കേരളം

kerala

ക്യാപ്റ്റന്‍സിയില്‍ ഗ്രീസ്‌മാന് നിരാശയുണ്ടായിരുന്നു, ഞാന്‍ അവനോട് സംസാരിച്ചു; കിലിയന്‍ എംബാപ്പെ പറയുന്നു...

By

Published : Mar 24, 2023, 4:33 PM IST

അന്‍റോയിൻ ഗ്രീസ്‌മാന്‍ മികച്ച താരമാണ്. അയാളുടെ അനുഭവ സമ്പത്ത് പ്രയോചനപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഫ്രഞ്ച് ടീമിന് മുഴുവന്‍ നാണക്കേടെന്ന് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ.

France captain Kylian Mbappe  Kylian Mbappe on Antoine Griezmann  Kylian Mbappe  Antoine Griezmann  Hugo Lloris  Didier Deschamps  ദിദിയർ ദെഷാംപ്‌സ്  കിലിയന്‍ എംബാപ്പെ  അന്‍റോയിൻ ഗ്രീസ്‌മാൻ
വെളിപ്പെടുത്തലുമായി കിലിയന്‍ എംബാപ്പെ

പാരീസ്: ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസിന്‍റെ അന്താരാഷ്‌ട്ര വിരമിക്കലിനെ തുടർന്ന് ഈ ആഴ്ച ആദ്യമാണ് കിലിയന്‍ എംബാപ്പെയെ ഫ്രാൻസ് ഫുട്‌ബോള്‍ ടീമിന്‍റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. വൈസ് ക്യാപ്റ്റനായ അന്‍റോയിൻ ഗ്രീസ്‌മാനെ തഴഞ്ഞായിരുന്നു 24കാരനെ ടീമിന്‍റെ നായകനാക്കിയത്. എംബാപ്പെയെയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ 32കാരനായ ഗ്രീസ്‌മാന്‍ ഫ്രാന്‍സ് ടീം വിടാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പുറത്തു വന്നിരുന്നു.

ഇപ്പോഴിതാ കോച്ച് ദിദിയർ ദെഷാംപ്‌സിന്‍റെ തീരുമാനത്തില്‍ ഗ്രീസ്‌മാന് നിരാശയുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് എംബാപ്പെ. ഗ്രീസ്‌മാനുമായി താൻ സംസാരിച്ചതായും എംബാപ്പെ പറഞ്ഞു. "ഞാൻ അന്‍റോയിനോട് സംസാരിച്ചു, കാരണം അദ്ദേഹം നിരാശനായിരുന്നു. അത് വ്യക്തമായി മനസിലാക്കാവുന്നതേയുള്ളൂ. ഒരു പക്ഷെ എന്‍റെ പ്രതികരണവും ഇത്തരത്തില്‍ തന്നെയാവുമെന്ന് ഞാന്‍ അവനോട് പറഞ്ഞു.

ഗ്രീസ്‌മാനും എംബാപ്പെയും

ഞാന്‍ ക്യാപ്റ്റനും അവൻ വൈസ് ക്യാപ്റ്റനും ആയിരിക്കുന്നിടത്തോളം കാലം, ഒരിക്കലും ഞാന്‍ അവന്‍റെ മുകളിലായിരിക്കില്ലെന്നും ഞാന്‍ അവനോട് പറഞ്ഞു". എംബാപ്പെ വെളിപ്പെടുത്തി. ഫ്രാന്‍സിനായി കളിച്ചതില്‍ ഗ്രീസ്‌മാന്‍റെ അത്രയും പരിചയം തനിക്കില്ലെന്നും എംബാപ്പെ കൂട്ടിച്ചേര്‍ത്തു.

"ഫ്രാൻസിനായി കളിച്ച അനുഭവം എന്നേക്കാള്‍ കൂടുതല്‍ അവനുണ്ട്. ഏറെ അഭിമാനമുള്ളവനാണ് അന്‍റോയിൻ. ടീമിലെ മുഴവന്‍ അംഗങ്ങളും അവനെ ഏറെ ഇഷ്‌ടപ്പെടുന്നു. അവന്‍റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മുഴുവന്‍ ടീമിനും അത് നാണക്കേടാണ്. ഇക്കാര്യം തന്‍റെ കരിയര്‍ കൊണ്ട് നേരത്തെ തന്നെ അന്‍റോയിൻ തെളിയിച്ചിട്ടുണ്ട്". എംബാപ്പെ പറഞ്ഞു.

