കേരളം

kerala

'കാരണം തര്‍ക്കം' ; വാരിയംകുന്നനില്‍ നിന്ന് പിന്‍മാറി ആഷിഖ് അബുവും പൃഥ്വിരാജും

By

Published : Sep 1, 2021, 6:17 PM IST

വാരിയം കുന്നന്‍ പ്രഖ്യാപിച്ചത് 2020 ജൂണില്‍ ; അന്ന് ഇരുവരും നേരിട്ടത് കടുത്ത സൈബര്‍ ആക്രമണം

Ashiq Abu And prithviraj Will not be Part of Film VariyamKunnan
'കാരണം തര്‍ക്കം' ; വാരിയംകുന്നനില്‍ നിന്ന് പിന്‍മാറി ആഷിഖ് അബുവും പൃഥ്വിരാജും

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ അനിഷേധ്യ പോരാട്ടങ്ങളും ആധാരമാക്കി ഒരുക്കുമെന്ന് പ്രഖ്യാപിച്ച സിനിമയില്‍ നിന്ന് പിന്‍മാറി സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും. നിര്‍മാതാവുമായുള്ള തര്‍ക്കമാണ് 'വാരിയംകുന്നനി'ല്‍ നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് ആഷിഖ് അബുവിന്‍റെ വിശദീകരണം.

നേരിട്ടത് കടുത്ത വിദ്വേഷപ്രചരണം

അതേസമയം സിനിമ പ്രഖ്യാപിച്ച വേളയിലേ ഇരുവര്‍ക്കുമെതിരെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് കടുത്ത സൈബര്‍ അധിക്ഷേപങ്ങളും വിദ്വേഷ പ്രചരണവുമുണ്ടായിരുന്നു. സിനിമ ഉപേക്ഷിച്ചതായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണമുണ്ടായി. ഇതിന് പിന്നാലെയാണ് സംവിധായകന്‍റെ പ്രതികരണം.

മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ച് 2020 ജൂണിലായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം. എന്നാല്‍ ഇതിന് ശേഷം ചിത്രം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് ചിത്രത്തില്‍ നിന്ന് നേരത്തേ പിന്‍മാറിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നേരത്തേ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് റമീസിന് പിന്‍വാങ്ങേണ്ടി വന്നത്.

സിക്കന്തര്‍, മൊയ്തീന്‍ എന്നിവര്‍ കോംപസ് മുവീസ് ലിമിറ്റഡിന്‍റെ ബാനറില്‍ സിനിമ നിര്‍മിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. ഒപ്പം ആഷിഖ് അബുവിന്‍റെ ഒപിഎം സിനിമാസും നിര്‍മാണ പങ്കാളിയായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

പ്രഖ്യാപിക്കപ്പെട്ടത് മൂന്ന് ചിത്രങ്ങള്‍

ഈ സിനിമ ഒരുക്കുന്നതിനെതിരായ വിദ്വേഷ പ്രചരണങ്ങള്‍ക്കിടെ, വാരിയംകുന്നന്‍റെ ജീവിതം അടിസ്ഥാനമാക്കി മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയം കുന്നന്‍, ഇബ്രാഹിം വേങ്ങരയുടെ ദി ഗ്രേറ്റ് വാരിയം കുന്നന്‍, അലി അക്ബറിന്‍റെ 1921 പുഴ മുതല്‍ പുഴ വരെ എന്നിവയാണ് ഇവ.

മമ ധര്‍മ എന്ന പേരിലുള്ള നിര്‍മാണ കമ്പനി രൂപീകരിച്ച് ക്രൗഡ് ഫണ്ടിങ്ങിലൂടെ അലി അക്ബര്‍ തന്‍റെ ചിത്രത്തിന്‍റെ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. അലി അക്ബറിന്‍റെ ചിത്രത്തില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനായാണ് അവതരിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details