കേരളം

kerala

എലൈറ്റ് പട്ടികയിൽ രവീന്ദ്ര ജഡേജ, രാഹുലിന് തരം താഴ്‌ത്തൽ ; വാർഷിക കരാർ പട്ടിക പുറത്തുവിട്ട് ബിസിസിഐ

By

Published : Mar 27, 2023, 9:11 AM IST

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയതാണ് രവീന്ദ്ര ജഡേജയ്‌ക്ക് ഗുണം ചെയ്‌തത്.

BCCI announces annual player retainership  Ravindra Jadeja Promoted To A plus  രവീന്ദ്ര ജഡേജ  കെ എൽ രാഹുൽ  ബിസിസിഐ  BCCI  retainership 2022 23  എലൈറ്റ് ഗ്രേഡ് എ പ്ലസ്  KL Rahul Demoted  Bhuvneshwar Kumar Out Of Central Contract  ഭുവനേശ്വർ കുമാർ
വാർഷിക കരാർ പട്ടിക പുറത്തുവിട്ട് ബിസിസിഐ

മുബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ ഏറ്റവും പുതിയ വാർഷിക കരാറിൽ വമ്പൻ നേട്ടമുണ്ടാക്കി സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. താരങ്ങളുടെ നിലനിർത്തൽ കരാറിൽ എലൈറ്റ് ഗ്രേഡ് എ പ്ലസ് പട്ടികയിലാണ് രവീന്ദ്ര ജഡേജ ഉൾപ്പെട്ടത്. ഞായറാഴ്‌ചയാണ് 2022-23 സീസണിലെ സീനിയർ ഇന്ത്യൻ ടീമിലെ താരങ്ങളുടെ വാർഷിക കരാർ ബിസിസിഐ പുറത്തുവിട്ടത്.

ബിസിസിഐയുടെ പ്രസ്‌താവന പ്രകാരം 2022 ഒക്‌ടോബർ മുതൽ 2023 സെപ്റ്റംബർ വരെയാണ് വാർഷിക കരാർ. എ പ്ലസ് (7 കോടി), എ (5 കോടി), ബി (3 കോടി), സി (1 കോടി രൂപ) എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് കരാർ നൽകുന്നത്. 26 താരങ്ങളാണ് പുതിയ കരാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

എ പ്ലസ് ജഡേജ; ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ - ഗവാസ്‌കർ ട്രോഫിയിൽ പ്ലെയർ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്ന ജഡേജ. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 22 വിക്കറ്റുകൾ വീഴ്ത്തിയ താരം ബാറ്റിങ്ങിലും മികച്ച പ്രകടനം നടത്തിയിരുന്നു. എ പ്ലസ് വിഭാഗത്തിൽ ഇടം നേടിയ നാല് കളിക്കാരിൽ ഒരാളാണ് ജഡേജ. നായകൻ രോഹിത് ശർമ, മുൻ നായകൻ വിരാട് കോലി , പേസറായ ജസ്‌പ്രീത് ബുംറ എന്നിവരാണ് എലൈറ്റ് പട്ടികയിലെ മറ്റു താരങ്ങൾ.

ഭുവനേശ്വർ പുറത്ത്; സമീപകാലത്ത് മികച്ച ഫോമിൽ കളിക്കുന്ന ഓൾറൗണ്ടർ അക്‌സർ പട്ടേൽ കരാറിൽ നേട്ടമുണ്ടാക്കി. ബി വിഭാഗത്തിലായിരുന്ന താരത്തിന് എ വിഭാഗത്തിലേക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ഫാസ്റ്റ് ബോളർമാരായ ഭുവനേശ്വർ കുമാർ, ഇഷാന്ത് ശർമ, ബാറ്റർ അജിങ്ക്യ രഹാനെ എന്നിവരെ ബിസിസിഐ പുതിയ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ കരാർ പട്ടികയിൽ നിന്നും പുറത്തായ മൂന്ന് വെറ്ററൻ താരങ്ങൾക്കും ടീമിൽ സ്ഥാനം നേടാനാകില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

രാഹുലിന് തരം താഴ്‌ത്തൽ; എന്നാൽ തുടർച്ചയായി മോശം പ്രകടനം തുടരുന്ന ടോപ് ഓർഡർ ബാറ്ററായ കെ എൽ രാഹുൽ ബി വിഭാഗത്തിലേക്ക് തരം താഴ്‌ത്തപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്‌റ്റുകളിൽ കളിച്ച രാഹുൽ നിരശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഇതോടെ രാഹുലിന് പകരക്കാരനായി യുവതാരം ശുഭ്‌മാൻ ഗില്ലിന് ആദ്യ ഇലവനിൽ സ്ഥാനം നൽകിയിരുന്നു. രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.

കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്ത് പന്ത് എ വിഭാഗത്തിൽ തുടരുന്നു. ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി എന്നിവരും എ വിഭാഗത്തിൽ ഉൾപ്പെടുന്ന താരങ്ങളാണ്. ചേതേശ്വർ പൂജാര, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവരുൾപ്പെടെ ആറ് താരങ്ങളാണ് ഗ്രൂപ്പ് ബിയിലുള്ളത്.

ഉമേഷ് യാദവ്, ശിഖർ ധവാൻ, ശാർദുൽ താക്കൂർ എന്നിവരുൾപ്പെടെ 11 താരങ്ങളാണ് സി വിഭാഗത്തിൽ ഇടംപിടിച്ചത്. കെ എസ്‌ ഭരതിനെ കൂടാതെ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ, പേസർ അർഷ്‌ദീപ് സിങ് എന്നിവരാണ് ബിസിസിഐ പ്രഖ്യാപിച്ച ഏറ്റവും പുതിയ കേന്ദ്ര പുതിയ അംഗങ്ങൾ. ഇവരെയെല്ലാം സി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വിക്കറ്റ് കീപ്പർ ബാറ്റർ കെഎസ്‌ ഭരത് ആദ്യമായി ടീം ഇന്ത്യയുടെ വാർഷിക കരാർ പട്ടികയിൽ ഇടം നേടിയെന്നത് ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഭരത് സി വിഭാഗത്തിലാണ് ഉൾപ്പെട്ടിട്ടുള്ളത്. വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്തിന്‍റെ അഭാവത്തിലാണ് കെ എസ് ഭരത് വിക്കറ്റ് കാത്തത്.

അടുത്തിടെ അവസാനിച്ച ബോർഡർ - ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിൽ ഭരതിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. മാത്രമല്ല വിക്കറ്റിന് പിന്നിലെ പിഴവുകൾക്ക് സുനിൽ ഗവാസ്‌കറടക്കമുള്ള മുൻ താരങ്ങൾ കനത്ത ഭാഷയിൽ വിമർശിച്ചിരുന്നു. എങ്കിലും ഭാവിയിൽ കൂടുതൽ അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്നതിന്‍റെ സൂചനയാണ് പുതിയ കരാർ പട്ടിക നൽകുന്നത്.

ABOUT THE AUTHOR

...view details