കേരളം

kerala

IPL 2023| മുംബൈയുടെ മാനം കാത്ത് നെഹാല്‍ വധേര; ചെന്നൈക്ക് ചെറിയ വിജയ ലക്ഷ്യം

By

Published : May 6, 2023, 5:39 PM IST

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 140 റണ്‍സിന്‍റെ വിജയ ലക്ഷ്യം.

IPL 2023  Chennai Super Kings  Mumbai Indians  CSK vs MI score updates  ms dhoni  rohit sharma  ഐപിഎല്‍  ചെന്നൈ സൂപ്പര്‍ കിങ്‌സ്  മുംബൈ ഇന്ത്യന്‍സ്  രോഹിത് ശര്‍മ  എംഎസ്‌ ധോണി  Deepak Chahar  ദീപക്‌ ചഹാര്‍
IPL 2023| മുംബൈയുടെ മാനം കാത്ത് നെഹാല്‍ വധേര; ചെന്നൈക്ക് ചെറിയ വിജയ ലക്ഷ്യം

ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കരുത്തുറ്റ ബാറ്റിങ് നിരയ്‌ക്ക് കടിഞ്ഞാണിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെപ്പോക്കില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ നെഹാല്‍ വധേരയാണ് മുംബൈയുടെ മാനം കാത്തത്.

ചെന്നൈക്കായി മതീക്ഷ പതിരണ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ദീപക് ചഹാര്‍, തുഷാര്‍ ദേശ്‌പാണ്ഡെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. മോശം തുടക്കമായിരുന്നു മുംബൈക്ക് ലഭിച്ചത്. സ്ഥാനക്കയറ്റം കിട്ടി ഇഷാന്‍ കിഷനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയ കാമറൂണ്‍ ഗ്രീനെ രണ്ടാം ഓവറില്‍ തന്നെ മുംബൈക്ക് നഷ്‌ടമായി.

നാല് പന്തില്‍ ആറ് റണ്‍സെടുത്ത ഗ്രീനിനെ തുഷാര്‍ ദേശ്‌പാണ്ഡെ ബൗള്‍ഡാക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഇഷാനെയും രോഹിത്തിനെയും മടക്കിയ ദീപക്‌ ചഹാര്‍ മുംബൈക്ക് കനത്ത പ്രഹരം നല്‍കി. ഇഷാനെ (ഒമ്പത് പന്തില്‍ ഏഴ്) മഹീഷ് തീക്ഷണയും രോഹിത്തിനെ (3 പന്തില്‍ 0) ജഡേജയും പിടികൂടുകയായിരുന്നു.

പിന്നീട് ക്രീസിലൊന്നിച്ച സൂര്യകുമാര്‍ യാദവും നെഹാൽ വധേരയും ചേര്‍ന്ന് മുംബൈയെ മുന്നോട്ട് നയിച്ചു. പവര്‍പ്ലേ പിന്നിടുമ്പോള്‍ 34/3 എന്ന നിലയിലായിരുന്നു മുംബൈ. 11-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ സൂര്യകുമാറിന്‍റെ (22 പന്തില്‍ 26) കുറ്റിയിളക്കിയ ജഡേജയാണ് ഈ കൂട്ടുകെട്ട് പിരിക്കുന്നത്. നാലാം വിക്കറ്റില്‍ 56 റണ്‍സാണ് സൂര്യയും നെഹാലും ചേര്‍ന്ന് നേടിയത്.

സൂര്യ മടങ്ങുമ്പോള്‍ 69 റണ്‍സായിരുന്നു മുംബൈ ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നെത്തിയ ട്രിസ്റ്റൻ സ്റ്റബ്‌സിനൊപ്പം ചേര്‍ന്ന നേഹല്‍ 16-ാം ഓവറില്‍ മുംബൈയെ നൂറ് കടത്തി. തൊട്ടടുത്ത ഓവറില്‍ അര്‍ധ സെഞ്ചുറി തികച്ച താരത്തെ വൈകാതെ തന്നെ മതീഷ പതിരണ തിരിച്ചയച്ചു.

51 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്‌സും സഹിതം 64 റണ്‍സെടുത്താണ് നേഹല്‍ മടങ്ങിയത്. ടിം ഡേവിഡ് (നാല് പന്തില്‍ രണ്ട്), അര്‍ഷാദ് ഖാന്‍ (രണ്ട് പന്തില്‍ ഒന്ന്), ട്രിസ്റ്റൻ സ്റ്റബ്‌സ് (20 പന്തില്‍ 21) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. പിയൂഷ് ചൗള (രണ്ട് പന്തില്‍ രണ്ട് ), ആര്‍ച്ചര്‍ (രണ്ട് പന്തില്‍ മൂന്ന്) എന്നിവര്‍ പുറത്താവാതെ നിന്നു.

ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലേയിങ് ഇലവൻ): റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവോൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ദീപക് ചഹാർ, മതീഷ പതിരണ, തുഷാർ ദേശ്‌പാണ്ഡെ, മഹീഷ് തീക്ഷണ.

മുംബൈ ഇന്ത്യൻസ് (പ്ലെയിംഗ് ഇലവൻ): രോഹിത് ശർമ(ക്യാപ്റ്റന്‍), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ടിം ഡേവിഡ്, നെഹാൽ വധേര, ജോഫ്ര ആർച്ചർ, പിയൂഷ് ചൗള, ആകാശ് മധ്വാൾ, അർഷാദ് ഖാൻ.

ABOUT THE AUTHOR

...view details