കേരളം

kerala

'എഴുതി തള്ളാന്‍ അസാമാന്യ ധൈര്യം വേണം'; കോലി എക്കാലത്തേയും മികച്ച താരമെന്ന് ആരോണ്‍ ഫിഞ്ച്

By

Published : Sep 19, 2022, 5:11 PM IST

IND vs AUS  Aaron Finch praised Virat Kohli  Aaron Finch on Virat Kohli  Aaron Finch  Virat Kohli  വിരാട് കോലിയെ പുകഴ്‌ത്തി ആരോണ്‍ ഫിഞ്ച്  ആരോണ്‍ ഫിഞ്ച്  വിരാട് കോലി  ഇന്ത്യ vs ഓസ്‌ട്രേലിയ

കഴിഞ്ഞ 15 വര്‍ഷമായി എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് താനെന്ന് വിരാട് കോലി തെളിയിച്ചുവെന്ന് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്.

മൊഹാലി: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയയെ നയിക്കാനുള്ള ഒരുക്കത്തിലാണ് അരോണ്‍ ഫിഞ്ച്. ഏകദിന ക്രിക്കറ്റില്‍ നിന്നും അടുത്തിടെ വിരമിച്ച ഫിഞ്ചിന് കീഴിലാണ് ഓസീസ് ടി20 ലോകകപ്പ് കളിക്കുക. എന്നാല്‍ സമീപകാലത്തായി മോശം ഫോമിന്‍റെ പിടിയിലാണ് താരം.

ഈ വര്‍ഷം കളിച്ച ഒമ്പത് ടി20 മത്സരങ്ങളില്‍ 247 റണ്‍സ് മാത്രമാണ് ഫിഞ്ചിന് നേടാന്‍ കഴിഞ്ഞത്. ടി20 ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഫിഞ്ചിന് ഏറെ നിര്‍ണായകമായ പരമ്പര കൂടിയാണിത്. ഇതിനിടെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ പുകഴ്‌ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഓസീസ് ക്യാപ്റ്റന്‍.

കോലിയെ എഴുതി തള്ളാന്‍ അസാമാന്യ ധൈര്യം വേണമെന്നാണ് ഫിഞ്ച് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. ഏറെ നാളായി മോശം ഫോമിനാല്‍ വലഞ്ഞിരുന്ന കോലിക്കെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ താരത്തിന്‍റെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്‌തു.

എന്നാല്‍ ഏഷ്യ കപ്പിലൂടെ ഗംഭീര തിരിച്ചുവരവാണ് വിരാട് കോലി നടത്തിയത്. സൂപ്പര്‍ ഫോറില്‍ അഫ്‌ഗാനിസ്ഥാനെതിരെ സെഞ്ച്വറി അടിച്ചാണ് താരം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ആയിരത്തിലേറെ ദിവസങ്ങള്‍ക്ക് ശേഷവും ടി20 ഫോര്‍മാറ്റില്‍ കോലി നേടുന്ന കന്നി സെഞ്ച്വറി കൂടിയായിരുന്നുവിത്.

അസാമാന്യ പ്രതിഭ: കോലി ഫോമിലേക്ക് മടങ്ങിയെത്തിയതിനെ കുറിച്ചും ഫിഞ്ച് സംസാരിച്ചു. "വിരാടിന്‍റെ കരിയറിലെ ഏത് ഘട്ടത്തിലും എഴുതിത്തള്ളാന്‍ അസാമാന്യ ധൈര്യം വേണം. കഴിഞ്ഞ 15 വര്‍ഷമായി എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് താനെന്ന് അദ്ദേഹം കാണിച്ചുകൊണ്ടിരിക്കുകയാണ്.

പ്രത്യേകിച്ച് ടി20യില്‍, സ്വന്തമായി ശൈലി നിര്‍മിച്ച്, ദീര്‍ഘകാലമായി അത് മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. വിരാടിനെതിരെ കളിക്കുമ്പോഴെല്ലാം കഴിവിന്‍റെ അങ്ങേയറ്റം പുറത്തെടുക്കാനാണ് എല്ലാവരും ശ്രമിക്കുക. 71 അന്താരാഷ്ട്ര സെഞ്ച്വറികള്‍ എന്നത് അസാധാരണ സംഖ്യയാണത്", ഫിഞ്ച് പറഞ്ഞു.

ഫോമിലെന്ന് ഫിഞ്ച്:ടി20 ഫോര്‍മാറ്റില്‍ താന്‍ മികച്ച ഫോമിലാണെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു. ഏകദിന ക്രിക്കറ്റില്‍ നിന്നും ഏറെ വ്യത്യസ്‌തമായ ഫോര്‍മാറ്റാണ് ഇതെന്നും താരം കൂട്ടിച്ചേര്‍ത്തു. വിരമിക്കും മുമ്പ് ഏകദിന ഫോര്‍മാറ്റില്‍ ഈ വര്‍ഷം കളിച്ച 13 മത്സരങ്ങളില്‍ 169 റൺസ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. അഞ്ച് മത്സരങ്ങളില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.

ആദ്യ മത്സരം നാളെ: മൂന്ന് മത്സര ടി20 പരമ്പരയാണ് ഓസീസ് ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നത്. ആദ്യ മത്സരം നാളെ(20.09.2022) വൈകിട്ട് 7.30ന് മൊഹാലിയില്‍ നടക്കും. തുടര്‍ന്ന് 23ന് നാഗ്‌പൂരിലും 25ന് ഹൈദരാബാദിലുമാണ് രണ്ടും മൂന്നും മത്സരങ്ങള്‍ അരങ്ങേറുക. ഏഷ്യ കപ്പ് തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയും സംഘവും കളിക്കുന്ന ആദ്യ മത്സരമാണിത്.

ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തിയത് ഇന്ത്യയുടെ ബോളിങ് യൂണിറ്റിന്‍റെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് മാര്‍ക്കസ് സ്റ്റോയ്‌നിസ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓസീസ് ടീമില്‍ നിന്നു പുറത്തായിരുന്നു.

also read: 'ജുലന്‍റെ ഇൻസ്വിങ്ങറുകള്‍ വെല്ലുവിളിച്ചു'; അനുഭവം വെളിപ്പെടുത്തി രോഹിത് ശര്‍മ

ABOUT THE AUTHOR

...view details