കേരളം

kerala

ഇഷാനെ അകറ്റി നിര്‍ത്തിയ തീരുമാനം മികച്ചത്, മറ്റുള്ളവര്‍ക്കിത് പാഠമാവണം; കമ്രാന്‍ അക്‌മല്‍

By ETV Bharat Kerala Team

Published : Jan 15, 2024, 1:54 PM IST

Kamran Akmal against Ishan Kishan: കരിയറിന്‍റെ തുടക്കത്തില്‍ തന്നെ ഇഷാന്‍ കിഷന് എന്ത് മാനസിക സമ്മര്‍ദമാണുള്ളതെന്ന് കമ്രാന്‍ അക്‌മല്‍.

Kamran Akmal against Ishan Kishan  Ishan Kishan  ഇഷാന്‍ കിഷന്‍  കമ്രാന്‍ അക്‌മല്‍
Kamran Akmal Dig At Mentally Fatigued Ishan Kishan

ഇസ്ലാമാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷാന്‍ പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ഇഷാന് അവധി നല്‍കിയതെന്നായിരുന്നു ബിസിസിഐ അറിയിച്ചത്. എന്നാല്‍ മാനസികാരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് 25-കാരന്‍റെ പിന്മാറ്റമെന്ന റിപ്പോര്‍ട്ടുകള്‍ ഇതിന് പിന്നാലെ തന്നെ പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ ഇഷാനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ താരം കമ്രാൻ അക്‌മൽ. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കരിയറിന്‍റെ തുടക്കത്തിൽത്തന്നെ ഇടവേളയെടുത്ത 25-കാരന്‍റെ നടപടിയെയാണ് കമ്രാന്‍ അക്‌മല്‍ വിമര്‍ശിച്ചിരിക്കുന്നത്. (Kamran Akmal Dig At Mentally Fatigued Ishan Kishan) രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ക്കും മാനസിക സമ്മര്‍ദം നേരിടേണ്ടി വന്നിട്ടുണ്ടെന്നും 42-കാരന്‍ ചൂണ്ടിക്കാട്ടി.

"ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും മാനസികാരോഗ്യവുമായി ബന്ധപ്പെട്ടാണ് ഇഷാന്‍ കിഷന്‍ ഒഴിവായതെന്നാണ് ഉയര്‍ന്നു കേള്‍ക്കുന്ന സംസാരം. കരിയറിന്‍റെ ഈ പ്രാരംഭ ഘട്ടത്തിൽ, നിങ്ങൾക്ക് എന്ത് മാനസിക പ്രശ്‌നമാണുള്ളത്.

ഈ ടീമിൽ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയവരൊക്കെ മാനസിക പ്രശ്‌നങ്ങളെ കൈകാര്യം ചെയ്‌തിട്ടുണ്ട്. അവർ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ടെസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര മത്സരങ്ങളും കളിക്കുന്നു. ഇതേ കാരണം പറഞ്ഞ്, അവരൊന്നും തന്നെ ഇടവേള എടുക്കുന്നതായി കേട്ടിട്ടില്ല"- കമ്രാൻ അക്‌മൽ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. (Kamran Akmal against Ishan Kishan).

വിശ്രമം എടുക്കാനുള്ള ഇഷാന്‍ കിഷന്‍റെ തീരുമാനം തനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ല. രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്ന കാര്യം ഇഷാന്‍ മറക്കരുത്. ടീമില്‍ നിന്നും ഇഷാനെ അകറ്റി നിര്‍ത്തിയ സെലക്‌ടര്‍മാരുടെ നടപടി മറ്റുള്ളവര്‍ക്കുള്ള സന്ദേശമാണെന്നും കമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

"ഐപിഎല്ലിന്‍റെ രണ്ട് മാസക്കാലത്ത് നിങ്ങള്‍ക്ക് വിശ്രമിക്കാം. ഇന്ത്യൻ ടീമിൽ കളിക്കുക എന്നത് വലിയ കാര്യമാണ്. എന്നാല്‍ ഇഷാന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തി എനിക്ക് മനസിലാകുന്നേയില്ല.

ഇഷാൻ കിഷനെ ഇന്ത്യന്‍ ടീമിൽ നിന്ന് മാറ്റിനിർത്തിയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ഏറെ മികച്ചതാണെന്നാണ് എനിക്ക് തോന്നുന്നത്. അവനിപ്പോള്‍ വിശ്രമിക്കട്ടെ. അതിന് ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കട്ടെ.

മാനസികമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എപ്പോൾ വേണമെങ്കിലും വിശ്രമം ചോദിക്കാൻ കഴിയില്ലെന്ന സന്ദേശമായിരിക്കണം ഇതു ഓരോ കളിക്കാരനും നല്‍കേണ്ടത്. ഇതു രാജ്യത്തിന് വേണ്ടിയുള്ളതാണ്. അതിനാല്‍ ഇങ്ങിനെ വിശ്രമം എടുക്കാന്‍ കഴിയില്ല"- കമ്രാൻ അക്‌മൽ വ്യക്തമാക്കി.

ALSO READ:'രോഹിത് നല്‍കിയ ഉപേദശം ഇതാണ്...'; വെടിക്കെട്ട് ഫിഫ്റ്റിക്ക് പിന്നാലെ യശസ്വി ജയ്‌സ്വാളിന്‍റെ വെളിപ്പെടുത്തല്‍

അതേസമയം അവധിയെടുത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇഷാന്‍ നേരെ പോയത് ദുബായില്‍ സഹോദരന്‍റെ പിറന്നാള്‍ ആഘോഷത്തിനായിരുന്നു. ഇക്കാര്യം ബിസിസിഐക്ക് രസിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രഖ്യാപിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഇഷാനെ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ABOUT THE AUTHOR

...view details