2017-ൽ ഫ്രഞ്ച് ടീമിനായി അരങ്ങേറ്റം കുറിച്ച എംബാപ്പെ ഇതേവരെ 66 അന്താരാഷ്ട്ര മത്സരങ്ങളില്‍ ടീമിനായി ബൂട്ട് കെട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലേയും ഫ്രാന്‍സിന്‍റെ മുന്നേറ്റത്തില്‍ എംബാപ്പെയ്‌ക്ക് നിര്‍ണായക പങ്കാണുള്ളത്. 2022ലെ ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്‍റീനയോട് പരാജയപ്പെട്ടുവെങ്കിലും ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോററായിരുന്നു താരം.

ഫൈനലില്‍ മൂന്ന് ഗോളുകളുമായും താരം തിളങ്ങി. 2018 ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെ ഇരട്ടഗോൾ നേടിയ എംബാപ്പെയുടെ മികവിലായിരുന്നു ഫ്രാന്‍സ് ക്രൊയേഷ്യയെ കീഴടക്കിയത്. മറുവശത്ത്, 2014-ൽ ഫ്രാന്‍സിനായി അരങ്ങേറ്റം കുറിച്ചതിന് അന്‍റോയിൻ ഗ്രീസ്‌മാൻ ഇതേവരെ 117 മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2018, 2022 ലോകകപ്പുകളിലും ഫ്രഞ്ച് നിരയില്‍ പ്രധാനിയായിരുന്നു താരം.

യൂറോ കപ്പ് ക്വാളിഫയറില്‍ നെതർലാൻഡിനെതിരായ മത്സരത്തിലാണ് എംബാപ്പെ ഫ്രാന്‍സിനായി ക്യാപ്റ്റനായി അരങ്ങേറ്റം നടത്തുക. മാർച്ച് 24നാണ് ഈ മത്സരം നടക്കുക. വിരമിക്കല്‍ പ്രഖ്യാപിച്ച ഹ്യൂഗോ ലോറിസ്, കരീം ബെന്‍സെമ, റാഫേൽ വരാനെ തുടങ്ങിയ താരങ്ങളില്ലാതെയാണ് ഫ്രാന്‍സ് നെതർലൻഡിനെതിരെ കളിക്കുന്നത്.

അതേസമയം ഒരു ദശാബ്ദത്തിലേറെ ഫ്രഞ്ച് ടീമിനെ നയിച്ചതിന് ശേഷമാണ് ഹ്യൂഗോ ലോറിസ് ഖത്തര്‍ ലോകകപ്പിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2008 നവംബറില്‍ ഫ്രഞ്ച് ടീമിനായി അരങ്ങേറ്റം നടത്തിയ ലോറിസ് 2012ലാണ് ടീമിന്‍റെ നായക പദവി ഏറ്റെടുക്കുന്നത്. തുടര്‍ന്ന് 2018ലെ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലേക്ക് നയിച്ച താരം 2022ലെ ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലിലേക്കും ടീമിനെ എത്തിച്ചു.

ഇവ അടക്കം നാല് ലോകകപ്പുകളിലും മൂന്ന് യൂറോകപ്പുകളിലും 36കാരനായ ലോറിസ് രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് ലോറിസ്. 145 മത്സരങ്ങളില്‍ ഫ്രഞ്ച് ടീമിന്‍റെ ഗോള്‍ വല കാത്ത ലോറിസ്, ഇതില്‍ 121 മത്സരങ്ങളിലും ക്യാപ്റ്റന്‍റെ ആംബാന്‍ഡ് അണിഞ്ഞാണ് കളിച്ചത്.

ALSO READ:WATCH: മറ്റൊരു വൈകാരികമായ രാത്രി, വീണ്ടും 'മുച്ചാച്ചോസ്' ഉയര്‍ത്തി ആരാധകര്‍; കണ്ണീരടക്കാന്‍ കഴിയാതെ ലയണല്‍ മെസി

ABOUT THE AUTHOR

...view details