ETV Bharat / sports

ചെപ്പോക്കില്‍ സൂപ്പറായി ചെന്നൈ; ചേസിങ്ങില്‍ വീണ്ടും വീണ് ഹൈദരാബാദ് - CSK vs SRH Match Result

author img

By ETV Bharat Kerala Team

Published : Apr 29, 2024, 6:44 AM IST

IPL 2024  CHENNAI SUPER KINGS  SUNRISERS HYDERABAD  ചെന്നൈ VS ഹൈദരാബാദ്
CSK VS SRH MATCH RESULT

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 78 റണ്‍സിന്‍റെ ജയം.

ചെന്നൈ : സ്വന്തം തട്ടകത്തില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പൂട്ടി വിജയവഴിയില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. 78 റണ്‍സിനായിരുന്നു ചെപ്പോക്കില്‍ ചെന്നൈയുടെ ജയം. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സ് നേടി.

നായകൻ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെയും (98) ഡാരില്‍ മിച്ചലിന്‍റെയും (52) അര്‍ധസെഞ്ച്വറികളും ശിവം ദുബെയുടെ വെടിക്കെട്ട് ഫിനിഷിങ്ങുമാണ് ചെന്നൈയ്‌ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 18.5 ഓവറില്‍ 134 റണ്‍സില്‍ ചെന്നൈ ഓള്‍ഔട്ട് ആക്കുകയായിരുന്നു. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ചെന്നൈയ്‌ക്കായി.

ചെപ്പോക്കില്‍ ടോസ് നേടിയ പാറ്റ് കമ്മിൻസ് ആദ്യം ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നായകന്‍റെ തീരുമാനം ശരിവയ്‌ക്കുന്ന തരത്തില്‍ ഇന്നിങ്‌സ് തുടങ്ങിയ അവര്‍ മത്സരത്തിന്‍റെ മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ അജിങ്ക്യ രഹാനയെ (12 പന്തില്‍ 9) പറഞ്ഞയച്ചു. ഭുവനേശ്വര്‍ കുമാര്‍ ആയിരുന്നു രഹാനെയുടെ വിക്കറ്റ് നേടിയത്.

രണ്ടാം വിക്കറ്റില്‍ ഒന്നിച്ച റിതുരാജ് ഗെയ്‌ക്‌വാദും ഡാരില്‍ മിച്ചലും കളിയുടെ നിയന്ത്രണം തങ്ങളുടെ വരുതിയിലാക്കി. 107 റണ്‍സിന്‍റെ പാര്‍ട്‌ണര്‍ഷിപ്പ് ഇരുവരിലൂടെയും പിറന്നു. 14-ാം ഓവറിലെ നാലാം പന്തില്‍ ജയദേവ് ഉനദ്‌ഘട്ടിന് മുന്നില്‍ ഡാരില്‍ മിച്ചല്‍ (32 പന്തില്‍ 52) വീണെങ്കിലും പിന്നാലെ എത്തിയ ശിവം ദുബയ്‌ക്കൊപ്പം റിതുരാജ് ഗെയ്‌ക്‌വാദും അടി തുടര്‍ന്നു.

സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ അവസാന ഓവറിലാണ് റിതുരാജ് പുറത്താകുന്നത്. പിന്നീടെത്തിയ എംഎസ് ധോണി രണ്ട് പന്തില്‍ അഞ്ച് റണ്‍സ് നേടി. മറുവശത്ത് ശിവം ദുബെ 20 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തുടക്കം മുതല്‍ക്ക് തന്നെ തകര്‍ച്ചയിലേക്ക് തള്ളിയിടാൻ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റാണ് ഹൈദരാബാദിന് നഷ്‌ടമായത്. ട്രാവിസ് ഹെഡ് (13), അൻമോല്‍പ്രീത് സിങ് (9), അഭിഷേക് ശര്‍മ (15) എന്നിവരെ തുഷാര്‍ ദേശ്‌പാണ്ഡെ അതിവേഗം കൂടാരം കയറ്റി.

എയ്‌ഡൻ മാര്‍ക്രവും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന് ടീമിന്‍റെ സ്കോര്‍ ഉയര്‍ത്തി. സ്കോര്‍ 72ല്‍ നില്‍ക്കെ നിതീഷിനെ എംഎസ് ധോണിയുടെ കൈകളില്‍ എത്തിച്ച് രവീന്ദ്ര ജഡേജയുടെ പ്രഹരം. 11-ാം ഓവറില്‍ മതീഷ പതിരണയുടെ തകര്‍പ്പൻ യോര്‍ക്കറില്‍ മാര്‍ക്രവും ക്ലീൻ ബൗള്‍ഡ് ആയതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി.

റണ്‍സ് കണ്ടെത്താൻ പാടുപെട്ട വെടിക്കെട്ട് ബാറ്റര്‍ ഹെൻറിച്ച് ക്ലാസൻ (21 പന്തില്‍ 20) 16-ാം ഓവറില്‍ മടങ്ങിയതോടെ ഹൈദരാബാദിന്‍റെ പ്രതീക്ഷകളെല്ലാം അവസാനിക്കുകയായിരുന്നു. പിന്നീട് ഒരു ചടങ്ങ് മാത്രമായിരുന്നു ഹൈദരാബാദിന്‍റെ ബാറ്റിങ്. അബ്‌ദുല്‍ സമദ് (19) പാറ്റ് കമ്മിൻസ് (5), ഷഹബാസ് അഹമ്മദ് (7), ജയദേവ് ഉനദ്ഘട്ട് (1) എന്നിവരുടെ വിക്കറ്റും നേടി ചെന്നൈ ജയം ഉറപ്പിക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ (4*) പുറത്താകാതെ നിന്നു. മത്സരത്തില്‍ ചെന്നൈയ്‌ക്കായി പന്തെറിഞ്ഞ തുഷാര്‍ ദേശ്‌പാണ്ഡെ നാലും മതീഷ പതിരണ, മുസ്‌തഫിസുര്‍ റഹ്മാൻ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Also Read : അടിയുടെ പൊടിപൂരവുമായി വില്‍ ജാക്‌സും കോലിയും; ഗുജറാത്തിനെതിരെ ആധികാരിക വിജയവുമായി ബെംഗളൂരു - IPL 2024 GT Vs RCB Result

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.