കേരളം

kerala

India Women vs Sri Lanka Women Highlights 'ഗോള്‍ഡന്‍ വിമന്‍സ്', ലങ്കയെ തകര്‍ത്ത് ഏഷ്യന്‍ ഗെയിംസ് വനിത ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

By ETV Bharat Kerala Team

Published : Sep 25, 2023, 3:02 PM IST

Asian Games 2023 Women T20 Final Result ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കന്‍ വനിതകളെ 19 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതകള്‍.

India Women vs Sri Lanka Women Highlights  Asian Games 2023  India Women  ഏഷ്യന്‍ ഗെയിംസ് 2023  സ്‌മൃതി മന്ദാന  ഇന്ത്യ vs ശ്രീലങ്ക  Asian Games 2023 Women T20 Final Result  Titas Sadhu  ടിറ്റാസ് സധു
India Women vs Sri Lanka Women Highlights

ഹാങ്‌ചോ:ഏഷ്യന്‍ ഗെയിംസ് വനിത ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം. ഫൈനലില്‍ ശ്രീലങ്കയെ 19 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സുവര്‍ണ ചരിതം രചിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്‌ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 97 റണ്‍സെടുക്കാനെ സാധിച്ചുള്ളു (India Women vs Sri Lanka Women Highlights).

22 പന്തില്‍ 25 റണ്‍സെടുത്ത ഹാസിനി പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്കായി ടിറ്റാസ് സധു (Titas Sadhu) നാല് ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. കുഞ്ഞന്‍ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കന്‍ വനിതകളുടെ തുടക്കം തന്നെ പാളി. സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് മാത്രം നില്‍ക്കെ മൂന്ന് വിക്കറ്റുകളാണ് സംഘത്തിന് നഷ്‌ടമായത്.

അനുഷ്‌ക സഞ്ജീവനി (5 പന്തുകളില്‍ 1), വിസ്മി ഗുണരത്‌നെ (3 പന്തുകളില്‍ 0), ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു (12 പന്തില്‍ 12) എന്നിവരെ മടക്കി ടിറ്റാസ് സധുവാണ് ലങ്കയുടെ തലയരിഞ്ഞത്. തുടര്‍ന്ന് ഒന്നിച്ച നിലാക്ഷി ഡി സിൽവയും ഹാസിനി പെരേരയും ചെറുത്ത് നില്‍പ്പിന് ശ്രമം നടത്തി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 36 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ഹാസിനിയെ (22 പന്തില്‍ 25) വീഴ്‌ത്തി രാജേശ്വരി ഗെയ്‌ക്‌വാദാണ് അപകടം ഒഴിവാക്കിയത്. പിന്നാലെ നിലാക്ഷി ഡി സിൽവയെ (34 പന്തില്‍ 23) പൂജ വസ്‌ത്രാകര്‍ ബൗള്‍ഡാക്കി. ഒഷാദി രണസിംഗ (26 പന്തില്‍ 19 ) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചുവെങ്കിലും ദീപ്‌തി ശര്‍മയ്‌ക്ക് മുന്നില്‍ വീണു. കവിഷ ദിൽഹാരിയ്‌ക്കും (8 പന്തില്‍ 5) പിടിച്ച് നില്‍ക്കാനായില്ല.

രാജേശ്വരി ഗെയ്‌ക്‌വാദ് എറിഞ്ഞ അവസാന ഓവറില്‍ 26 റണ്‍സായിരുന്നു വിജയത്തിനായി ലങ്കയ്‌ക്ക് വേണ്ടിയിരുന്നത്. അഞ്ച് റണ്‍സ് മാത്രം വഴങ്ങിയ താരം ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. അഞ്ചാം പന്തില്‍ സുഗന്ധിക പ്രിയ കുമാരിയെ (8 പന്തില്‍ 5) രാജേശ്വരി ഗെയ്‌ക്‌വാദ് മടക്കുകയും ചെയ്‌തിരുന്നു. ഇനോഷി പ്രിയദര്‍ശനി (1 പന്തില്‍ 1), ഉദേഷിക പ്രബോധനി (1 പന്തില്‍ 1) എന്നിവര്‍ പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 116 റണ്‍സാണ് നേടിയത്. സ്‌മൃതി മന്ദാന Smriti Mandhana (45 പന്തുകളില്‍ 46), ജമീമ റോഡ്രിഗസ് (40 പന്തുകളില്‍ 42) എന്നിവരാണ് തിളങ്ങിയത്.

ഇന്ത്യൻ വനിതകൾ (പ്ലേയിങ് ഇലവൻ):സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ(ക്യാപ്റ്റന്‍), റിച്ച ഘോഷ് (ഡബ്ല്യു), ദീപ്തി ശർമ, ദേവിക വൈദ്യ, അമൻജോത് കൗർ, പൂജ വസ്‌ത്രാകർ, ടിറ്റാസ് സധു, രാജേശ്വരി ഗയക്‌വാദ്.

ശ്രീലങ്കന്‍ വനിതകള്‍ (പ്ലേയിങ് ഇലവൻ): ചമാരി അട്ടപ്പട്ടു (ക്യാപ്റ്റന്‍), അനുഷ്‌ക സഞ്ജീവനി(ഡബ്ല്യു), വിസ്മി ഗുണരത്‌നെ, നിലാക്ഷി ഡി സിൽവ, ഹാസിനി പെരേര, ഒഷാദി രണസിംഗ, ഇനോക രണവീര, കവിഷ ദിൽഹാരി, ഉദേഷിക പ്രബോധനി, സുഗന്ധിക പ്രിയ കുമാരി, ഇനോഷി പ്രിയദര്‍ശനി.

ABOUT THE AUTHOR

...view details