കേരളം

kerala

എതിരാളി ഓസീസെങ്കില്‍ കോലി വെറും കോലിയല്ലെന്ന് ആകാശ് ചോപ്ര

By

Published : Feb 5, 2023, 1:56 PM IST

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ വിരാട് കോലി കുറഞ്ഞത് രണ്ട് സെഞ്ച്വറികളെങ്കിലും നേടുമെന്ന് മുന്‍ താരം ആകാശ് ചോപ്ര.

എതിരാളി ഓസീസെങ്കില്‍ കോലി വെറും കോലിയല്ലെന്ന് ആകാശ് ചോപ്ര
എതിരാളി ഓസീസെങ്കില്‍ കോലി വെറും കോലിയല്ലെന്ന് ആകാശ് ചോപ്ര

മുംബൈ: ടെസ്റ്റിൽ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ വിരാട് കോലി വ്യത്യസ്‌തനാണെന്ന് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ആരംഭിക്കാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ 34കാരനായ താരം കുറഞ്ഞത് രണ്ട് സെഞ്ച്വറികളെങ്കിലും നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ആകാശ് ചോപ്ര പറഞ്ഞു. ഒരു ഷോയില്‍ സംസാരിക്കവെയാണ് ചോപ്രയുടെ വാക്കുകള്‍.

"ഇത് ബോർഡർ-ഗവാസ്‌കർ ട്രോഫിയാണ്, ഇന്ത്യയ്‌ക്ക് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കണമെങ്കിൽ വിരാട് കോലിക്ക് റൺ നേടേണ്ടത് ഏറെക്കുറെ അനിവാര്യമാണ്. വിരാടിനെക്കുറിച്ച് ഒരു കാര്യം പറയാനുണ്ട്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുമ്പോൾ അയാള്‍ മറ്റൊരാളാണ്. പതിയെ അയാള്‍ അപകടകാരിയായി മാറും. കോലിയുടെ മികച്ച പ്രകടനങ്ങൾ പൊതുവെ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് വന്നിട്ടുള്ളത്. ആ പ്രകടനം നിങ്ങൾക്ക് ഒരിക്കൽ കൂടി പ്രതീക്ഷിക്കാവുന്നതാണ്", ചോപ്ര പറഞ്ഞു.

ഇടങ്കയ്യൻ സ്‌പിന്നർമാരുടെ ലെങ്ത് തെറ്റായി മനസിലാക്കുന്നതില്‍ കോലി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ചോപ്ര മുന്നറിയിപ്പ് നല്‍കി. "എനിക്ക് തോന്നിയ ഒരേയൊരു കാര്യം, ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ തായ്‌ജുൽ ഇസ്‌ലാമിന്‍റെ ഫുൾ ഡെലിവറി ബാക്‌ ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ചപ്പോഴാണ് കോലി ബൗള്‍ഡായത്.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മിച്ചൽ സാന്‍റ്‌നറും അതേ രീതിയില്‍ കോലിയെ പുറത്താക്കിയിരുന്നു. ഇക്കാര്യം കോലി താരം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് നാല് ടെസ്റ്റുകളുടെ പരമ്പരയാണ്.

കുറഞ്ഞത് രണ്ട് സെഞ്ച്വറികളെങ്കിലും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ഇത് അന്യായമായ ഒന്നല്ല. കാരണം അത് വിരാട് കോലിയാണ്. റണ്‍ മെഷീന്‍ വിരാട് കോലി. അദ്ദേഹം ഏറെ റണ്ണടിച്ച് കൂട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം", ആകാശ് ചോപ്ര വ്യക്തമാക്കി.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റില്‍ മികച്ച റെക്കോഡാണുള്ളത്. ഓസ്‌ട്രേലിയക്കെതിരായ 20 മത്സരങ്ങളിൽ 48.05 ശരാശരിയിൽ 1682 റൺസാണ് കോലി ഇതേവരെ അടിച്ചെടുത്തിട്ടുള്ളത്. ഏഴ്‌ സെഞ്ച്വറികളുള്‍പ്പെടെയാണ് താരത്തിന്‍റെ മിന്നും പ്രകടനം.

അതേസമയം ഫെബ്രുവരി ഒമ്പതിന് നാഗ്‌പൂരിലാണ് ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പര ആരംഭിക്കുന്നത്. തുടര്‍ന്ന് ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് ( മാര്‍ച്ച് 9-13) എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍.

ALSO READ:ധോണിക്ക് വേണ്ടി കളിച്ചു, പിന്നെ രാജ്യത്തിന് വേണ്ടിയും; മുന്‍ നായകനുമായുള്ള ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കി സുരേഷ്‌ റെയ്‌ന

ABOUT THE AUTHOR

...view details