കേരളം

kerala

IPL 2023 | 'ബലഹീനത മനസിലാക്കി കളിക്കണം'; തിലക് വര്‍മ്മയ്‌ക്ക് ഉപദേശവുമായി വിരേന്ദര്‍ സെവാഗ്

By

Published : May 29, 2023, 1:26 PM IST

മുംബൈ ഇന്ത്യന്‍സ് താരമായ തിലക് വര്‍മ്മ കഴിഞ്ഞ വര്‍ഷമാണ് ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്. ഇപ്രാവശ്യം മുംബൈക്കായി 11 മത്സരം കളിച്ച താരം 343 റണ്‍സ് നേടിയിരുന്നു.

virender sehwag  tilak varma  virender sehwag advice to tilak varma  IPL 2023  Mumbai Indians  Tilak Varma IPL Stats  തിലക് വര്‍മ്മ  വിരേന്ദര്‍ സെവാഗ്  മുംബൈ ഇന്ത്യന്‍സ്  ഐപിഎല്‍  ഐപിഎല്‍ 2023
Tilak Varma

മുംബൈ: നിരവധി പുത്തന്‍ താരോദയങ്ങള്‍ ഉണ്ടായ ഒരു ഐപിഎല്‍ സീസണിനാണ് ഇന്ന് അഹമ്മദാബാദില്‍ കൊടിയിറങ്ങുന്നത്. യശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ്, ജിതേഷ് ശര്‍മ്മ തുടങ്ങി അങ്ങനെ നീളും ഈ പട്ടിക. ഇതില്‍ ഒഴിച്ചുകൂടാനാകാത്ത താരമാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ഇടം കയ്യന്‍ ബാറ്റര്‍ തിലക് വര്‍മ്മ.

ശുഭ്‌മാന്‍ ഗില്‍ സെഞ്ച്വറിയോടെ തിളങ്ങിയ ഐപിഎല്‍ പതിനാറാം പതിപ്പിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈക്കായി വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ തിലക് വര്‍മ്മയ്‌ക്കായി. 234 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈക്കായി അഞ്ചാമനായ് ക്രീസിലെത്തിയ താരം 14 പന്തില്‍ 43 റണ്‍സടിച്ചായിരുന്നു മടങ്ങിയത്. ഈ പ്രകടനത്തിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പ്രശംസയുമായി രംഗത്തെത്തിയത്.

സീസണില്‍ മുംബൈക്കായി കൂടുതല്‍ റണ്‍സടിച്ച നാലാമത്തെ താരമാണ് തിലക് വര്‍മ്മ. 11 മത്സരം മാത്രം കളിക്കാന്‍ അവസരം ലഭിച്ച താരം 343 റണ്‍സാണ് ഇക്കുറി നേടിയത്. 42.88 ശരാശരിയിലും 164 സ്‌ട്രൈക്ക് റേറ്റിലുമായിരുന്നു തിലക് വര്‍മ ഇപ്രാവശ്യം റണ്‍സടിച്ചുകൂട്ടിയത്.

20കാരനായ താരം ഐപിഎല്ലിലേക്ക് അരങ്ങേറ്റം നടത്തിയ കഴിഞ്ഞ വര്‍ഷത്തിലും മുംബൈക്ക് വേണ്ടി ബാറ്റിങ് മികവ് പുറത്തെടുത്തിരുന്നു. 14 മത്സരങ്ങളില്‍ നിന്നും 397 റണ്‍സായിരുന്നു കഴിഞ്ഞ സീസണില്‍ തിലക് വര്‍മ്മ നേടിയത്. ഈ സീസണിലെ പ്രകടനത്തോടെ താന്‍ 'വണ്‍ സീസണ്‍ വണ്ടര്‍' അല്ല എന്ന് തെളിയിക്കാനും താരത്തിന് സാധിച്ചു.

