കേരളം

kerala

ഞെട്ടിച്ച് ആര്‍സിബി; ഉപദേശകയായി സാനിയ മിര്‍സ

By

Published : Feb 15, 2023, 12:56 PM IST

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിത ടീമിനൊപ്പം ഉപദേശകയായി ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് സാനിയ മിര്‍സ.

Sania Mirza to mentor RCB  Women s Premier League  royal challengers bangalore  Sania Mirza  Sania Mirza news  വിമൻസ് പ്രീമിയര്‍ ലീഗ്  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  സാനിയ മിര്‍സ ആർസിബി ഉപദേശക  സാനിയ മിര്‍സ  സ്‌മൃതി മന്ദാന  smriti mandhana
ഞെട്ടിച്ച് ആര്‍സിബി; ഉപദേശകയായി സാനിയ മിര്‍സ

ബാംഗ്ലൂര്‍:വിമൻസ് പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) പ്രഥമ പതിപ്പ് ആരംഭിക്കുന്നതിന് മുന്നെ തന്നെ ഞെട്ടിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആർസിബി). ഇന്ത്യയുടെ ഇതിഹാസ ടെന്നിസ് താരം സാനിയ മിര്‍സയെ ഫ്രാഞ്ചൈസി ഉപദേശകയായി നിയമിച്ചു. ഇക്കാര്യം റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍ പ്രസ്‌താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ആർസിബി വനിത ടീമിൽ ഒരു ഉപദേശകനായി ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സാനിയ മിര്‍സ പ്രതികരിച്ചു. വിമൻസ് പ്രീമിയര്‍ ലീഗിനൊപ്പം ഇന്ത്യയിലെ വനിത ക്രിക്കറ്റും വളരുകയാണ്. വിപ്ലവകരമായ ഈ പുരോഗതിയുടെ ഭാഗമാകാന്‍ കാത്തിരിക്കുകയാണ്.

തന്‍റെ കാഴ്‌ചപ്പാടുകളുമായി ഒത്തുപോകുന്നതാണ് ആര്‍സിബിയുടെ നയങ്ങളും നിലപാടുകളും. വിരമിക്കലിന് ശേഷം ഈ രീതിയിലും സ്‌പോർട്‌സിൽ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നത് സന്തോഷമാണ്. ഐ‌പി‌എല്ലിൽ വളറെ ഏറെ ആരാധകരുള്ള ഒരു ജനപ്രിയ ടീമാണ് ആർ‌സി‌ബി.

സാനിയ മിര്‍സ

വിമൻസ് പ്രീമിയര്‍ ലീഗില്‍ അവര്‍ ഒരു ടീമിനെ പടുത്തുയര്‍ന്നത് കാണുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഇന്ത്യയിലെ വനിത കായിക രംഗത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും വനിത ക്രിക്കറ്റര്‍മാര്‍ക്ക് മുന്നില്‍ പുതിയ വാതിലുകള്‍ തുറന്നിടാനും ഇതുവഴി സാധിക്കും. കൂടാതെ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കൾക്കും സ്‌പോർട്‌സിനെ ആദ്യ കരിയർ ചോയ്‌സായി തെരഞ്ഞെടുക്കാനും ഇത് പിന്തുണ നല്‍കുമെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണോടെ ഗ്രാന്‍ഡ്‌ സ്ലാം കരിയര്‍ അവസാനിപ്പിച്ച സാനിയ ഈ മാസം അവസാനം നടക്കുന്ന ദുബായ്‌ ഓപ്പണോടെ ടെന്നിസില്‍ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ശേഷം 36കാരി ബാംഗ്ലൂരിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്‌സ്‌ഡ് ഡബിള്‍സിനിറങ്ങിയ താരം റണ്ണറപ്പായിരുന്നു.

സ്വാഗതം ചെയ്‌ത് ആര്‍സിബി:വനിത ടീമിന്‍റെ ഉപദേശകയായി സാനിയ മിർസയെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ആർസിബി മേധാവിയും വൈസ് പ്രസിഡന്‍റുമായ രാജേഷ് വി മേനോൻ പറഞ്ഞു. "ഞങ്ങളുടെ യുവതലമുറ ഉറ്റുനോക്കുന്ന ഒരാളാണ് സാനിയ. അവർക്ക് ഞങ്ങളുടെ ടീമിനെ പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയും.

വിവിധ സാഹചര്യങ്ങളിലെ സമ്മർദത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നറിയുന്ന മികച്ച താരമാണ് സാനിയ. കരിയറില്‍ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും കഠിനാധ്വാനം, അഭിനിവേശം, നിശ്ചയദാർഢ്യം എന്നിവയിലൂടെ അവയെ മറികടന്ന സാനിയ മികച്ച മാതൃകയാണ്" ആര്‍സിബി മേധാവി പറഞ്ഞു.

കരുത്തുറ്റ നിരയുമായി ആര്‍സിബി: വിമൻസ് പ്രീമിയര്‍ ലീഗിന്‍റെ പ്രഥമ പതിപ്പിന് മുന്നോടിയായി നടന്ന ലേലത്തില്‍ കരുത്തുറ്റ ടീമിനെയാണ് ആര്‍സിബി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാന, ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി, മേഗൻ ഷട്ട്, ന്യൂസിലൻഡ് ക്യാപ്റ്റൻ സോഫി ഡിവൈൻ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ്, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡെയ്ൻ വാൻ നിക്കെർക്ക് ഇന്ത്യയുടെ വെടിക്കെട്ട് താരം റിച്ച ഘോഷ് തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് ആര്‍സിബിയുടെ കരുത്തുറ്റ നിര. സ്‌മൃതി മന്ദാനയ്‌ക്കായാണ് ഫ്രാഞ്ചൈസി ഏറ്റവും കൂടുതല്‍ പണം വീശിയത്.

സ്‌മൃതി മന്ദാന

50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്‌മൃതിയെ 3.40 കോടി രൂപയ്‌ക്കാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഇതോടെ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന താരമായും 26കാരി മാറി. അതേസമയം മാര്‍ച്ച് നാല് മുതല്‍ 26 വരെയാണ് ഡബ്ല്യുപിഎല്‍ പ്രഥമ പതിപ്പ് നടക്കുക. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, ബ്രബോണ്‍ സ്റ്റേഡിയം എന്നിവിടങ്ങളാണ് മത്സരങ്ങളുടെ വേദി.

ALSO READ:'നമ്മുടെ കുടുംബം ഇപ്പോൾ വലുതും ശക്തവുമാണ്' ; ഡബ്ല്യുപിഎല്‍ ലേലത്തിന് പിന്നാലെ രോഹിത് ശര്‍മ

ABOUT THE AUTHOR

...view details