കേരളം

kerala

പ്രൗഢഗംഭീരം; ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരശീല ഉയര്‍ന്നു

By

Published : Nov 20, 2019, 7:44 PM IST

ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു. സുവര്‍ണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ രജനീകാന്തിനെ ചടങ്ങില്‍ ആദരിച്ചു

പ്രൗഢസദസില്‍ ഗോവ രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരശീല ഉയര്‍ന്നു; തിരിതെളിച്ച് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ സുവര്‍ണ ജൂബിലി പതിപ്പിന് പ്രൗഢോജ്വലമായ തുടക്കം. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു. സുവര്‍ണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ രജനീകാന്തിനെ ചടങ്ങില്‍ ആദരിച്ചു. ഐഎഫ്‌എഫ്‌ഐ 2019ലെ ഗോള്‍ഡന്‍ ജൂബിലി ഐക്കണ്‍ പുരസ്‌കാരമാണ് സൂപ്പര്‍താരത്തിന് നല്‍കിയത്. പുരസ്കാരം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെയും അമിതാഭ് ബച്ചന്‍റെയും മറ്റ് വിശിഷ്ടവ്യക്തികളുടെയും സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ കൈമാറി.

'ഗോള്‍ഡന്‍ ജൂബിലി ഐക്കണ്‍ പുരസ്‌കാരത്തിന് അര്‍ഹനായതില്‍ താന്‍ സന്തോഷവാനാണ്. 44 വര്‍ഷം നീണ്ട അഭിനയ ജീവിതത്തിന്‍റെ ഭാഗമായിരുന്ന എല്ലാ സംവിധായകർക്കും നിർമാതാക്കൾക്കും അഭിനേതാക്കൾക്കും സാങ്കേതിക വിദഗ്ധർക്കും ആരാധകര്‍ക്കും അവാർഡ് സമർപ്പിക്കുന്നു' പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് നടന്‍ രജനീകാന്ത് പറഞ്ഞു. ഫ്രഞ്ച് താരം ഇസബെല്ല ഹുപ്പെര്‍ട്ടിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം നല്‍കിയത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു ഉദ്ഘാടന ചടങ്ങിന്‍റെ അവതാരകന്‍. ഉദ്ഘാടന ചടങ്ങിന് ശേഷം ശങ്കര്‍ മഹാദേവന്‍ നയിച്ച സംഗീത വിരുന്നും അരങ്ങേറി. ഇറ്റാലിയന്‍ സംവിധായകന്‍ ഗോരന്‍ പാസ്‌കല്‍ജെവിക്കിന്‍റെ ഡെസ്‌പൈറ്റ് ദി ഫോഗാണ് മേളയില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്.

ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായി ഗുജറാത്തി സംവിധായകന്‍ അഭിഷേക് ഷായുടെ ഹെല്ലാരോ വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കും. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ കശ്മീരില്‍ നിന്നുളള നൂറയാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. 76 രാജ്യങ്ങളില്‍ നിന്നായി 200ല്‍ അധികം സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ പനോരമയിലേക്ക് 41 ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫീച്ചര്‍ വിഭാഗത്തിലേക്ക് 26 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 15 ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ നിന്നും ഉയരെ, കോളാമ്പി, ഇരവിലും പകലിലും ഒടിയന്‍, ശബ്ദിക്കുന്ന കലപ്പ തുടങ്ങിയവയാണ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക.

സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍. നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാനായി രാജേന്ദ്ര ജംഗ്ളിയും എത്തുന്നു. ചലച്ചിത്ര മേളയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സോള്‍ ഓഫ് എഷ്യ എന്ന സെക്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നുളള പരിവര്‍ത്തനാത്മകമായ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ചൈന, ജപ്പാന്‍, ശ്രീലങ്ക, സിംഗപ്പൂര്‍, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള ചിത്രങ്ങള്‍ ഈ സെക്ഷനില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ അമ്പത് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഇത്തവണ ചലച്ചിത്ര മേളയില്‍ ഉണ്ടാകും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വനിതാ സംവിധായകരുടെ 50 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

Intro:Body:Conclusion:

ABOUT THE AUTHOR

...view details