കേരളം

kerala

Rishabh Pant| റിഷഭ് പന്ത് മടങ്ങിയെത്തിയാലും അതിന് കഴിയുമോ?; കനത്ത ആശങ്കയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്

By

Published : Jul 2, 2023, 3:11 PM IST

ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയാലും റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ ആകാന്‍ സമയമെടുത്തേക്കുമെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍.

IPL 2024  Rishabh Pant uncertain to play as keeper  Delhi Capitals  Rishabh Pant Injury Update  റിഷഭ് പന്ത്  Rishabh Pant  ഡല്‍ഹി ക്യാപിറ്റല്‍സ്  ഐപിഎല്‍  ഐപിഎല്‍ 2024
റിഷഭ് പന്ത്

മുംബൈ: കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കാര്‍ അപകടത്തിലേറ്റ പരിക്കില്‍ നിന്നും ശക്തമായ തിരിച്ചുവരവാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ്‌ പന്ത് നടത്തുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ വേഗത്തില്‍ ഫിറ്റ്‌നസിലേക്ക് മടങ്ങിയെത്താന്‍ കഴിയുന്നുണ്ടെങ്കിലും 25-കാരനായ റിഷഭ് പന്തിന്‍റെ വിക്കറ്റ് കീപ്പിങ്‌ ഭാവിയില്‍ ആശങ്ക തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് താരത്തിന്‍റെ കാലിലെ ലിഗമെന്‍റിന് ഒന്നിലധികം ശസ്‌ത്രക്രിയകള്‍ നടത്തിയിരുന്നു.

ഇതോടെ അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കഴിഞ്ഞാലും പന്തിന് വിക്കറ്റ് കീപ്പര്‍ ആകാന്‍ കഴിയുമോയെന്ന കാര്യം വ്യക്തമല്ല. വിക്കറ്റ് കീപ്പിങ്ങിലെ പന്തിന്‍റെ ഭാവി സംബന്ധിച്ച് ബിസിസിഐയ്‌ക്കും ആശങ്കയുണ്ട്. താരത്തിന് എപ്പോഴാണ് വിക്കറ്റ് കീപ്പിങ് തുടരാന്‍ കഴിയുക എന്ന കാര്യം ഇപ്പോള്‍ പറയാന്‍ പ്രയാസമാണെന്നാണ് ബിസിസിഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

"റിഷഭ് പന്ത് ഫിറ്റ്‌നസിലേക്ക് അതിവേഗം തിരിച്ചെത്തുകയാണ്. എന്നാല്‍, ഈ ഘട്ടത്തില്‍ എപ്പോഴാവും താരത്തിന് വിക്കറ്റ് കീപ്പറാവാന്‍ കഴിയുകയെന്ന് പറയാന്‍ ഏറെ പ്രയാസമാണ്. അവന്‍ പരിശീലനത്തിന് ഇറങ്ങിയാലും അതിനായി മൂന്ന് മാസമോ ആറ് മാസത്തിലേറെയോ വേണ്ടി വന്നേക്കാം.

അതേക്കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും പറയുക ബുദ്ധിമുട്ടാണ്. പന്തിനെ ഏറെ സാവധാനത്തില്‍ മാത്രമേ വിക്കറ്റ് കീപ്പിങ്ങിലേക്ക് മടക്കികൊണ്ടുവരൂ. പന്ത് ഒരു യുവതാരമാണ്. ഏറെക്കാലത്തെ ക്രിക്കറ്റ് കരിയര്‍ അവന് മുന്നിലുണ്ട്. പന്തിനേറ്റ പരിക്കിന്‍റെ സ്വഭാവം നോക്കുമ്പോള്‍ ധൃതിവച്ച് ക്രിക്കറ്റിലേക്ക് മടക്കിക്കൊണ്ടുവരിക സാധ്യമല്ല", ബിസിസിഐ ഉദ്യോഗസ്ഥന്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് പറഞ്ഞു.

ഇതോടെ ഐപിഎല്ലിന്‍റെ അടുത്ത സീസണില്‍ മറ്റൊരു വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ടിവരുമോയെന്ന ആശങ്കയിലാണ് താരത്തിന്‍റെ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സിനുള്ളത്. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ റിഷഭ്‌ പന്തിന്‍റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണര്‍ക്ക് കീഴില്‍ ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് പോയിന്‍റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.

പന്തിന് പകരം വിക്കറ്റ് കീപ്പറെന്ന നിലയില്‍ അവസാന നിമിഷം ബംഗാളിന്‍റെ യുവ താരം അഭിഷേക് പോറലിനെ ഡല്‍ഹി കൂടാരത്തിലെത്തിച്ചിരുന്നു. ടൂര്‍ണമെന്‍റില്‍ ആദ്യം സര്‍ഫറാസ് ഖാനെയും പിന്നീട് അഭിഷേകിനേയും വിക്കറ്റ് കീപ്പറായി ഡല്‍ഹി ക്യാപിറ്റല്‍സ് പരീക്ഷിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പരാജയമായിരുന്നു ഫലം.

ഇതോടെ അവസാനത്തില്‍ ഫില്‍ സാള്‍ട്ടിന് വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് നല്‍കാന്‍ ഫ്രാഞ്ചൈസി നിര്‍ബന്ധിതരായത് ടീമിലെ വിദേശ താരങ്ങളുടെ കോമ്പിനേഷനേയും ബാധിച്ചു. ഒരു ബാറ്റര്‍ എന്ന നിലയില്‍ അടുത്ത ജനുവരിയോടെ പന്തിന് മടങ്ങിയെത്താന്‍ കഴിയുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കപ്പെടുന്നത്. തിരിച്ച് വരവില്‍ പന്തിന് വിക്കറ്റ് കീപ്പറാവാന്‍ കഴിയുകയാണെങ്കില്‍ ഡല്‍ഹിയുടെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. അല്ലെങ്കില്‍ ആ സ്ഥാനത്തേക്ക് അടുത്ത ലേലത്തില്‍ മറ്റൊരു താരത്തെ ഫ്രാഞ്ചൈസിക്ക് കണ്ടെത്തേണ്ടിവരും എന്നതാണ് ടീമിനെ കൂടുതല്‍ ചിന്തിപ്പിക്കുന്നത്.

ALSO READ:'കോലിയോ ബാബറോ ആരാണ് കേമന്‍' ? ; ഭാജിയുടെ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ ഷൊയ്ബ് അക്തറിന്‍റെ മറുപടി

ABOUT THE AUTHOR

...view details