കേരളം

kerala

'റിഷഭ് പന്ത് പ്രതീക്ഷച്ചതിലും വേഗത്തില്‍ കളിക്കളത്തില്‍ മടങ്ങിയെത്തും'; ബിസിസിഐ പ്രതിനിധി

By

Published : Jun 1, 2023, 12:39 PM IST

റിഷഭ് പന്ത് അതിവേഗത്തിലാണ് ആരോഗ്യം വീണ്ടെടുക്കുന്നത്. ഉടന്‍ തന്നെ പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ പ്രതിനിധി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

rishabh pant  rishabh pant comeback  indian cricket team  rishabh pant injury updates  bcci  indin cricket team  റിഷഭ് പന്ത്  റിഷഭ് പന്ത് പരിക്ക്  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  റിഷഭ് പന്ത് തിരിച്ചുവരവ്  ബിസിസിഐ
rishabh pant

ബെംഗളൂരു:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ തന്നെ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായ കാറപകടത്തില്‍ പരിക്കേറ്റ താരം അതിവേഗമാണ് ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. പരിക്കില്‍ നിന്നും മുക്തി നേടിക്കൊണ്ടിരിക്കുന്ന താരം നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലാണ് (എന്‍സിഎ) ഉള്ളത്.

കാറപകടത്തില്‍ പരിക്കേറ്റ താരം നേരത്തെ ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. ഇനിയും താരത്തെ ഒരു ചെറിയ സര്‍ജറിക്ക് വിധേയനാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇതിനെയെല്ലാം തള്ളിക്കളയുന്ന പ്രതികരണമാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിസിസിഐ പ്രതിനിധി നടത്തിയത്. പ്രതീക്ഷിച്ചിരുന്നതിലും വേഗത്തില്‍ തന്നെ റിഷഭ് പന്തിന് കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

'റിഷഭ് പന്തിന്‍റെ കാര്യത്തില്‍ മറ്റൊരു ശസ്‌ത്രക്രിയ വേണ്ടിവരുമോ എന്നത് കൂടുതല്‍ ഉത്‌കണ്‌ഠ ഉണ്ടാക്കിയിരുന്നു. ഓരോ രണ്ടാഴ്‌ചയിലും അദ്ദേഹത്തെ നിരീക്ഷിക്കുകയായിരുന്നു. ഭാഗ്യവശാല്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് അദ്ദേഹത്തിന്‍റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടായത്.

ഇത് ഇന്ത്യന്‍ ടീമിന് വലിയ ഉത്തേജനമാണ്. അവന്‍റെ തിരിച്ചുവരവ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ തന്നെ നടക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ അവന്‍ ശെരിക്കും പോസിറ്റീവ് മാനസികാവസ്ഥയിലാണ്.

ഊന്നുവടികളില്ലാതെ തന്നെ പന്തിന് ഇപ്പോള്‍ നടക്കാന്‍ സാധിക്കുന്നുണ്ട്. അവന്‍റെ പുനരധിവാസത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കളിക്കളത്തിലേക്ക് എത്തുന്നതിന് മുന്‍പുള്ള പരിശീലനങ്ങള്‍ അവന് ഉടന്‍ തന്നെ ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്' ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

2022 ഡിസംബര്‍ 30ന് ഡല്‍ഹിയില്‍ നിന്നും റൂര്‍ക്കിയിലേക്ക് അമ്മയെ കാണാന്‍ പോകുന്നതിനിടെയാണ് റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ താരത്തിന്‍റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ശസ്‌ത്രക്രിയക്കുള്‍പ്പടെ താരം വിധേയനായി.

ശസ്ത്രക്രിയക്ക് പിന്നാലെ ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള തുടര്‍ ചികിത്സകളിലുമായിരുന്നു താരം. കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരത്തിന് ഐപിഎല്‍ പതിനാറാം പതിപ്പ് പൂര്‍ണമായും നഷ്‌ടമായിരുന്നു. എന്നാല്‍, ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പന്ത് ടീമിന്‍റെ ചില മത്സരങ്ങള്‍ കാണാന്‍ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തി നേടാത്ത താരത്തിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്‌ടമായിരുന്നു. പന്തിന് പകരക്കാരനായി കെഎസ് ഭരതിനെയാണ് ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കലാശപ്പോരിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിനൊപ്പമാണ് നിലവില്‍ കെഎസ് ഭരത്.

ഐപിഎല്ലിനും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും പിന്നാലെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും റിഷഭ് പന്തിന് നഷ്‌ടമാകുമെന്നായിരുന്നു നേരത്തെ വിലയിരുത്തിയിരുന്നത്. എന്നാല്‍ താരം അതിവേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കുന്നു എന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ ടീമിനും പ്രതീക്ഷയേകുന്നതാണ്. ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്താല്‍ റിഷഭ് പന്ത് തന്നെയായിരിക്കും ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സ്ഥാനം പിടിക്കുക.

Also Read :ബിസിസിഐയുടെ കണ്ണില്‍ സഞ്‌ജുവില്ല; പന്തിന്‍റെ പകരക്കാരനായി മറ്റ് രണ്ട് താരങ്ങള്‍ പരിഗണനയില്‍

ABOUT THE AUTHOR

...view details