കേരളം

kerala

Ashes 2023: 'ക്യാപ്റ്റന്‍ ഞാനായിരുന്നുവെങ്കില്‍ ആ തീരുമാനം എടുക്കില്ല'; സ്റ്റോക്‌സിനെതിരെ മൈക്കൽ വോൺ

By

Published : Jun 17, 2023, 6:08 PM IST

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഒന്നാം ആഷസ് ടെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ ഡിക്ലയര്‍ ചെയ്യാനുള്ള ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്‍റെ തീരുമാനത്തിനെതിരെ മൈക്കൽ വോൺ.

Michael Vaughan Fumes At Ben Stokes  Michael Vaughan  Ben Stokes  Ashes  Ashes 2023  england vs australia  മൈക്കൽ വോൺ  സ്റ്റോക്‌സിനെതിരെ മൈക്കൽ വോൺ  ആഷസ്  ബെന്‍ സ്റ്റോക്‌സ്  ജോ റൂട്ട്  joe root
സ്റ്റോക്‌സിനെതിരെ മൈക്കൽ വോൺ

എഡ്‌ജ്ബാസ്റ്റണ്‍:ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുന്ന ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് വെള്ളിയാഴ്‌ച എഡ്‌ജ്ബാസ്റ്റണിൽ തുടക്കമായിരിക്കുകയാണ്. ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനത്തില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 393 റണ്‍സിന് ഏറെ നാടകീയമായി ഡിക്ലയര്‍ ചെയ്‌തിരുന്നു. സെഞ്ചുറി പിന്നിട്ട ജോ റൂട്ടും (152 പന്തില്‍ 118) ഒല്ലി റോബിന്‍സണും (31 പന്തില്‍ 17) ക്രീസില്‍ നില്‍ക്കെയാണ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്‍റെ തീരുമാനമുണ്ടായത്.

സ്റ്റോക്‌സിന്‍റെ ഈ തീരുമാനത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ മൈക്കൽ വോൺ. താനായിരുന്നു ക്യാപ്റ്റനെങ്കില്‍ ഇത്തരത്തില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യില്ലെന്നാണ് മൈക്കൽ വോൺ പറയുന്നത്.

"ഞാനായിരുന്നുവെങ്കിലും ഒരിക്കലും ആ സമയത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യിലായിരുന്നു. കാരണം ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. ഇതുവരെ ഒരു ടീമും നല്‍കാത്ത സന്ദേശമാണ് ഇംഗ്ലണ്ട് നല്‍കാന്‍ ശ്രമിക്കുന്നത്. ഒരു ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് കുറച്ച് റൺസ് കൂടി വേണമായിരുന്നു. പ്രത്യേകിച്ച് സെഞ്ചുറി നേടിയ ജോ റൂട്ട് ക്രിസില്‍ നില്‍ക്കെ. ഇംഗ്ലണ്ടിന് വിക്കറ്റ് കിട്ടിയില്ലെങ്കില്‍ എന്താവും സംഭവിക്കുക", മൈക്കൽ വോൺ പറഞ്ഞു.

ആദ്യ ആഷസ് ടെസ്റ്റിന്‍റെ ഉദ്ഘാടന ദിനത്തിലെ സ്റ്റോക്‌സിന്‍റെ പ്രഖ്യാപനം ക്രിക്കറ്റ് പാരമ്പര്യവാദികളെ ഞെട്ടിച്ചുവെങ്കിലും തനിക്ക് അതില്‍ ഒരു അത്ഭുതവും തോന്നിയിട്ടില്ലെന്നാണ് സഹതാരം ജോണി ബെയർസ്റ്റോ പ്രതികരിച്ചത്. "കമന്‍റേറ്റർമാരെയും മറ്റ് ആളുകളെയും ആശ്ചര്യപ്പെടുത്തുന്ന നിരവധി തീരുമാനങ്ങൾ ബെൻ എടുത്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, ഈ തീരുമാനത്തില്‍ ഞങ്ങൾക്ക് അതിശയമില്ല", ജോണി ബെയർസ്റ്റോ പറഞ്ഞു.

അതേസമയം തങ്ങളുടെ ബാസ്‌ബോള്‍ ശൈലിയില്‍ മാറ്റം വരുത്താതെയാണ് ഇംഗ്ലണ്ട് ടീം കളിക്കുകയെന്ന് ബെന്‍ സ്റ്റോക്‌സ് നേരത്തെ പ്രതികരിച്ചിരുന്നു. എതിരാളിയെ പരിഗണിക്കാതെ ഇംഗ്ലീഷ് ടീം തങ്ങളുടെ ആക്രമണാത്മക ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്നായിരുന്നു ക്യാപ്റ്റന്‍റെ വാക്കുകള്‍.

തങ്ങള്‍ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്ന ഒരു ശൈലിയും ഒരു രീതിയുമാണിത്. വളരെ വിജയകരമാണത്. എതിരാളിയെ പരിഗണിക്കാതെയാണ് തങ്ങള്‍ അതില്‍ ഉറച്ച് നില്‍ക്കാന്‍ പോകുന്നതെന്നും സ്റ്റോക്‌സ് പറഞ്ഞിരുന്നു. ഇംഗ്ലണ്ട് കളിക്കുന്ന ആക്രമണാത്മക ടെസ്റ്റ് ക്രിക്കറ്റിനെയാണ് 'ബാസ്ബോൾ' എന്ന് വിളിക്കുന്നത്. സ്റ്റോക്‌സിന് കീഴില്‍ ഇതേരീതിയില്‍ 14 ടെസ്റ്റുകള്‍ കളിച്ച ഇംഗ്ലണ്ട് 11 മത്സരങ്ങളിലും വിജയിച്ചപ്പോള്‍ വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് തോല്‍വി വഴങ്ങിയത്.

ALSO READ: ആഷസ് : ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് സാക്ക് ക്രാളി ; വായ പൊളിച്ച് സ്‌റ്റോക്‌സ് - വീഡിയോ

ഓസ്‌ട്രേലിയ (പ്ലെയിങ്‌ ഇലവൻ) : ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലാബുഷൈന്‍, സ്റ്റീവൻ സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്, സ്‌കോട്ട് ബോളണ്ട്.

ഇംഗ്ലണ്ട് (പ്ലെയിങ്‌ ഇലവൻ) : ബെൻ ഡക്കെറ്റ്, സാക്ക് ക്രൗളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്‌സ്, ജോണി ബെയ്ർസ്റ്റോ, മൊയീൻ അലി, സ്റ്റുവർട്ട് ബ്രോഡ്, ഒല്ലി റോബിൻസൺ, ജെയിംസ് ആൻഡേഴ്സൺ.

ABOUT THE AUTHOR

...view details