‍ 46 റണ്‍സെടുത്ത വിരാട് കോലി ഇന്ത്യയുടെ ടോപ്‌ സ്‌കോററായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (50 പന്തില്‍ 39), ശുഭ്‌മാന്‍ ഗില്‍ (55 പന്തില്‍ 36) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കെഎല്‍ രാഹുല്‍ 33 പന്തില്‍ 8 റണ്‍സെടുത്തു. യശ്വസി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുംറ, മുഹമ്മജ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ പൂജ്യത്തിനാണ് തിരിച്ച് കയറിയത്. മുകേഷ് കുമാര്‍ പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കായി കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി, നാന്ദ്രെ ബര്‍ഗര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ഭേദപ്പെട്ട തുടക്കം ലഭിച്ചതിന് ശേഷമായിരുന്നു ഇന്ത്യ തകര്‍ന്നടിഞ്ഞത്. ആദ്യ വിക്കറ്റില്‍ ജയ്‌സ്വാളിനെ ഒരറ്റത്ത് നിര്‍ത്തി രോഹിത് 17 റണ്‍സ് ചേര്‍ത്തിരുന്നു. മൂന്നാം നമ്പറിലെത്തിയ ഗില്ലിനൊപ്പം 55 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് രോഹിത് തിരിച്ച് കയറിയത്.

തുടര്‍ന്ന് ഒന്നിച്ച കോലിയും ഗില്ലും ചേര്‍ന്ന് 33 റണ്‍സ് കണ്ടെത്തി. ഗില്‍ മടങ്ങുമ്പോള്‍ 20.6 ഓവറില്‍ മൂന്നിന് 105 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. ശ്രേയസ് അയ്യര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആറാം നമ്പറിലെത്തിയ രാഹുല്‍ മടങ്ങും മുമ്പ് 43 റണ്‍സ് ചേര്‍ക്കാന്‍ കോലിയ്‌ക്ക് കൂട്ടുനിന്നു. രാഹുല്‍ പുറത്താവുമ്പോള്‍ 33.1 ഓവറില്‍ അഞ്ചിന് 153 റണ്‍സ് എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. എന്നാല്‍ പിന്നീട് ഒരൊറ്റ റണ്‍സ് പോലും ചേര്‍ക്കാതെയാണ് ടീം ബാക്കിയുള്ള അഞ്ച് വിക്കറ്റുകളും നഷ്‌ടപ്പെടുത്തിയത്.

അതേസമയം നേരത്തെ ആറ് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജിന്‍റെ മികവിലായിരുന്നു ഇന്ത്യ പ്രോട്ടീസിനെ പിടിച്ച് കെട്ടിയത്. 30 പന്തില്‍ 15 റണ്‍സ് നേടിയ കെയ്‌ല്‍ വെരെയ്‌ന, 17 പന്തില്‍ 12 റണ്‍സെടുത്ത ഡേവിഡ് ബെഡിങ്ഹാം എന്നിവര്‍ മാത്രമാണ് പ്രോട്ടീസ് നിരയില്‍ രണ്ടക്കം തൊട്ടത്.

ALSO READ: കോലി പറഞ്ഞു, സിറാജ് ചെയ്‌തു; ജാന്‍സന് മടക്ക ടിക്കറ്റ് - വീഡിയോ കാണാം...


ഇന്ത്യ (പ്ലെയിംഗ് ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാർ. (India Playing XI for 2nd Test Against South Africa).

ദക്ഷിണാഫ്രിക്ക (പ്ലെയിംഗ് ഇലവൻ): ഡീൻ എൽഗാർ(സി), എയ്ഡൻ മാർക്രം, ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറെയ്നെ(വിക്കറ്റ് കീപ്പര്‍), മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, നാന്ദ്രെ ബർഗർ, ലുങ്കി എൻഗിഡി. (South Africa Playing XI for 2nd Test Against India).

ABOUT THE AUTHOR

...view details