കേരളം

kerala

Ashes 2023 | മൂന്നാം ദിനം 'ജോ'റാക്കി, ഇംഗ്ലണ്ട് വമ്പന്‍ ലീഡിലേക്ക്; റൂട്ടിന് സെഞ്ച്വറി നഷ്‌ടം

By

Published : Jul 30, 2023, 8:51 AM IST

സാക്ക് ക്രാവ്‌ലി, ജോണി ബെയര്‍സ്റ്റോ എന്നിവരും രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി അര്‍ധസെഞ്ച്വറി നേടിയിരുന്നു.

Ashes 2023  Ashes  england vs australia  england vs australia fifth test  Cricket Live  Zak Crawley  Joe Root  Ben Stokes  ആഷസ്  ആഷസ് പരമ്പര  ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ  സാക്ക് ക്രാവ്‌ലി  ജോണി ബെയര്‍സ്റ്റോ  ജോ റൂട്ട്
Ashes 2023

ഓവല്‍:ആഷസ് പരമ്പരയിലെ അവസാന മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് (England) കൂറ്റന്‍ ലീഡിലേക്ക്. ഓവലില്‍ മൂന്നാം ദിനം കളി അവസാനിപ്പിച്ചപ്പോള്‍ 389-9 എന്ന നിലയിലാണ് ഇംഗ്ലീഷ് പട. ആതിഥേയര്‍ക്ക് നിലവില്‍ 377 റണ്‍സിന്‍റെ ലീഡാണുള്ളത്.

രണ്ടാം ദിനത്തില്‍ 12 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ഓസ്‌ട്രേലിയയെ എറിഞ്ഞിടാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. തുടര്‍ന്ന്, മൂന്നാം ദിനത്തില്‍ ബാറ്റിങ്ങിനെത്തിയ ഇംഗ്ലണ്ട് ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് പറത്തിയാണ് റണ്‍സ് കണ്ടെത്തിയത്. രാവിലത്തെ സെഷന്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക്ക് ക്രാവ്‌ലി (Zak Crawley) തന്‍റെ സ്വന്തം പേരിലാക്കി.

ഓസീസ് ബൗളര്‍മാര്‍ക്ക് മേല്‍ പൂര്‍ണാധിപത്യം നേടിയ ക്രാവ്‌ലി അതിവേഗമാണ് റണ്‍സ് അടിച്ചെടുത്തത്. ക്രാവ്‌ലിയുടെ സഹ ഓപ്പണര്‍ ബെന്‍ ഡക്കറ്റും തരക്കേടില്ലാത്ത പ്രകടനം നടത്തി. 55 പന്തില്‍ 42 റണ്‍സ് നേടിയ ഡക്കറ്റിനെ ആയിരുന്നു ഇംഗ്ലണ്ടിന് ആദ്യം നഷ്‌ടപ്പെട്ടത്.

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഡക്കറ്റ് പുറത്തായതിന് പിന്നാലെ മൂന്നാമനായി നായകന്‍ ബെന്‍ സ്റ്റോക്‌സായിരുന്നു (Ben Stokes) ക്രീസിലേക്കെത്തിയത്. ഇരുവരും ചേര്‍ന്ന് അനായാസം സ്കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ക്രാവ്ലി ആയിരുന്നു കൂടുതല്‍ അപകടകാരി.

76 പന്തില്‍ 73 റണ്‍സ് നേടിയ ക്രാവ്‌ലിയെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. നാലാമനായി ക്രീസിലെത്തിയ ജോ റൂട്ടിനെ (Joe Root) കൂട്ടുപിടിച്ച് സ്റ്റോക്‌സ് റണ്‍സ് കണ്ടെത്തുന്നത് തുടര്‍ന്നു. സ്‌കോര്‍ 213-ല്‍ നില്‍ക്കെ 67 പന്തില്‍ 42 റണ്‍സ് നേടിയ ഇംഗ്ലീഷ് നായകനെ ടോഡ് മര്‍ഫി മടക്കി.

സ്റ്റോക്‌സ്-റൂട്ട് സഖ്യം മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് കൊണ്ട് തിളങ്ങിയ ഹാരി ബ്രൂക്കിന് ഇപ്രാവശ്യം അതേപ്രകടനം ആവര്‍ത്തിക്കാനായില്ല. 7 റണ്‍സ് മാത്രമായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

പിന്നീട്, റൂട്ടിനൊപ്പം ബെയര്‍സ്റ്റോ ഒന്നിച്ചപ്പോള്‍ ഇംഗ്ലണ്ട് ടോപ്‌ ഗിയറിലേക്ക് മാറി. ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ കണക്കിന് തല്ലിയ ഇരുവരും അഞ്ചാം വിക്കറ്റില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 332ല്‍ നില്‍ക്കെ സെഞ്ച്വറിക്ക് 9 റണ്‍സ് അകലെ റൂട്ട് പുറത്തായി.

ടോഡ് മര്‍ഫി ആയിരുന്നു റൂട്ടിനെ പുറത്താക്കിയത്. 106 പന്തില്‍ 11 ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു ഇംഗ്ലീഷ് മുന്‍ നായകന്‍റെ ഇന്നിങ്‌സ്. സ്‌കോര്‍ 360-ല്‍ നില്‍ക്കെയാണ് ബെയര്‍സ്റ്റോയെ നഷ്‌ടമാകുന്നത്.

103 പന്തില്‍ 78 റണ്‍സായിരുന്നു ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ സമ്പാദ്യം. ഒരു റണ്‍സ് നേടിയ ക്രിസ് വോക്‌സിനെ ഇംഗ്ലണ്ടിന് അതിവേഗം നഷ്‌ടപ്പെട്ടു. പിന്നാലെ മൊയീന്‍ അലി (29), മാര്‍ക്ക് വുഡ് (9) എന്നിവരുടെയും വിക്കറ്റ് സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയക്ക് കഴിഞ്ഞിരുന്നു. നിലവില്‍, സ്റ്റുവര്‍ട്ട് ബ്രോഡ് (2), ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ക്രീസില്‍.

Also Read : Ashes 2023| ലബുഷെയ്‌നിന്‍റെ 'ബെയ്ല്‍സ് ഇളക്കി ബ്രോഡിന്‍റെ 'മൈന്‍ഡ് ഗെയിം''; തൊട്ടടുത്ത പന്തില്‍ ക്യാച്ച് - വീഡിയോ

ABOUT THE AUTHOR

...view details