കേരളം

kerala

IPL 2023| ഫൈനലിലെത്താന്‍ രോഹിതിനും കൂട്ടര്‍ക്കും പുതിയ 'ചരിത്രം' രചിക്കണം; കണക്കുകള്‍ മുംബൈക്ക് പ്രതികൂലം, ആശങ്കയില്‍ ആരാധകര്‍

By

Published : May 26, 2023, 11:34 AM IST

2012, 2016, 2021 വര്‍ഷങ്ങളില്‍ മാത്രമാണ് ഐപിഎല്‍ എലിമിനേറ്റര്‍ ജയിച്ചെത്തിയ ടീമുകള്‍ക്ക് രണ്ടാം ക്വാളിഫയര്‍ എന്ന കടമ്പ കടന്ന് കലാശപ്പോരിന് മുന്നേറാനായത്.

IPL 2023  mumbai indians  IPL Qualifier Two  MI vs GT  Rohit sharma  IPL Playoff  ഐപിഎല്‍  ഐപിഎല്‍ പ്ലേഓഫ്ട  മുംബൈ ഇന്ത്യന്‍സ്  ഗുജറാത്ത് ടൈറ്റന്‍സ്  ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍  ipl
Mumbai Indians

അഹമ്മദാബാദ്:ഐപിഎല്‍ പതിനാറാം പതിപ്പില്‍ രണ്ടാം ഫൈനലിസ്റ്റുകള്‍ ആരെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടുന്നത്. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി പ്ലേഓഫിലെത്തിയ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റാണ് രണ്ടാം ക്വാളിഫയറിനെത്തുന്നത്.

മറുവശത്ത് ക്രുണാല്‍ പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കാന്‍ രോഹിതിനും സംഘത്തിനുമായി. ലീഗ് ഘട്ടത്തില്‍ രണ്ടാമത് ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്തിനെ വീഴ്‌ത്താനായെന്ന ആത്മവിശ്വാസവും ഇന്ന് ഇറങ്ങുമ്പോള്‍ മുംബൈക്കുണ്ട്. എന്നാല്‍, ഐപിഎല്‍ ചരിത്രം മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത് ആശങ്കയാണ്.

കണക്കുകള്‍ പഴങ്കഥയാക്കിയാല്‍ മാത്രമെ ആറാം കിരീടം എന്ന സ്വപ്‌നത്തിന് അരികിലേക്ക് മുംബൈ ഇന്ത്യന്‍സിന് എത്താന്‍ സാധിക്കൂ. എലിമിനേറ്റര്‍ ജയിച്ച് ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ മൂന്ന് ടീമുകളാണ് ഐപിഎല്‍ ഫൈനലിന് യോഗ്യത നേടിയിട്ടുള്ളത്. അതില്‍ കിരീടം നേടിയത് ഒരൊറ്റ ടീം മാത്രമാണ്.

എലിമിനേറ്ററില്‍ ജയം നേടിയെത്തുന്നവര്‍ക്ക് പലപ്പോഴും രണ്ടാം ക്വാളിഫയര്‍ എന്ന കടമ്പ കടക്കാന്‍ സാധിച്ചിട്ടില്ല. 2012ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആയിരുന്നു ആദ്യമായി എലിമിനേറ്ററും രണ്ടാം ക്വാളിഫയറും ജയിച്ച് ഐപിഎല്‍ ഫൈനലിലേക്ക് മുന്നേറാനായത്. എന്നാല്‍ അക്കൊല്ലം ഫൈനലില്‍ ധോണിയും സംഘവും കൊല്‍ക്കത്തയോട് തോറ്റു.

പിന്നീട്, 2016ലാണ് എലിമിനേറ്റര്‍ കളിച്ച ടീം രണ്ടാം ക്വാളിഫയറില്‍ ജയം സ്വന്തമാക്കുന്നത്. അന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു ജയം. ഫൈനലിലെത്തിയ അവര്‍ കിരീടവുമായാണ് മടങ്ങിയത്. എലിമിനേറ്ററിലും രണ്ടാം ക്വാളിഫയറിലും ജയിച്ച് ഐപിഎല്‍ കിരീടമുയര്‍ത്തിയ ഏക ടീമും ഹൈദരാബാദാണ്.

അതിന് ശേഷം അവസാനമായി 2021ലായിരുന്നു എലിമിനേറ്ററില്‍ ജയിച്ചെത്തിയ ടീം ക്വാളിഫയറിലും ജയം പിടിച്ചത്. അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രണ്ടാം ക്വാളിഫയര്‍ ജയിച്ച് ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെടുകയായിരുന്നു.

അഞ്ച് പ്രാവശ്യം മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം നേടിയതില്‍ മൂന്ന് പ്രാവശ്യവും ഒന്നാം ക്വാളിഫയര്‍ ജയിച്ചാണ് രോഹിതും സംഘവും ഫൈനലിലെത്തിയത്. അതേസമയം, ഇക്കുറി മുംബൈ ഇന്ത്യന്‍സ് ചരിത്രം മാറ്റിയെഴുതുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ന് ഗുജറാത്തിനെതിരെ കളത്തിലിറങ്ങുമ്പോള്‍ തകര്‍ത്തടിക്കുന്ന ബാറ്റര്‍മാരിലാണ് ടീമിന്‍റെ പ്രതീക്ഷ.

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ താളം കണ്ടെത്തിയാല്‍ മുംബൈക്ക് ഇന്ന് ഗുജറാത്ത് ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാം. ക്രിസ് ഗ്രീന്‍, തിലക് വര്‍മ, നേഹല്‍ വധേര എന്നിവരുടെ ഫോമും മുംബൈക്ക് ആശ്വാസമാണ്. ബൗളിങ്ങില്‍ ആകാശ് മാധ്വാളും പിയൂഷ് ചൗളയുമാണ് മുംബൈയുടെ പ്രതീക്ഷ.

Also Read :IPL 2023 | ഇനിയാണ് 'കളി', ഫൈനല്‍ ബെര്‍ത്ത് പിടിക്കാന്‍ രോഹിതും ഹാര്‍ദിക്കും; രണ്ടാം ക്വാളിഫയര്‍ ഇന്ന്, വിജയികളെ കാത്ത് ചെന്നൈ

ABOUT THE AUTHOR

...view details