കേരളം

kerala

"ഐപിഎല്‍ മികവാണോ ടെസ്റ്റ് ടീമിലെത്താനുള്ള എളുപ്പവഴി"; ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെതിരെ അഭിനവ് മുകുന്ദ്

By

Published : Jun 24, 2023, 12:46 PM IST

ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത ബിസിസിഐ സെലക്‌ടര്‍മാരുടെ നടപടി ചോദ്യം ചെയ്‌ത് അഭിനവ് മുകുന്ദ്.

Abhinav Mukund  Abhinav Mukund against BCCI Selectors  BCCI  ind vs wi  India vs west indies  india squad for west indies tour  indian premier league  അഭിനവ് മുകുന്ദ്  യശസ്വി ജയ്‌സ്വാൾ  റിതുരാജ് ഗെയ്‌ക്‌വാദ്  സർഫറാസ് ഖാൻ  yashasvi jaiswal  ruturaj gaikwad
ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെതിരെ അഭിനവ് മുകുന്ദ്

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് സജീവമായി നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും തോല്‍വി വഴങ്ങിയതിന് പിന്നാലെ ടീമില്‍ വമ്പന്‍ അഴിച്ചുപണികള്‍ നടക്കുന്നുവെന്ന സൂചനയുമായാണ് ടീം തെരഞ്ഞെടുപ്പുണ്ടായത്.

പുതിയ ടീം പ്രഖ്യാപനത്തെ അനുകൂലിച്ച് ചിലര്‍ രംഗത്ത് എത്തിയപ്പോള്‍ ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിനെ പലരും ചോദ്യം ചെയ്‌തുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്ന സർഫറാസ് ഖാൻ, അഭിമന്യു ഈശ്വരൻ തുടങ്ങിയ താരങ്ങളുടെ അഭാവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ പരിഗണിക്കാതെ ഐപിഎല്ലിന് മാത്രം ഊന്നല്‍ നല്‍കിയ സെലക്‌ടര്‍മാരുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ ബാറ്റർ അഭിനവ് മുകുന്ദ്.

" ഈ തെരഞ്ഞെടുപ്പ് രീതി മനസിലാക്കാൻ തനിക്ക് കഴിയുന്നില്ലെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. ഒരു ട്വീറ്റില്‍ ഒതുക്കാന്‍ കഴിയുന്നതിനേക്കാള്‍ ചിന്തകളാണ് എന്‍റെ തലയിലുള്ളത്. എന്നാൽ ഒരു യുവതാരത്തിന് ഇനി തന്‍റെ സംസ്ഥാനത്തിന് വേണ്ടി കളിക്കുന്നതിൽ അഭിമാനിക്കാൻ എന്താണ് പ്രചോദനമാവുക. തീർച്ചയായും, ഗ്രേഡ് ഉയർത്താൻ ഫ്രാഞ്ചൈസി റൂട്ടാണ് എളുപ്പ മാർഗം" - അഭിനവ് മുകുന്ദ് ട്വീറ്റ് ചെയ്തു. ഇന്ത്യയ്ക്കായി ഏഴ്‌ ടെസ്റ്റുകള്‍ കളിച്ച താരമാണ് അഭിനവ് മുകുന്ദ്.

യശസ്വി ജയ്‌സ്വാൾ, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവര്‍ക്കാണ് ഐ‌പി‌എല്ലിലെ മികച്ച സീസണിന് ശേഷം വെസ്റ്റ് ഇൻഡീസ് പര്യടനത്തിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയത്. ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി യശസ്വി ജയ്‌സ്വാളും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി റിതുരാജ് ഗെയ്‌ക്‌വാദും മികച്ച പ്രകടനം നടത്തിയെന്നത് നിഷേധിക്കാനാവില്ല. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ റെഡ് ബോള്‍ ടീമിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ യുക്തി പലരും ചോദ്യം ചെയ്യുന്നുണ്ട്.

ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം നടക്കുന്നത്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്. ടി20 പരമ്പരയ്‌ക്കുള്ള ടീമിനെ ബിസിസിഐ പിന്നീട് പ്രഖ്യാപിക്കും.

ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.

ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ.

ALSO READ: ' പുജാരയുടെ കഥ അവസാനിച്ചിട്ടില്ല', ആഞ്ഞുപിടിച്ചാല്‍ വാതില്‍ ഇനിയും തുറക്കും'; സൂചന നല്‍കി ബിസിസിഐ ഉന്നതന്‍

ABOUT THE AUTHOR

...view details