ഇപ്പോള്‍, ഇരുപതുകാരനായ താരത്തിന്‍റെ ബാറ്റിങ് പ്രകടനത്തിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ബാറ്റര്‍ വിരേന്ദര്‍ സെവാഗ്. തിലക് വര്‍മ്മയുടെ ബാറ്റിങ് തന്‍റെ കരിയറിന്‍റെ തുടക്കത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ളതാണെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ഇന്ത്യന്‍ താരത്തിന്‍റെ പ്രതികരണം.

'തന്‍റെ ബലഹീനത എന്താണെന്ന് മനസിലാക്കി അത് എങ്ങനെ മെച്ചപ്പെടുത്താം എന്നതില്‍ വേണം തിലക് വര്‍മ്മ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. 1999ല്‍ ഇന്ത്യക്ക് വേണ്ടി ആദ്യമായി കളിക്കുമ്പോള്‍ ഷോയിബ് അക്തറാണ് എന്നെ പുറത്താക്കിയത്. ഞാന്‍ ബാറ്റ് താഴേക്ക് എത്തിക്കും മുന്‍പ് തന്നെ അക്തറിന്‍റെ പന്ത് എന്‍റെ പാഡില്‍ ഇടിക്കുകയായിരുന്നു.

അതിന് ശേഷം, ദാദ (സൗരവ് ഗാംഗുലി) എന്നോട് ഒറ്റക്കാര്യം മാത്രമാണ് പറഞ്ഞത്. ഫാസ്റ്റ് ബൗളിങിനെതിരെ കൂടുതല്‍ പരിശീലനം നേടൂ. അതിനായി കൂടുതല്‍ തയ്യാറെടുക്കൂ.

പിന്നീടും ഞാന്‍ ഇന്ത്യയുടെ മധ്യനിരയില്‍ ബാറ്റിങ്ങിനായെത്തി. സ്‌പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിച്ചു. ഫാസ്റ്റ് ബൗളര്‍മാര്‍ എത്തിയപ്പോഴേക്കും എനിക്ക് സെഞ്ച്വറി അടിക്കാന്‍ സാധിച്ചിരുന്നു. അതുപോലെ തന്നെ തിലക് വര്‍മ്മയും തന്‍റെ ബലഹീനതകള്‍ മനസിലാക്കി മുന്നിലേക്ക് വരേണ്ടതുണ്ട്' സെവാഗ് പറഞ്ഞു.

ഫിറ്റ്‌നസില്‍ ശ്രദ്ധകേന്ദ്രീകരിച്ച് തന്‍റെ കഴിവുകള്‍ കണ്ടെത്താനായല്‍ തിലകിന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. 'രണ്ട് കാര്യങ്ങളില്‍ വേണം അവന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഒന്ന് അവന്‍റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്തുക, മറ്റൊന്ന് തന്‍റെ കഴിവും മാനസികാവസ്ഥയും എന്താണെന്ന് തിരിച്ചറിയുക.

സാധാരണ ക്രിക്കറ്റ് കളിക്കുമ്പോള്‍ സമയത്തിനനുസരിച്ച് പ്രകടനങ്ങളിലും മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ക്രിക്കറ്റ് കളിക്കാത്ത സമയങ്ങളില്‍പ്പോലും നിങ്ങളുടെ ശാരീരിക ക്ഷമതയിലും കഴിവുകളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. അതിന് ഒരു ഉദാഹരണമാണ് സൂര്യകുമാര്‍ യാദവ്. തന്‍റെ ഷോട്ടുകള്‍ക്കായി സൂര്യ ഓരുപാട് പരിശീലനം നടത്തിയിട്ടുണ്ട്' സെവാഗ് വ്യക്തമാക്കി.

Also Read :IPL 2023 | 'ഭാവിയില്‍ അവരും വലിയ താരങ്ങളാകും, അന്നും പലരും പറയും മുംബൈ സൂപ്പര്‍ താരങ്ങളുടെ ടീമാണെന്ന്': രോഹിത് ശര്‍മ്മ

ABOUT THE AUTHOR

...view details