മുംബൈ : ഐപിഎല്ലില്‍ എല്ലാ ടീമുകളും 13 വീതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ടൂര്‍ണമെന്‍റില്‍ 7 ടീമുകൾക്ക് പ്ലേ ഓഫ് സാധ്യത. ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും പ്ലേ ഓഫ് കാണാതെ പുറത്തായി. കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തിൽ പ്ലേഓഫ് ബെര്‍ത്ത് നഷ്‌ടമായ മുംബൈ ഈ സീസണിൽ ഇതുവരെ 10 മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങി.
ഏഴ് ടീമുകള്‍ക്ക് പ്ലേ ഓഫ് സാധ്യത ;16 പോയിന്‍റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സുമാണ് പ്ലേ ഓഫ് സാധ്യതകളുമായി മുന്നിൽ. ഡല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും 16 പോയിന്‍റ് നേടാൻ അവസരമുണ്ട്. അതുകൊണ്ട് രാജസ്ഥാനും ലഖ്‌നൗവിനും പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ തങ്ങളുടെ അടുത്ത മത്സരഫലം നിര്‍ണായകമാണ്.
രാജസ്ഥാനും ലഖ്‌നൗവും അടുത്ത മത്സരങ്ങള്‍ പരാജയപ്പെടുകയും ഡല്‍ഹിയും ആര്‍സിബിയും അവരുടെ അടുത്ത മത്സരം ജയിക്കുകയും ചെയ്‌താല്‍ റണ്‍റേറ്റാവും പ്ലേ ഓഫ് സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുക. ഇതില്‍ ആര്‍സിബിയാണ് റണ്‍റേറ്റിൽ പിന്നില്‍. മറ്റ് മൂന്ന് ടീമുകള്‍ക്കും വലിയ തോല്‍വി ഇല്ലെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കാനാകും.
ബാംഗ്ലൂരിന് മികച്ച മാര്‍ജിനില്‍ ജയം അനിവാര്യം; ആര്‍സിബിയ്ക്ക് തങ്ങള്‍ അടുത്ത കളി ജയിക്കുകയും ഡല്‍ഹി തോല്‍ക്കുകയും ചെയ്‌താലാണ് ഏറ്റവും അനായാസമായ പ്ലേ ഓഫ് സാധ്യത. റണ്‍റേറ്റില്‍ 16 പോയിന്‍റുള്ള ടീമുകളെ മറികടക്കുവാന്‍ അസാധ്യമായ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ ടീമിന് ഇപ്പോഴുള്ള മോശം റണ്‍റേറ്റ് മെച്ചപ്പെടുത്താനാകൂ.
കൊല്‍ക്കത്ത, പഞ്ചാബ്, സണ്‍റൈസേഴ്‌സ് ടീമുകള്‍ക്ക് 12 പോയിന്‍റാണുള്ളത്. അവരുടെ നേരിയ പ്ലേ ഓഫ് സാധ്യതകള്‍ക്ക് അവര്‍ അവരുടെ അവസാന മത്സരങ്ങള്‍ ജയിക്കുകയും ആര്‍സിബിയും ഡല്‍ഹിയും പരാജയപ്പെടുകയും വേണം. ഇതില്‍ പഞ്ചാബും സണ്‍റൈസേഴ്‌സും തമ്മില്‍ അവസാന മത്സരം കളിക്കുന്നു എന്നതിനാല്‍ തന്നെ മറ്റ് ഫലങ്ങള്‍ അനുകൂലമായാലും ഇതില്‍ ഒരു ടീമിനാണ് പ്ലേ ഓഫ് സാധ്യതയുള്ളത്.
കൊൽക്കത്തക്ക് നിർണായകം ; ഇന്ന് നടക്കുന്ന കൊല്‍ക്കത്ത - ലഖ്‌നൗ മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെട്ടാല്‍ പ്ലേ ഓഫ് കാണാതെ പുറത്താകും. നാളെ ഗുജറാത്തിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യത കൂടുമെങ്കിലും മറ്റ് മത്സരങ്ങള്‍ അനുകൂലമാകാത്ത പക്ഷം റണ്‍റേറ്റ് നിര്‍ണ്ണായകമാകും.
ചെന്നൈയാണ് രാജസ്ഥാന്‍റെ എതിരാളികള്‍. കനത്ത തോല്‍വിയില്ലെങ്കിലും രാജസ്ഥാന്‍ പ്ലേ ഓഫില്‍ കടക്കേണ്ടതാണ്. അല്ലാത്ത പക്ഷം ആര്‍സിബി, ഡല്‍ഹി എന്നിവര്‍ വലിയ ജയം നേടിയാല്‍ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകും. ഗുജറാത്തിനെതിരെ ആര്‍സിബിയോ മുംബൈയ്ക്കെതിരെ ഡല്‍ഹിയോ വിജയിച്ചാല്‍ സണ്‍റൈസേഴ്‌സ് - പഞ്ചാബ് മത്സരം അപ്രസക്തമാകും.